Loading ...

Home sports

ധോണി ഇന്ന് കളിക്കുമോ ? ചെന്നൈ പരിശീലകന്റെ മറുപടി ഇങ്ങനെ.

പനിയും പുറം വേദനയും മൂലം കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ന് ഡെല്‍ഹിക്കെതിരായ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യം ടോസിന് തൊട്ട് മുന്‍പ് മാത്രമേ തീരുമാനിക്കൂവെന്ന് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ്. ഡെല്‍ഹിക്കെതിരായ മത്സരത്തിന് മുന്നോടിയായി ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫ്ലെമിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. " കഴിഞ്ഞ ആഴ്ച അദ്ദേഹം അസുഖബാധിതനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അതിവേഗം സുഖപ്പെടുന്നുണ്ട്. ഡെല്‍ഹിക്കെതിരെ ധോണി കളിക്കുമോ ഇല്ലയോ എന്ന കാര്യം മത്സരത്തിന്റെ ടോസിന് തൊട്ട് മുന്‍പ് മാത്രമേ തീരുമാനിക്കൂ. അദ്ദേഹം സുഖപ്പെടുന്നുണ്ട് എന്നത് ആശ്വാസ വാര്‍ത്തയാണ്." ഫ്ലെമിംഗ് പറഞ്ഞുനിര്‍ത്തി. ഈ സീസണില്‍ പുറം വേദന കലശലായി അലട്ടുന്ന ധോണിക്ക് കഴിഞ്ഞ മത്സരത്തിന് മുന്‍പ് പനി പിടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ അവസാന മത്സരത്തില്‍ കളിക്കാന്‍ ധോണിക്ക് കഴിഞ്ഞിരുന്നില്ല. ധോണി ഇല്ലാതെയിറങ്ങിയ മത്സരത്തിലാകട്ടെ ചെന്നൈ 46 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു‌. അതേ സമയം ഇതിന് ശേഷം ഇതേ വരെ ധോണി പരിശീലനം തുടങ്ങിയിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ചെന്നൈ ടീം പരിശീലനം നടത്തിയെങ്കിലും ധോണി ടീമിനൊപ്പമുണ്ടായിരുന്നില്ല.

Related News