Loading ...

Home Gulf

മൂന്ന് മാസത്തിനുള്ളില്‍ ദുബൈയിലൂടെ യാത്ര ചെയ്തത് 1.5 കോടിയിലധികം ജനങ്ങള്‍

ദുബൈ: ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനുള്ളില്‍ ദുബൈയിലൂടെ കടന്നുപോയത് 1.5 കോടിയിലധികം യാത്രക്കാരെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി. ഈ കാലയളവില്‍ 15,350,000 പേരാണ് യാത്ര നടത്തിയത്. ഇതില്‍ കൂടുതല്‍ പേരും യാത്ര ചെയ്തത് വിമാനത്താവളത്തിലൂടെയാണ്. 13,598,749 യാത്രക്കാരാണ് ദുബൈ രാജ്യാന്തര വിമാനത്താവളം വഴി യാത്ര നടത്തിയത്. കര മാര്‍ഗത്തിലൂടെ 1,371,251 പേരും കപ്പല്‍ മാര്‍ഗം എത്തിയത് 380,000 പേരുമാണ്. ഈ കാലയളവില്‍ ദുബൈ വിമാനത്താവളത്തിലെ അതിവേഗ എമിഗ്രേഷന്‍ സംവിധാനമായ സ്മാര്‍ട് ഗേറ്റിലൂടെ നടപടികള്‍ പൂര്‍ത്തികരിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. വരും നാളുകളിലും ദുബൈയിലേക്ക് യാത്രക്കാരുടെ പ്രവാഹമുണ്ടാകുമെന്നാണ് ഈ വര്‍ഷത്തെ ആദ്യത്തെ മൂന്ന് മാസത്തെ യാത്രക്കാരുടെ എണ്ണത്തിലുള്ള ഉയര്‍ന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദുബൈ വിമാനത്താവളത്തിലെ രാജ്യാന്തര നിലവാരത്തിലുള്ള സേവന-സൗകര്യങ്ങളും ദുബൈയിലൂടെയുള്ള യാത്ര പ്രധാന ആകര്‍ഷണമാക്കുന്നുണ്ടെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ടൂറിസം-രംഗത്തും വാണിജ്യ രംഗത്തും യു എ ഇ കൈവരിച്ച മികച്ച നേട്ടങ്ങളുടെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാജ്യത്തേക്ക് വന്‍ സന്ദര്‍ശക പ്രവാഹമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദുബൈയിലെ തുറമുഖങ്ങളിലൂടെയുള്ള യാത്രയുടെ ഗുണ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തിയതിലുടെ ദുബൈയുടെ മഹത്തായ സേവന മാതൃകകള്‍ അടയാളപ്പെടുത്തുന്നതില്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രധാന പങ്ക് വഹിച്ചുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സേവന സന്നദ്ധരായ ദുബൈ വിമാനത്താവളത്തിലെയും കര -നാവിക അതിര്‍ത്തികളിലെയും ഉദ്യോഗസ്ഥരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു സ്മാര്‍ട് ഗേറ്റ് ഉപയോഗിച്ചത് 19,40,660 യാത്രക്കാര്‍
ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തിനുള്ളില്‍ സ്മാര്‍ട് ഗേറ്റ് ഉപയോഗിച്ച്‌ യാത്രാനടപടികള്‍ പൂര്‍ത്തികരിച്ചത് 19,40,660 പേരാണ്. ലോകത്തിലെ മികച്ചതും തിരക്കേറിയതുമായ ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ക്ക് നൂതന സൗകര്യങ്ങളാണ് നിലവിലുള്ളത്.
ഏറ്റവും വേഗത്തിലും കൃത്യതയിലുമുള്ള സന്തോഷകരമായ സേവന നടപടികളാണ് ജി ഡി ആര്‍ എഫ് എ ദുബൈ ഇവിടങ്ങളില്‍ ഏകോപിപ്പിച്ച്‌ കൊണ്ടിരിക്കുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരം നടപ്പിലാക്കിയ ഇത്തരത്തിലുള്ള സ്മാര്‍ട് യാത്രാസംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷകരമായ യാത്രാനുഭൂതി ഇക്കാലയളവില്‍ സമ്മാനിച്ചു.
വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പാസ്‌പോര്‍ട്ട് കൗണ്ടറുകളുടെ മുന്നിലെ നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കാതെ സെക്കന്‍ഡുകള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ സ്മാര്‍ട് ഗേറ്റ് യാത്രക്കാരെ സഹായിക്കും. 122 അത്യാധുനിക സ്മാര്‍ട് ഗേറ്റുകളാണ് ഇപ്പോള്‍ വിമാനത്താവളത്തില്‍ നിലവിലുള്ളത്. പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐ ഡി, വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍, യു എ ഇ വാലറ്റ്, എമിറേറ്റ്സ് സ്‌കൈവാര്‍ഡ്‌സ് എന്നിവ ഉപയോഗിച്ച്‌ സ്മാര്‍ട് ഗേറ്റിലൂടെ നടപടി പൂര്‍ത്തിയാക്കാവുന്നതാണ്. ലോകത്തെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എമിഗ്രേഷന്‍ നടപടി സംവിധാനമായ സ്മാര്‍ട് ടണല്‍ പോലുള്ള സൗകര്യങ്ങള്‍ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് പുതുമയും സംതൃപ്തിയും പ്രദാനം ചെയ്യുന്നു.

Related News