Loading ...

Home sports

ഇൻഡോർ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 22 റൺസ് വിജയം

ഇൻഡോർ ∙ ഇൻഡോറിലെ ഭാഗ്യ മൈതാനത്ത് വിജയക്കുതിപ്പു തുടർന്ന് ഇന്ത്യ. നാലു വർഷങ്ങൾക്ക് ശേഷം ഇൻഡോറിൽ നടന്ന രാജ്യാന്തര മൽസരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തത് 22 റൺസിന്. സെഞ്ചുറിയോളം പോന്നൊരു അർധസെഞ്ചുറിയുമായി ബാറ്റിങ്ങിലും കിറുകൃത്യം ബോളിങ് മാറ്റങ്ങളിലൂടെയും ഫീൽഡിങ് ക്രമീകരണങ്ങളിലൂടെയും ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ പിടിച്ചു കെട്ടിയ തന്ത്രങ്ങളിലൂടെ മുന്നിൽ നിന്ന് പട നയിച്ച നായകൻ ധോണിയാണ് കളിയിലെ കേമൻ. വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 1–1ന് ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമെത്തി. കാൺപൂരിൽ നടന്ന ആദ്യ മൽസരത്തിൽ അഞ്ചു റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.സ്കോർ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 247. ദക്ഷിണാഫ്രിക്ക 43.4 ഓവറിൽ 225 റൺസിന് പുറത്ത്. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാറും അക്ഷർ പട്ടേലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യൻ ഫീൽഡിങ്ങിൽ മൂന്നു കിടിലൻ ക്യാച്ചുകളുമായി തിളങ്ങിയ ഉപനായകൻ വിരാട് കോഹ‌്‌ലിയും സാന്നിധ്യമറിയിച്ചു.

India v South Africa
ബാറ്റിങ് വിക്കറ്റെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന ഇൻഡോർ മൈതാനത്ത് ഇന്ത്യയുയർത്തിയ 248 എന്ന താരതമ്യേന ദുർബലമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയുടേത് തകർപ്പൻ തുടക്കമായിരുന്നു. 23.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. മികച്ച ഇന്നിങ്സുകളുമായി നങ്കൂരമിട്ടു നിൽക്കുകയായിരുന്ന ഡുമിനിയെ 24–ാം ഓവറിലും ഡുപ്ലെസിയെ 26–ാം ഓവറിലും പുറത്താക്കിയ അക്ഷർ പട്ടേലാണ് ഇന്ത്യയെ മൽസരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.ദക്ഷിണാഫ്രിക്കയ്ക്കായി ഡുപ്ലേസി അർധസെഞ്ചുറി (51) നേടി. ഡികോക്ക് (34), ഡുമിനി (36), ഡിവില്ലിയേഴ്സ് (19), അംല (17) ബെഹാർദിയൻ (18), റബഡ (19) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മറ്റു പ്രധാന സ്കോറർമാർ. താഹിർ ഒൻപതും മോണി മോർക്കൽ നാലും മില്ലർ റണ്ണൊന്നുമെടുക്കാതെയും പുറത്തായി. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, അക്ഷർ പട്ടേൽ എന്നിവർ മൂന്നും ഹർഭജൻ രണ്ടും ഉമേഷ് യാദവ്, മോഹിത് ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.നേരത്തെ, ആദ്യ മൽസരത്തിലെ ബാറ്റിങ് മെല്ലെപ്പോക്കിന് കടുത്ത വിമർശനം നേരിട്ട നായകൻ മഹേന്ദ്ര സിങ് ധോണി പൊരുതി നേടിയ സെഞ്ചുറിയോളം വിലയുള്ള അർധസെഞ്ചുറി (പുറത്താകാതെ 92) കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. ഉത്തരവാദിത്തരഹിതമായ ബാറ്റിങ്ങിലൂടെയും അലക്ഷ്യമായി വിക്കറ്റുകൾ വലിച്ചെറിഞ്ഞും മുൻനിരയും മധ്യനിരയും സൃഷ്ടിച്ച പ്രതിസന്ധിക്ക് വാലറ്റത്തെ കൂട്ടുപിടിച്ചാണ് ധോണി പരിഹാരം കണ്ടത്. ധോണിക്ക് പുറമെ അജിങ്ക്യ രഹാനെയും (51) അർധസെഞ്ചുറി നേടി. റബഡയെറിഞ്ഞ അവസാന ഓവറിൽ ധോണിക്ക് സെഞ്ചുറി കുറിക്കുന്നതിന് അവസരമുണ്ടായിരുന്നെങ്കിലും ആദ്യ അഞ്ചു ബോളുകളിലും റൺസെടുക്കാൻ ധോണിക്കായില്ല. ഒടുവിൽ ഇന്നിങ്സിലെ അവസാന പന്ത് സിക്സിന് പറത്തിയാണ് ധോണി വ്യക്തിഗത സ്കോർ 92ൽ എത്തിച്ചത്.
India v South Africa
ഏഴാം വിക്കറ്റിൽ ഭുവനേശ്വർ കുമാറിനൊപ്പം 41 റൺസിന്റെ കൂട്ടുകെട്ട് തീർത്ത ധോണി എട്ടാം വിക്കറ്റിൽ ഹർഭജൻ സിങ്ങിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും (56) തീർത്താണ് ഇന്ത്യയെ 249ൽ എത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ‍ഡെയ്ൽ സ്റ്റെയിൻ 10 ഓവറിൽ 49 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മികച്ച കൂട്ടുകെട്ടുകൾ തീർക്കുന്നതിൽ പരാജയപ്പെട്ട ഇന്ത്യയുടെ മുൻനിര, മധ്യനിര ബാറ്റ്സ്മാൻമാരും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കണ്ടെത്തിയ ദക്ഷിണാഫ്രിക്കൻ ബോളർമാരുമാണ് ഇന്ത്യയെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്. മൽസരത്തിലാകെ രണ്ടു അർധസെഞ്ചുറി കൂട്ടുകെട്ട് മാത്രമാണ് ഇന്ത്യയ്ക്ക് സൃഷ്ടിക്കാനായത്. ഇവിടെ നടന്ന അവസാന മൽസരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ സെവാഗിന്റെ ഇരട്ടസെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ 400 റൺസിന് മുകളിൽ സ്കോർ ചെയ്തിരുന്നു.‌

Related News