Loading ...

Home National

അസാധാരണ നീക്കവുമായി പ്രതിപക്ഷം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം തേടി പ്രതിപക്ഷം രാഷ്ട്രപതിയെ കാണും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബി.ജെ.പിയെ തളയ്‌ക്കാന്‍ അസാധാരണ നീക്കവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുന്ന പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കരുതെന്നും മറിച്ച്‌ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാനാണ് നീക്കം. വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയായ ഉടന്‍ തന്നെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സന്നദ്ധത അറിയിച്ച്‌ രാഷ്ട്രപതിയെ കാണുമെന്നാണ് വിവരം. അതേസമയം, പ്രതിപക്ഷത്തിന്റെ നീക്കം അസാധാരണമെന്നാണ് വിലയിരുത്തല്‍. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ ഇതിന് പകരം പ്രാദേശിക പാര്‍ട്ടികളുടെ സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബദല്‍ സര്‍ക്കാരുണ്ടാക്കാനുള്ള സമ്മതം അറിയിച്ച്‌ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്ത് നല്‍കാന്‍ അവസരം വേണമെന്നും ഇവര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടും. 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ സര്‍ക്കാരുണ്ടാക്കാന്‍ 272 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. 2014ല്‍ ഒറ്റയ്‌ക്ക് 282 സീറ്റുകള്‍ നേടിയ ബി.ജെ.പി സഖ്യകക്ഷികളുടെ സഹായത്തോടെ 336 അംഗങ്ങളുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടിക്ക് ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം ലഭിച്ചത്. എന്നാല്‍ ഇത്തവണ 2014ലെ പ്രകടനം ആവര്‍ത്തിക്കാനാവില്ലെന്ന് ബി.ജെ.പി നേതൃത്വം തന്നെ സമ്മതിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രാദേശിക പാര്‍ട്ടികളെ സമീപിക്കുമെന്ന് ബി.ജെ.പി നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് കോണ്‍ഗ്രസ്, ബി.ജെ.പി ഇതര മൂന്നാം മുന്നണിയുണ്ടാക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്.

Related News