Loading ...

Home sports

രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ ; ത്രില്ലറിനൊടുവില്‍ ടോട്ടന്‍ഹാം ഫൈനലില്‍

ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്നതിന് ശേഷം രണ്ടാം പകുതിയില്‍ 3 ഗോള്‍ തിരിച്ചടിച്ച ടോട്ടന്‍ഹാം ഹോട്സ്പര്‍, അയാക്സിനെ കീഴടക്കി ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍. ഇരു പാദങ്ങളിലുമായി സ്കോര്‍ 3-3 എന്ന നിലയില്‍ തുല്യതയിലായെങ്കിലും എവേ ഗോളുകളുടെ മുന്‍ തൂക്കത്തിലാണ് ടോട്ടനത്തിന്റെ ഫൈനല്‍ പ്രവേശം. ആവേശപ്പോരാട്ടത്തിന്റെ 96-ം മിനുറ്റില്‍ ടോട്ടനം നേടിയ ഗോളാണ് അവരെ ഫൈനലിലെത്തിച്ചത്. ഹാട്രിക്ക് നേടിയ ലൂക്കാസ് മോറയാണ്‌ ടോട്ടനത്തിന്റെ വിജയശില്പി. സീസണിലെ മിന്നും ഫോം തുടര്‍ന്ന അയാക്സ് തന്നെയായിരുന്നു രണ്ടാം പാദ സെമിയുടെ തുടക്കത്തിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. അഞ്ചാം മിനുറ്റില്‍ ഡി ലൈറ്റിന്റെ ഗോളില്‍ മുന്നിലെത്തിയ അവര്‍, മുപ്പത്തിയഞ്ചാം മിനുറ്റില്‍ ഹക്കിം സിയച്ചിലൂടെ ഗോള്‍ ലീഡുയര്‍ത്തി. രണ്ട് ഗോളുകള്‍ക്ക് പിന്നിലായിട്ടാണ് ടോട്ടനം കളിയുടെ ആദ്യ പകുതിക്ക് പിരിഞ്ഞത്. വര്‍ധിത വീര്യത്തോടെയാണ് ടോട്ടനം രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയത്. അന്‍പത്തിയഞ്ചാം മിനുറ്റിലും, അന്‍പത്തിയൊന്‍പതാം മിനുറ്റിലും ലൂക്കാസ് മോറ നേടിയ ഗോളില്‍ ടോട്ടനം മത്സരത്തില്‍ ഒപ്പമെത്തി. മത്സരം തുല്യ സ്കോറിലായതോടെ ഇരു ടീമുകളും കൂടുതല്‍ ആക്രമിച്ച്‌ കളിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഇരു ടീമുകള്‍ക്കും ലഭിച്ച സുവര്‍ണാവസരങ്ങള്‍ തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്. 96-ം മിനുറ്റില്‍, മത്സരം അവസാനിക്കുമെന്ന് ഉറപ്പിച്ചിരുന്നപ്പോളായിരുന്നു മോറയുടെ മൂന്നാം ഗോള്‍ പിറന്നത്. മത്സരത്തില്‍ ടോട്ടനം 3-2 ന് മുന്നില്‍. ഇരുപാദങ്ങളിലുമായി 3-3 എന്ന‌നിലയില്‍ സ്കോര്‍ തുല്യതയിലായെങ്കിലും എവേ ഗോളിന്റെ മുന്‍ തൂക്കത്തില്‍ ടോട്ടന്‍ഹാം ഫൈനലിലേക്കും. ലിവര്‍പൂളാണ് കലാശപ്പോരാട്ടത്തില്‍ ടോട്ടനത്തിന്റെ എതിരാളികള്‍.

Related News