Loading ...

Home health

ആധുനിക വൈദ്യ ശാസ്ത്രം

ഡോ. ജിമ്മി മാത്യു പണ്ട് ഒരു ഗ്രീക്ക് വൈദ്യന്‍ ജീവിച്ചിരുന്നു - ഹിപ്പോക്രറ്റീസ് . അന്നൊക്കെ ഗ്രീക്ക് വൈദ്യം , ചൈനീസ് വൈദ്യം , ഈജിപ്ഷ്യന്‍ വൈദ്യം , നമ്മുടെ ആയുര്‍വേദം - അങ്ങനെ ഒക്കെ ആണ് . ഹിപ്പോക്രറ്റീസ് ആണത്രേ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് . ആരൊക്കെയോ പറയുന്നതാണ് . എനിക്കറിയില്ല . എംബിബിസ് മുഴുവന്‍ പഠിച്ചിട്ടും അങ്ങേരെ പറ്റി ഒന്നോ രണ്ടോ വാചകം ഏതോ ഒരു പുസ്തകത്തില്‍ കണ്ട ഓര്മയേയുള്ളു . അങ്ങേര് പറഞ്ഞ ഒന്നും ഞാന്‍ പഠിച്ചിട്ടില്ല . നാല് 'ദോഷങ്ങള്‍ ' ഉടെ ഏറ്റക്കുറച്ചിലുകള്‍ മൂലമാണ് രോഗം ഉണ്ടാവുന്നത് എന്ന് പുള്ളി കാച്ചി : രക്തം കറുത്ത പിത്തം മഞ്ഞ പിത്തം കഫം . പോടോ പുല്ലേ - എന്നാണു ആധുനിക ശാസ്ത്ര വൈദ്യം പറയുന്നത് . ഹിപ്പോക്രറ്റീസ് പഠിപ്പിച്ച ഒരൊറ്റ ചികിത്സ രീതി പോലും ഇപ്പോള്‍ മോഡേണ്‍ മെഡിസിനില്‍ അതെ പോലെ തന്നെ ചെയ്യുന്നില്ല ! ഏകദേശം ഇതേ ദോഷ സിദ്ധാന്തം ആണ് ആയുര്‍വേദത്തിന്റെ അടിസ്ഥാനം എന്നത് രസമാണ്. ചൈനയില്‍ ഇത് യിന്‍ , യാന്‍ എന്ന രണ്ട് കുണാണ്ടറി ആണ്. ഇതിന്റെ ബാലന്‍സ് തെറ്റുമ്ബോള്‍ ആണത്രേ രോഗങ്ങള്‍ ഉണ്ടാകുന്നത്. ചൈനീസ് പുരാതന വൈദ്യവും വളരെ പ്രമാദം ആയിരുന്നു, പണ്ട്. ഇന്ന് ചൈനയിലും, ഈജിപ്തിലും, മെക്സിക്കോയിലും, എത്തിയൊപ്പിയായിലും, പാപുവ ന്യൂ ഗിനിയായിലും, ഒരു മാതിരി എല്ല അസുഖങ്ങള്‍ക്കും ആളുകള്‍ ആശ്രയിക്കുന്നത് തന്തയില്ലാത്ത, പവിത്രത ഇല്ലാത്ത, ആധികാരിക പുരാണ ഗ്രന്ഥങ്ങള്‍ ഇല്ലാത്ത ഒരു ജാതി വൈദ്യഷ്ടോ. അതിന്റെ അപ്പന്‍ എന്ന് പറയാനും മാത്രം പിന്നെന്താണ് ഹിപ്പോക്രറ്റീസ് ചെയ്തത് ? ദൈവ കോപം മൂലമാണ് മിക്ക രോഗങ്ങളും ഉണ്ടാവുന്നത് . ദൈവങ്ങളെ പ്രീതിപ്പെടുത്തല്‍ ആണ് രോഗ മുക്തിയുടെ ആദ്യപടി - ഇങ്ങനെ ആണ് എമ്ബാടും വിശ്വസിച്ചിരുന്നത് . ഇങ്ങനെ അല്ല - ശരീരത്തില്‍ ഉണ്ടാകുന്ന കേടു പാടുകള്‍ മൂലം ആണ് രോഗം വരുന്നതെന്നും , ശരീരത്തെ ചികില്‍സിച്ചു രോഗം മാറ്റാം എന്നും ആദ്യമായി പറഞ്ഞ വൈദ്യന്‍ ഈ പുള്ളിയായിരുന്നു . അത് കൊണ്ട് മാത്രം അപ്പന്‍ ആണെന്ന് പറഞ്ഞു നടക്കുകയാ . അങ്ങനെ - സ്വന്തം അപ്പനെ തള്ളിപ്പറഞ്ഞതിനാല്‍ ഒരു തന്തയില്ലാത്ത വൈദ്യമാണ് ആധുനിക വൈദ്യം . മോഡേണ്‍ മെഡിസിന്‍ - തന്തയില്ലാ വൈദ്യം . അറിവുകളും പ്രായോഗിക പ്രശ്ന പരിഹാര രീതികളും എങ്ങനെയാണ് ഉണ്ടാവുന്നത്? ആധുനിക വൈദ്യ ശാസ്ത്ര സങ്കേതങ്ങള്‍ എങ്ങനെ ഉണ്ടാവുന്നു? അറിവുകള്‍ പല രീതിയില്‍ വരുന്നുണ്ട് : ചുമ്മാ ഫ്രീ ആയി കിട്ടിയ അറിവുകള്‍ : ചെറുപ്പം മുതല്‍ ബന്ധുക്കളും സമൂഹവും ചില കാര്യങ്ങള്‍ നമുക്ക് പറഞ്ഞു തരുന്നു . അയല്‍ക്കാര്‍ പൊട്ടന്മാരാണ് , ചില മതക്കാര്‍ അങ്ങനെയൊക്കെയാണ് , രാഷ്ട്രീയക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല തുടങ്ങി പലതും ഇതില്‍ വരാം .