Loading ...

Home National

ഫോണി ചുഴലിക്കാറ്റ്‌ ഇന്ന്‌ ഒഡീഷ തീരത്ത്‌; 4 ലക്ഷം പേരെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി > ഇരുപത്‌ വര്‍ഷത്തിനുശേഷം രാജ്യത്തുവീശുന്ന അതിശക്തമായ ചുഴലിക്കാറ്റിനെ ഭയന്ന് പതിനായിരം ഗ്രാമങ്ങളും 52 പട്ടണങ്ങളും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നും രണ്ടിനുമിടെ ഒഡിഷയിലെ പുരിക്ക്‌ തെക്ക് കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. മണിക്കൂറില്‍ 200 കിലോമീറ്റാവും കാറ്റിന്റെ വേഗമെന്നും കണക്കാക്കുന്നു. ഇതേത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചു. പട്ന-എറണാകുളം എക്സ്‌പ്രസുള്‍പ്പെടെ കൊല്‍ക്കത്ത-ചെന്നൈ റൂട്ടിലെ 223 തീവണ്ടികള്‍ റദ്ദാക്കി. 11.5 ലക്ഷം പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട്. ഇതില്‍ 3.3 ലക്ഷം പേരെ മാറ്റിയതായി സംസ്ഥാന ആഭ്യന്തരമന്ത്രാലയം പറഞ്ഞു. ആപത്‌സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ (എന്‍.സി.എം.സി.) സഹായം തേടിയതായി ഒഡിഷ സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. നാവികസേനയുടെയും തീരസേനയുടെയും സംഘങ്ങളെയും ദേശീയ ദുരന്തപ്രതികരണ സേനയുടെ 78 സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ഭുവനേശ്വറില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ നിര്‍ത്തിവെച്ചു. ബംഗാളിലെ കൊല്‍ക്കത്തയില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ വെള്ളിയാഴ്ച രാവിലെയോടെ നിര്‍ത്തും. കാലാവസ്ഥ അനുകൂലമാകുന്നതോടെയേ ഇവ പുനരാരംഭിക്കൂ. പൊതുമേഖലാ എണ്ണക്കമ്ബനിയായ ഒ.എന്‍.ജി.സി. തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാന്‍ റെയില്‍വേ മൂന്നു പ്രത്യേക തീവണ്ടികള്‍ ഒാടിച്ചു. ഒഡിഷയിലെ ഗഞ്ജം, ഗജപതി, ഖുദ്ര, പുരി, ജഗത്‌സിങ്പുര്‍, കേന്ദ്രപഡ, ഭദ്രക്, ജാജ്പുര്‍, ബാലസോര്‍ എന്നിവിടങ്ങളെയും ബംഗാളിലെ കിഴക്കും പടിഞ്ഞാറും മേദിനിപുര്‍, തെക്കും വടക്കും 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, ഝാര്‍ഗ്രാം, കൊല്‍ക്കത്ത എന്നിവിടങ്ങളെയും ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം എന്നിവിടങ്ങളെയും കാറ്റ് ബാധിച്ചേക്കുമെന്നാണ് കരുതുന്നത്. വിനോദസഞ്ചാരികളോട് കൊല്‍ക്കത്തവിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. 1999-ല്‍ വീശിയ ശക്തമായ ചുഴലിക്കാറ്റില്‍ 10,000 പേരാണ് ഒഡിഷയില്‍ മരിച്ചത്.

Related News