Loading ...

Home Business

ബെൻസ് കാറിന്റെ തലവര മാറ്റിയ പരീക്ഷണം; പിന്നിൽ മലയാളി യുവാവ് - by ഉല്ലാസ് ഇലങ്കത്ത്

മെഴ്സഡിസ് ബെൻസ് കാറുകളുടെ എഞ്ചിന്റെ പ്രവർത്തനക്ഷമതാ കാലാവധി നിർമ്മാണഘട്ടത്തിൽ തന്നെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യയുമായി മലയാളി യുവാവ്. കൊല്ലം സ്വദേശിയായ സുനയർ ഇമാമാണ് ജർമ്മനിയിലെ ഡോട്മുണ്ട് യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ വാഹനരംഗത്ത് ശ്രദ്ധേയമായ കണ്ടെത്തൽ ന‌ടത്തിയത്. എഞ്ചിന്റെ കാലാവധി മനസിലാക്കാനുള്ള സമയപരിധി പത്തുവർഷത്തിൽ നിന്നും 40 ദിവസമായി ചുരുങ്ങിയെന്നതാണ് നേട്ടം. കാർ നിർമ്മാതാക്കളായ ഫോക്സ് വാഗൻ അടക്കമുള്ളവർ സാങ്കേതികവിദ്യയിൽ താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
∙ചരിത്രമായി മാറിയ കണ്ടുപിടുത്തം

തങ്ങൾ നിർമ്മിക്കുന്ന എ‍ഞ്ചിന് ആറു ലക്ഷം കിലോമീറ്റർവരെ കാലാവധിയുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിലും എൽവി124 സ്റ്റാൻഡേർഡ്(യൂറോപ്യൻ സ്റ്റാൻഡേഡ്)അനുസരിച്ച് അതു ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാതെ‌ വലഞ്ഞിരിക്കുകയായിരുന്നു വമ്പർകാർ നിർമ്മാക്കളായ ബെൻസ്. നിർമ്മാണഘട്ടത്തിൽ തന്നെ എഞ്ചിൻ കാലാവധി ടെസ്റ്റ് ചെയ്യുന്നതിനുള്ള ശാസ്ത്രീയ സംവിധാനം ഇല്ലാത്തതായിരുന്നു കാരണം. ഇക്കാരണത്താൽ 2,40,000 കിലോമീറ്ററാണ് മെഴ്സഡിസ് ബെൻസ് കാറുകളുടെ എഞ്ചിന്റെ പ്രവർത്തനക്ഷമതാ കാലാവധിയായി കമ്പനി പറഞ്ഞിരുന്നത്.ഈ പ്രശ്നം മറികടക്കാൻ വാഹനനിർമ്മാതാക്കൾ പലവഴികൾ നോക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു. വാഹനം ഓടിച്ച് എഞ്ചിന്റെ കാലാവധി തീരുമാനിക്കാമെന്നുവച്ചാൽ അതും പ്രായോഗികമായിരുന്നില്ല. 6,00,000 കിലോമീറ്ററെന്ന എഞ്ചിന്റെ പ്രവർത്തനക്ഷമതാ കാലാവധി തെളിയിക്കാൻ 10 വർഷം മുതൽ 15 വർഷംവരെയെടുക്കും. ദീർഘനാൾ ഉപയോഗിച്ച് വാഹനത്തിന്റ എഞ്ചിന്റെ ആയുസ് ഉപയോക്താക്കളെ ബോധ്യപ്പെടുത്തുന്നത് അപ്രായോഗികമായ അവസ്ഥയിലാണ് കമ്പനി ഇത്തരമൊരു പ്രോജക്ടുമായി മുന്നോട്ടുവരുന്നത്. ബെൻസിന്റെ അഭിമുഖ പരീക്ഷ വിജയിച്ച സുനയർ പ്രോജക്ടിന്റെ ഭാഗമായി. കാറിന്റെ എഞ്ചിൻ 10 മുതൽ 15 വർഷംവരെ ഉപയോഗിക്കുമ്പോഴുള്ള തേയ്മാനം ക്രമീകരിച്ച് 30 മുതൽ 40 ദിവസങ്ങൾക്കുള്ളിൽ ടെസ്റ്റിങ്ങിന് സജ്ജമാക്കുന്ന സാങ്കേതിക വിദ്യയാണ് സുനയർ കണ്ടെത്തിയത്.