കച്ചവടക്കാരനോ കൃഷിക്കാരനോ ആയ അച്ഛന്‍ മക്കള്‍ക്കു അതിനെപ്പറ്റി പലതും പറഞ്ഞു കൊടുത്തേക്കാം . അനുഭവങ്ങളാണ് ഈ അറിവുകളുടെ ഒരു ഉറവിടം എങ്കിലും പലപ്പോഴും അങ്ങനെയൊന്നും ഉണ്ടാവണമെന്നില്ല . പിന്നെ ഫേസ്ബുക് , വാട്ട്സ്‌ആപ്പ് തുടങ്ങി പലതും പല അറിവുകളും നമുക്ക് ഫ്രീ ആയി തരുന്നുണ്ടല്ലോ . പരമ്ബരാഗത വിജ്ഞാനം : തലമുറകളായി കൈമാറി വരുന്ന അറിവുകളാണവ .വാസ്തു ശാസ്ത്രം, ജ്യോതിഷം മുതലായ കപട ശാസ്ത്രങ്ങള്‍ മുതല്‍ സത്യവും മിഥ്യയും പ്രയോഗങ്ങളും ഗുണവും ദോഷവും കേട്ട് പിണഞ്ഞു കിടക്കുന്ന ആയുര്‍വേദം, പാരമ്ബര്യ വൈദ്യം , പരമ്ബരാഗത തൊഴില്‍ ശാസ്ത്രങ്ങളായ മീന്‍ പിടുത്തം, പാരമ്ബര്യ കൃഷി, തച്ചു ശാസ്ത്രം വരെ ഇതില്‍ പെടും .ഇതിന്റെ അടിസ്ഥാനങ്ങളെ ആരും ചോദ്യം ചെയ്യാറില്ല . ചെയ്താല്‍, കാലാ കാലങ്ങളിലായി ഇങ്ങനെയാണ് , ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട് , പഴയ പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നൊക്കെയാകും വാദങ്ങള്‍ . എങ്കിലും പലപ്പോഴും നല്ല രീതിയില്‍ പ്രയോജനം ഇവ മൂലം സമൂഹത്തിനുണ്ട്. ബോധോദയ ജ്ഞാനം : പ്രപഞ്ച സത്യങ്ങളെപ്പറ്റി അതിയായി ആലോചിച്ചു തപസ്സു ചെയ്യുന്നവര്‍ക്ക് പെട്ടന്ന് ചില ഉള്‍ക്കാഴ്ചകള്‍ ലഭിച്ചേക്കാം . ബുദ്ധന്‍ മുതല്‍ സാമുവേല്‍ ഹനീമാനെ വരെ ഇങ്ങനെ കിട്ടിയ അറിവുകള്‍ പകര്‍ന്നു തന്നവരായി കണക്കാക്കാം . മേല്പറഞ്ഞ മൂന്നും ആയിരുന്നു ലക്ഷം വര്ഷങ്ങളായി മനുഷ്യ രാശിയുടെ പൊതു വിജ്ഞാനത്തിന്റെ കാതല്‍ . കുറെ ആയിരം വര്‍ഷങ്ങളെ ആയുള്ളൂ ചിലര്‍ വേറെ നമ്ബറുകളുമായി ഇറങ്ങിയിട്ട് . യുക്തിയുടെ ഉപയോഗം : യുക്തി സഹമായ വാദ മുഖങ്ങളോടെ സത്യത്തെ അവതരിപ്പിക്കുക . ഗണിത ശാസ്ത്രത്തിന്റെ ഉറവിടം അങ്ങനെയാണ് . പല വിജയങ്ങളും അതിനവകാശപ്പെടാനുണ്ട് . എന്നാല്‍ യുക്തി സഹമായ എല്ലാം സത്യമാവണമെന്നില്ല . എല്ലാ പക്ഷികളും രണ്ടു കാലില്‍ നടക്കുന്നു . മനുഷ്യന്‍ രണ്ടു കാലില്‍ നടക്കുന്നു മനുഷ്യന്‍ ഒരു പക്ഷിയാണ്‌ ഇതാണ് യുക്തി മാത്ത്രം ഉപയോഗിച്ചാലുള്ള പ്രശ്നം ആധുനിക ശാസ്ത്രം : സത്യം മനസ്സിലാക്കി കാലാന്തരങ്ങളിലൂടെ തേച്ചു മിനുക്കാനും നമ്മള്‍ കണ്ടു പിടിച്ചിട്ടുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ആധുനിക ശാസ്ത്രം . ഇതിനര്‍ത്ഥം ബാക്കിയെല്ലാം വിഢിത്തം ആണെന്നല്ല . ശാസ്ത്രീയമായ പരിശോധന നേരിലേക്കു നമ്മളെ കൂടുതല്‍ അടുപ്പിക്കുന്നു