Loading ...

Home cinema

പ്രശസ്ത തമിഴ് ചലച്ചിത്രതാരം മനോരമ അന്തരിച്ചു

ചെന്നൈ ∙ തമിഴ് ചലച്ചിത്രനടി മനോരമ (78) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നലെ രാത്രി 11.30നായിരുന്നു അന്ത്യം. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തമിഴ് ഭാഷകളിലായി ആയിരത്തിലധികം സിനിമകളിലും ആയിരത്തോളം നാടകവേദികളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും തിളങ്ങിയ മനോരമയുടെ യഥാർഥ പേര് ഗോപിശാന്ത എന്നായിരുന്നു. തഞ്ചാവൂർ മന്നാർഗുഡിയിൽ ജനിച്ച മനോരമ പന്ത്രണ്ടാം വയസ്സിൽ നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. അഭിനയത്തിനൊപ്പം ഗായികയുമായി.കണ്ണദാസന്റെ ‘മാലൈയിട്ട മങ്കൈ’ (1958) എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മനോരമ ‘കൊഞ്ചം കുമരി’ (1963) എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. അറുപതുകളിൽ നാഗേഷ്– മനോരമ, എഴുപതുകളിൽ ചോ രാമസ്വാമി– മനോരമ, അതിനു ശേഷം തെങ്കൈ ശ്രീനിവാസൻ– മനോരമ എന്നിങ്ങനെ തമിഴ് സിനിമയിൽ ഹാസ്യ ജോഡികൾ നിലനിന്നപ്പോഴൊക്കെ ഒരു വശത്തു മനോരമയുണ്ടായിരുന്നു. മുന്നൂറിലേറെ ചിത്രങ്ങളിൽ പാടുകയും ചെയ്തു.

അണ്ണാദുരൈ, കരുണാനിധി, എംജിആർ, എൻടിആർ, ജയലളിത എന്നിങ്ങനെ അഞ്ചു മുഖ്യമന്ത്രിമാർക്കൊപ്പം സിനിമയിൽ അഭിനയിച്ചു. ‘വിദ്യാർഥികളെ ഇതിലേ..ഇതിലേ..’ ആണ് ആദ്യ മലയാള ചിത്രം. പിന്നീട് ‘ആൺകിളിയുടെ താരാട്ട്’, ‘മധുവിധു തീരും മുൻപേ’, ‘ആകാശകോട്ടയിലെ സുൽത്താൻ’, ‘വീണ്ടും ലിസ’ ഉൾപ്പെടെ ഇരുപത്തഞ്ചോളം മലയാളചിത്രങ്ങളിൽ അഭിനയിച്ചു.ആയിരം ചിത്രങ്ങൾ കഴിഞ്ഞപ്പോൾ 1987ൽ മനോരമയുടെ പേര് ഗിന്നസ് ബുക്കിലെത്തി. പത്മശ്രീയും (2002) മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും (1990) ലഭിച്ചിട്ടുണ്ട്. 35 തവണ ഫിലിം ഫാൻസ് അവാർഡ് ലഭിച്ചു. തമിഴ്‌നാട്, ആന്ധ്ര സംസ്ഥാന അവാർഡുകൾ പല തവണ ലഭിച്ചു. കലൈമാമണി, എംജിആർ അവാർഡ്, അല്ലൂർ രാമലിംഗയ്യ അവാർഡ്, സാംബയ്യ-കലാസാഗർ അവാർഡുകൾ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങളും ലഭിച്ചു.നാടക ട്രൂപ്പ് മാനേജരായിരുന്ന എസ്.എം. രാമനാഥനെ 1964ൽ വിവാഹം കഴിച്ചെങ്കിലും രണ്ടു വർഷത്തിനു ശേഷം പിരിഞ്ഞു. മകൻ: ഭൂപതി.

Related News