∙പുതിയ പരീക്ഷണത്തിലേക്ക്

ചിലവുകുറഞ്ഞ സാങ്കേതികവിദ്യയായിരുന്നു സുനയറിന്റെ ലക്ഷ്യം. എഞ്ചിനിലെ പ്രധാനഭാഗമായ ഇജിആർ(Exhaust Gas Recerculation System) ആണ് ആദ്യം പരിശോധിച്ചത്. എഞ്ചിൻ പുറംതള്ളുന്ന മാലിന്യങ്ങളെ നിയന്ത്രിക്കുന്ന ഭാഗമാണിത്(ഇജിആർ മികച്ചതായാൽ പരിസ്ഥിതിമലിനീകരണമില്ലാത്ത മികച്ച കാറുകൾ പുറത്തിറക്കാം). ബെൻസിന്റെ ജർമ്മൻ ടാക്സികൾ ആറു ലക്ഷത്തിലധികം കിലോമീറ്റർ ഓടുന്നത് എങ്ങനെയെന്നായിരുന്നു ആദ്യം ശ്രദ്ധിച്ചത്. ഇതിലെ ഇജിആർ സംവിധാനവും നിരീക്ഷിച്ചു. പരീക്ഷണത്തിന് വിധേയമാക്കിയ എഞ്ചിനിലെ ഇജിആറിൽ ഒരു ഘ‌ടകത്തിൽ ചോർച്ചയുണ്ടാകുന്നതായി കണ്ടെത്തി. പല പരീക്ഷണങ്ങളും മാറിമാറി ചെയ്തു. ചില ഘടകങ്ങളിൽ മാറ്റങ്ങൾ വരുത്തിയതോടെ ലാബിലെ പരീക്ഷണവും റോഡ് ടെസ്റ്റും തമ്മിലുള്ള അന്തരം കുറയ്ക്കാനായി. അതായത് പത്തു വർഷമെടുത്തു റോഡിൽ ചെയ്തിരുന്ന എഞ്ചിൻ പരീക്ഷണം ഇനിമുതൽ നാൽപ്പതു മിനിട്ടുകൊണ്ട് ഫാക്ടറിയിൽ ചെയ്യാം. സ്ഥലവും കുറച്ചുമതി.

∙ഫാത്തിമമാതാ കോളേജിൽ നിന്നും ജർമ്മനിയിലേക്ക്

കൊല്ലം മുണ്ടയ്ക്കൽ വയലിൽവീട്ടിൽ ഇമാമുദ്ദിന്റെയും സുബൈദയുടെയും മകനായ സുനയർ കൊല്ലം ഫാത്തിമമാതാ കോളേജിൽ ബികോം പഠനം പൂർത്തിയാക്കിയശേഷം കൊൽക്കത്ത ഐഐഎമ്മിലാണ് മാനേജ്മെന്റിൽ ഉപരിപഠനം നടത്തിയത്. ഒരുവർഷം ഗൂഗിളിൽ ജോലി ചെയ്തശേഷം സാങ്കേതികമേഖലയിൽ പ്രവർത്തിക്കാനുള്ള ആഗ്രഹത്തെത്തുടർന്ന് ജർമ്മനിയിലെ സാപ് എന്ന കമ്പനിയിൽ ടെക്നോഫിനാൻസിൽ ഗവേഷണത്തിനായി പോകുകയായിരുന്നു.‘ജർമ്മനിയിലെ ഡോട്മണ്ട് സർവ്വകലാശാലയിലെ പ്രഫസറുമായുള്ള സൗഹൃദമാണ് ബെൻസിന്റെ പ്രോജക്ടിലേക്കെത്തിച്ചത്. എഞ്ചിനീയറല്ലാത്ത ഒരാൾ പ്രോജക്ടിൽ പങ്കെടുക്കാൻ എത്തിയത് ബൈൻസ് കമ്പനിയുടെ ഇന്റർവ്യൂ ബോർഡിനെയും അത്ഭുതപ്പെടുത്തി. വ്യക്തമായ പദ്ധതിനിർദേശം മുന്നോട്ടുവച്ചതോടെ കമ്പനി അത് അംഗീകരിക്കുകയും ഒൻപത് മാസത്തെ പദ്ധതിക്കായുള്ള കരാർ ഒപ്പിടുകയുമായിരുന്നു’-സുനയർ പറയുന്നു.ലീൻ സിഗ്മ ബ്ലാക് ബെൽറ്റ്(നിർമ്മാണ മേഖലയിലെ തകരാറുകൾ കണ്ടെത്തുന്നതിനു ലഭിക്കുന്ന സർട്ടിഫിക്കേഷൻ)ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ചുരുക്കംപേരിൽ ഒരാളാണ് സുനയർ. ഡോട്മണ്ട് യൂ‌ണിവേഴ്സിറ്റിയിൽ നിന്നും കണ്ടുപിടുത്തത്തിന് പേറ്റന്റ് നേടിയിട്ടുണ്ട്. കൂടുതൽ കമ്പനികൾ തന്റെ ടെസ്റ്റിങ് വിദ്യയിൽ താൽപര്യം പ്രകടിപ്പിച്ച് എത്തുമെന്ന പ്രതീക്ഷയിലാണ് സുനയർ.

Related News