Loading ...

Home sports

ബാംഗ്ലൂര്‍ പരിശീലകനാവാന്‍ തയ്യാറെന്ന് ഇതിഹാസ താരം ; ആരാധകരും ആവേശത്തില്‍

ഈ സീസണ്‍ ഐപിഎല്ലില്‍ നിരാശാജനകമായ പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കാഴ്ച വെച്ചത്‌. 14 മത്സരങ്ങളില്‍ അഞ്ചെണ്ണം മാത്രം വിജയിച്ച അവര്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. ഇത് തുടര്‍ച്ചയായ മൂന്നാം സീസണിലാണ് ബാംഗ്ലൂര്‍ പ്ലേ ഓഫിലെത്താതെ ഐപിഎല്ലില്‍ നിന്ന് മടങ്ങുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും, 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്ബോള്‍ പരിശീലകനുമായിരുന്ന ഗാരികിര്‍സ്റ്റണായിരുന്നു ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലകന്‍. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് അടുത്ത സീസണില്‍ അദ്ദേഹം പരിശീലക സ്ഥാനത്ത് നിന്ന് പിന്മാറിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇതിനിടയില്‍ ഇപ്പോളിതാ താന്‍ ബാംഗ്ലൂരിന്റെ പരിശീലകനാവാന്‍ തയ്യാറാണെന്ന് അറിയിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ഹെര്‍ഷല്‍ ഗിബ്സ്. ട്വിറ്ററിലൂടെയായിരുന്നു ഗിബ്സ് ഇക്കാര്യം അറിയിച്ചത്. ബാംഗ്ലൂര്‍ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തയാണിത്. വരും സീസണില്‍ ഗിബ്സ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തണമെന്ന് ഭൂരിഭാഗം ബാംഗ്ലൂര്‍ ആരാധകരും അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യത്തില്‍ മാനേജ്മെന്റിന്റെ അഭിപ്രായം എന്താണെന്നറിയാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ഇപ്പോള്‍ ബാംഗ്ലൂര്‍ ആരാധകര്‍.

Related News