Loading ...

Home sports

ലിവര്‍പൂള്‍ നിറഞ്ഞാടിയ രാത്രി ; ബാഴ്സലോണയ്ക്ക് കണ്ണീര്‍ മാത്രം

ആദ്യ പാദത്തിലെ മൂന്ന് ഗോള്‍ കടവുമായി യുവേഫ ചാമ്ബ്യന്‍സ് ലീഗിന്റെ രണ്ടാംപാദ സെമിയില്‍ ബാഴ്സലോണയെ നേരിട്ട ലിവര്‍പൂള്‍ എതിരാളികളെ മറുപടിയില്ലാത്ത 4 ഗോളിന് തകര്‍ത്ത് ഫൈനലിലെത്തി. ഇരുപാദങ്ങളിലുമായി 4-3 എന്ന ഗോള്‍നിലയിലാണ് ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശം. സൂപ്പര്‍ താരങ്ങളായ മൊഹമ്മദ് സലയും, ഫിര്‍മീന്യോയും ഇല്ലാതെ കളിക്കാനിറങ്ങിയാണ് ലിവര്‍പൂളിന്റെ അവിസ്മരണീയ വിജയം. ഒറിജിയുടേയും, വിനാള്‍ഡത്തിന്റേയും ഇരട്ട ഗോളുകളാണ് ബാഴ്സലോണയ്ക്ക് ആന്‍ഫീല്‍ഡില്‍ കണ്ണീര്‍ സമ്മാനിച്ചത്. ആക്രമണ ഫുട്ബോളായിരുന്നു ലിവര്‍പൂള്‍ മത്സരത്തിന്റെ തുടക്കം മുതല്‍ പുറത്തെടുത്തത്. ഏഴാം മിനുറ്റില്‍ ഇതിന് ആദ്യ ഫലം ലഭിച്ചു. ഒറിജിയിലൂടെ ലിവര്‍പൂള്‍ മത്സരത്തില്‍ മുന്നില്‍. ആദ്യ പകുതി അവസാനിക്കുമ്ബോള്‍ ലിവര്‍പൂള്‍ 1-0 ന് തന്നെ മുന്നിട്ട് നിന്നു. രണ്ടാം പകുതി ആരംഭിച്ച്‌ 9 മിനുറ്റുകള്‍ ആയപ്പോളേക്കും പകരക്കാരനായിറങ്ങിയ വിനാള്‍ഡത്തിന്റെ ഗോള്‍ ലിവര്‍പൂളിന്റെ ഗോള്‍ ലീഡുയര്‍ത്തി. രണ്ട് മിനുറ്റുകള്‍ക്ക് ശേഷം വിനാള്‍ഡം തന്നെ നേടിയ ഗോളില്‍ ലിവര്‍പൂള്‍ 3-0 ന് മുന്നിലെത്തിയപ്പോള്‍ ബാഴ്സ ആരാധകര്‍ ഞെട്ടി. എന്നാല്‍ ഇതിനിടയിലും ബാഴ്സലോണയ്ക്ക് സ്വതന്ത്ര്യമായി ഒരു മുന്നേറ്റം നടത്താനുള്ള അവസരം പോലും ലിവര്‍പൂള്‍ നല്‍കിയില്ല. എഴുപത്തിയൊന്‍പതാം മിനുറ്റില്‍ ചരിത്ര വിജയത്തിലേക്ക് ലിവര്‍പൂളിനെ നയിച്ച ഗോള്‍ പിറന്നു. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്തില്‍ ഒറിജി തൊടുത്ത ഷോട്ട് ലിവര്‍പൂളിനെ മത്സരത്തില്‍ 4-0 ന് മുന്നിലെത്തിച്ചു. ബാക്കിയുള്ള സമയത്തും ബാഴ്സയ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയാതിരുന്നതോടെ ഇരുപാദങ്ങളിലുമായി 4-3 ന്റെ മുന്‍ തൂക്കവുമായി ലിവര്‍പൂള്‍ ഫൈനലിലേക്ക്.

Related News