Loading ...

Home sports

ഐ.പി.എല്‍: ജീവന്‍മരണ പോരാട്ടം; തോറ്റാല്‍ പുറത്ത്, എലിമിനേറ്ററില്‍ ഡല്‍ഹിയും ഹൈദരാബാദും മുഖാമുഖം

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും മുഖാമുഖം. തോല്‍ക്കുന്ന ടീം പുറത്തുപോകുമെന്നതിനാല്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. ജയിക്കുന്ന ടീമിന് ഒരു കടമ്ബകൂടിയുണ്ട്. ആദ്യ യോഗ്യതാ മത്സരത്തില്‍ മുംബൈയോട് തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയാല്‍ മാത്രമെ ഫൈനലില്‍ പ്രവേശിക്കാനാവു. റിക്കി പോണ്ടിങും സൗരവ് ഗാംഗുലിയും തന്ത്രങ്ങളോതുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന പഴയ പേര് മാറ്റിയെത്തിയതോടെ ടീമിന്റെ തലവരയും തെളിഞ്ഞു. യുവനിരയിലാണ് ടീമിന്റെ പ്രതീക്ഷ. ബാറ്റിങ്ങില്‍ സ്ഥിരതയില്ലാത്തത് ടീമിന് തലവേദന സൃഷ്ടിക്കുന്നു. മറുവശത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ശക്തമായ നിരയാണ്. മുംബൈ ഇന്ത്യന്‍സിനോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തോറ്റതോടെയാണ് ഹൈദരാബാദിന് പ്ലേ ഓഫ് ടിക്കറ്റ് കിട്ടിയത്. തുല്യ ശക്തികളെന്ന് വിശേഷിപ്പിക്കാവുന്ന ഇരു ടീമും മുഖാമുഖം എത്തുമ്ബോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. ഉദിച്ചുയരാന്‍ ഹൈദരാബാദ്വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങിയത് ഹൈദരാബാദിന് തിരിച്ചടിയായി. ഈ സീസണില്‍ എട്ട് അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത താരം ദേശീയ ടീമിലേക്ക് മടങ്ങുകയായിരുന്നു. ഓപ്പണിങ്ങില്‍ വൃദ്ധിമാന്‍ സാഹയും മാര്‍ട്ടിന്‍ ഗുപ്റ്റിലും തരക്കേടില്ലാതെ കളിക്കുന്നുണ്ട്. മോശം ഫോമിലായിരുന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഫോം വീണ്ടെടുത്തതും ഹൈദരാബാദിന് തുണയായി. മനീഷ് പാണ്ഡെയും തരക്കേടില്ലെങ്കിലും മദ്ധ്യനിര നിരാശപ്പെടുത്തുന്നു. വിജയ് ശങ്കര്‍,യൂസഫ് പഠാന്‍ എന്നിവര്‍ക്ക് താളം കണ്ടെത്താന്‍ സാധിക്കുന്നില്ല. മുഹമ്മദ് നബി അവസാന ഓവറുകളില്‍ നടത്തുന്ന ബാറ്റിങ് വെടിക്കെട്ടില്‍ ടീം പ്രതീക്ഷവെയ്ക്കുന്നു. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബൗളിങ് ശക്തം. ഖലീല്‍ അഹമ്മദ് വിക്കറ്റ് നേടുന്നതില്‍ മികവ് കാട്ടുന്നു. സിദ്ധാര്‍ത്ഥ് കൗള്‍,സന്ദീപ് ശര്‍മ,ബേസില്‍ തമ്ബി എന്നിവരും പേസ് കരുത്ത് പകരാന്‍ ടീമിനൊപ്പമുണ്ട്. റാഷിദ് ഖാന്റെയും ഷക്കീബ് അല്‍ഹസന്റെയും ഓള്‍റൗണ്ട് പ്രകടനവും ടീമിന് നിര്‍ണ്ണായകമാവും.


പ്രതീക്ഷയോടെ ഡല്‍ഹിയുവനിരയിലാണ് പ്രതീക്ഷ. ഓപ്പണിങ്ങില്‍ പൃഥ്വി ഷായ്ക്ക് ഫോം കണ്ടെത്താന്‍ സാധിക്കുന്നില്ല. എന്നാല്‍ സീനിയര്‍ താരം ശിഖര്‍ ധവാന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മികവുറ്റ പ്രകടനമാണ് പുറത്തെടുക്കുന്നത്. മദ്ധ്യനിരയില്‍ റിഷഭ് പന്തിന്റെ വെടിക്കെട്ടും ടീമിന് ശക്തി പകരുന്നു. കോളിന്‍ ഇന്‍ഗ്രാമിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിട്ടില്ല. അക്‌സര്‍ പട്ടേല്‍,ക്രിസ് മോറിസ് എന്നീ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനം ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായകമാവും. ബൗളിങ്ങില്‍ കഗിസോ റബാദയുടെ അഭാവം ടീമിന് തിരിച്ചടിയാവും. എന്നാല്‍ ഇഷാന്ത് ശര്‍മയും ട്രന്റ്‌ബോള്‍ട്ടും തകര്‍പ്പന്‍ ബൗളിങ് പുറത്തെടുക്കുന്നുണ്ട്. അമിത് മിശ്രയുടെ സ്പിന്‍കെണി ഹൈദരാബാദിന് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.


കണക്കില്‍ ഹൈദരാബാദ് മുന്നില്‍ഇതുവരെ 14 തവണ ഏറ്റുമുട്ടിയപ്പോള്‍ ഒമ്ബത് തവണയും ജയം ഹൈദരാബാദിനായിരുന്നു. അഞ്ച് തവണ ഡല്‍ഹിയും ജയിച്ചു. വിശാഖപട്ടണത്ത് ഒരു തവണ മാത്രമാണ് ഇരുകൂട്ടും ഏറ്റുമുട്ടിയത്. അന്ന് ജയം ഡല്‍ഹിക്കായിരുന്നു.

Related News