എന്ന് മാത്രം . അത് ഒരു ഗുലുമാല്‍ പ്രക്രിയയാണ് . യുക്തി മാത്രമല്ല അത്: ചില പടവുകള്‍ ഉള്ള പ്രക്രിയ : - ചുമ്മാ കാണുക , കേള്‍ക്കുക , അളക്കുക, മനസ്സിലാക്കുക -എല്ലാം രേഖപ്പെടുത്തി വക്കുക -ഇതിനെ വിശദീകരിക്കാന്‍ ശ്രമിക്കുക . യുക്തി സഹമായ വിശദീകരണങ്ങള്‍ കാച്ചുക -വിശദീകരണങ്ങള്‍ ടെസ്റ്റു ചെയ്യാന്‍ പരീക്ഷണങ്ങള്‍ നടത്തുക . - ഓരോ പുതിയ പരീക്ഷണ നിരീക്ഷണ കുണ്ടാമണ്ടികള്‍ക്കനുസരിച്ചു വിശദീകരണത്തില്‍ മാറ്റങ്ങള്‍ വരുത്തുക . - വലിയ പ്രശ്നങ്ങള്‍ കണ്ടാല്‍ വിശദീകരണങ്ങള്‍ കാട്ടില്‍ കളയാന്‍ റെഡി ആയിരിക്കുക - എല്ലാ നിഗമനങ്ങളും പൊതുജനമായും പണ്ഡിതരുമായും പങ്കു വക്കുക , വാദ പ്രതിവാദങ്ങളില്‍ ഏര്‍പ്പെടുക . - എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും ഇതൊക്കെ ചോദ്യം ചെയ്യാം . ചോദ്യങ്ങള്‍ യുക്തി സഹവും വസ്തു നിഷ്ഠവും, കാര്യങ്ങള്‍ പഠിച്ചു മനസ്സിലാക്കിയും ആവണമെന്ന് മാത്രം . - ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതാണ് ഒന്നും ഇല്ല . ഏതു കൊമ്ബനായാലും ശാസ്ത്ര ലോകത്തു ചോദ്യങ്ങള്‍ നേരിടേണ്ടി വരും . ചോദ്യം ചോദിച്ചാല്‍ പിശാച് പിടിക്കും , തീയില്‍ വീഴും, ഇടിത്തീ വീഴും എന്നൊന്നും പറയാന്‍ പാടില്ല . ചോദ്യം ചോദിച്ചവന്‍ പിശാചാണെന്നും പറയാന്‍ പാടില്ല . പറയാം - അത് ശാസ്ത്രീയമായി തെളിയിക്കണം എന്ന് മാത്രം . - ഉത്തരം പറയാന്‍ വിഷമം വന്നാല്‍ വീണ്ടും എല്ലാം പുനഃ പരിശോധിക്കേണ്ടി വരും . അതിനായി വിരിമാറു കാട്ടണം അലോപ്പതി എന്ന യൂറോപ്പിലുണ്ടായ പാരമ്ബര്യ ശാസ്ത്രത്തില്‍ നിന്നാണ് ആധുനിക ശാസ്ത്രത്തിന്റെ തുടക്കം . പിന്നീട് ലോകമാകെയുള്ള പരമ്ബരാഗത വൈദ്യശാസ്ത്രങ്ങളില്‍ നിന്നും കടം കൊണ്ട് ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെയൊരു പ്രായോഗിക ശാസ്ത്രമായി വളര്‍ന്നു . പ്രയോജനം ചെയ്യുന്ന ഒന്നാണെങ്കില്‍ മാത്രമേ ഏതൊരു പ്രായോഗിക ശാസ്ത്രത്തിനും നില നില്‍പ്പുള്ളു എന്ന് വ്യക്തമാണ് . മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ശാസ്ത്രം. പ്രയോജനമുള്ളതാണെങ്കില്‍ ലോകം മുഴുവന്‍ സ്വീകാര്യത നേടും . സത്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പൊതുജനം അത് അംഗീകരിക്കുകയുള്ളു . അങ്ങനെ മതിയല്ലോ . തന്തയില്ലാത്ത വൈദ്യം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ ഒക്കെ തന്തയില്ലാത്തവരും മരുന്ന് മാഫിയക്കാരും ഒക്കെ ആണെന്ന രസകരമായ കമന്റുകള്‍ പ്രതീക്ഷിക്കുന്നു . തന്തയില്ലാ വൈദ്യത്തിന്റെ പ്രയോജനങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും കിട്ടുമാറാകട്ടെ - ആമേന്‍

Related News