Loading ...

Home Education

സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയില്‍ 500ല്‍ 499 മാര്‍ക്ക് നേടി 2 വിദ്യാര്‍ത്ഥിനികള്‍, 3 പേര്‍ക്ക് 498 മാര്‍ക്ക്, പ്രധാനമന്ത്രിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും അഭിനന്ദിച്ചു

ന്യൂഡല്‍ഹി: ( 02.05.2019) ഇത്തവണത്തെ സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയില്‍ 500ല്‍ 499 മാര്‍ക്കോടെ മികച്ച വിജയം കരസ്ഥമാക്കി രണ്ട് വിദ്യാര്‍ത്ഥിനികള്‍. ഗാസിയാബാദിലെ ഹന്‍സിക ശുക്ല, മുസാഫര്‍ നഗറിലെ കരിഷ്മ അറോറ എന്നിവരാണ് ഈ വര്‍ഷത്തെ പരീക്ഷയില്‍ ഉന്നതവിജയം നേടിയത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ 500ല്‍ 498 മാര്‍ക്ക് നേടി. ഉത്തരാഖണ്ഡ് റിഷികേഷ് സ്വദേശിനി ഗൗരംഗി ചൗള, റായ്ബറേലിയിലെ ഐശ്വര്യ, ഹരിയാന ജിന്ദ് സ്വദേശിനി ഭവ്യ എന്നിവരാണ് 498 മാര്‍ക്ക് നേടിയത്. 18 വിദ്യാര്‍ത്ഥികള്‍ മൂന്നാം റാങ്ക് സ്വന്തമാക്കി.

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച്‌ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച വിജയം നേടി. ആണ്‍കുട്ടികള്‍ 79.4 ശതമാനവും ഭിന്നലിംഗ വിദ്യാര്‍ത്ഥികള്‍ 83.3 ശതമാനവും വിജയം നേടിയപ്പോള്‍ പെണ്‍കുട്ടികളില്‍ 88.7 ശതമാനം വിജയിച്ചു.

വിജയികളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവഡേക്കറും അഭിനന്ദിച്ചു. 'സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷ പാസായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, നിങ്ങളുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു. വിജയികളെ പിന്തുണച്ച രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും എല്ലാവിധ അഭിനന്ദനവുമറിയിക്കുന്നു''. മോദി ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ച ഉച്ചയോടെയാണ് cbse.nic.in, cbseresults.nic.in എന്നീ വെബ്‌സൈറ്റിലൂടെ സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. രാജ്യത്ത് 83.4 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായത്. 98.2 ശതമാനത്തോടെ തിരുവനന്തപുരം മേഖലയാണ് മികച്ച വിജയം നേടിയത്. ചെന്നൈ (92.93%), ഡല്‍ഹി (91.87%) എന്നീ മേഖലകളാണ് പിന്നിലുള്ളത്. അന്താരാഷ്ട്ര സ്‌കൂളുകളില്‍ 95.43 ശതമാനം പേര്‍ വിജയിച്ചു.

കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ 98.54 ശതമാനം വിജയം നേടി. ടിബറ്റന്‍ സ്‌കൂളുകള്‍ 96 ശതമാനവും സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ 88.49 ശതമാനവും വിജയം സ്വന്തമാക്കിയപ്പോള്‍ വെറും 82.59 ശതമാനം വിജയം മാത്രമാണ് പ്രൈവറ്റ് സ്‌കൂളുകള്‍ നേടിയത്.

ഫെബ്രുവരി - മാര്‍ച്ച്‌ മാസങ്ങളിലായി നടത്തിയ പരീക്ഷയ്ക്ക് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 4,974 കേന്ദ്രങ്ങളാണ് ഇത്തവണ ഒരുക്കിയത്. ഇതില്‍ 78 കേന്ദ്രങ്ങള്‍ വിദേശത്തായിരുന്നു. പതിമൂന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 28 ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിളും പരീക്ഷ എഴുതി.

Related News