Loading ...

Home National

ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ അസാധാരണ നീക്കവുമായി പ്രതിപക്ഷം; തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രപതിയെ കാണും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ രണ്ടു ഘട്ടങ്ങള്‍ മാത്രം ശേഷിക്കേ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ അസാധാരണ നീക്കവുമായി പ്രതിപക്ഷം. ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നത് ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെടാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുങ്ങുന്നത്. ബദല്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ച്‌ ബിജെപിയെ എതിര്‍ക്കുന്ന 21 പാര്‍ട്ടികള്‍ ഒപ്പുവച്ച കത്ത് രാഷ്ട്രപതിക്ക് നല്‍കാനാണ് തീരുമാനം. പ്രാദേശിക പാര്‍ട്ടികളെയും സഖ്യങ്ങളെയും ഭിന്നിപ്പിക്കുന്നതിന് ഏറ്റവും വലിയ ഒറ്റകക്ഷിക്ക് പ്രസിഡന്റ് അവസരം നല്‍കുന്നത് ഒഴിവാക്കുകയാണ് ഈ അസാധാരണ നീക്കത്തിന് പിന്നില്‍. 543 അംഗ സഭയില്‍ 272 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് 282 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഇത്തവണ തൂക്ക് പാര്‍ലമെന്റായിരിക്കുമെന്നാണ് വിലയിരുത്തല്‍. 1998ല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും മുമ്ബ് പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കാന്‍ അന്നത്തെ പ്രസിഡന്റ് കെ ആര്‍ നാരായണന്‍ അടല്‍ ബിഹാരി വാജ്‌പേയിയോട് ആവശ്യപ്പെട്ടിരുന്നു. അന്ന് ബിജെപിക്ക് ഒറ്റയ്ക്ക് 178 സീറ്റും സഖ്യത്തിന് 252 സീറ്റുകളുമാണ് ലഭിച്ചത്. 20 മാസത്തിന് ശേഷം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഒരു വോട്ടിന് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മണിപ്പൂര്‍, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഏറ്റവും വലിയ ഒറ്റക്കക്ഷിയെ വിളിക്കണോ ഏറ്റവും വലിയ സഖ്യത്തെ വിളിക്കണോ എന്ന കാര്യത്തിലുള്ള തര്‍ക്കം വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഔപചാരിക സഖ്യമില്ലെങ്കിലും 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയെ അകറ്റി നിര്‍ത്തണമെന്ന കാര്യത്തില്‍ യോജിപ്പിലാണ്. ഇതിനിടയില്‍ തന്നെ മറ്റു ചില സഖ്യസാധ്യതകള്‍ക്കുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിതര, ബിജെപിയിതര മുന്നണി രൂപീകരിക്കാനുള്ള ശ്രമമാണ് അതില്‍ പ്രധാനം.

Related News