Loading ...

Home special dish

ബാങ്കോക്കിലെ തെരുവു ഭക്ഷണം

പാരമ്ബര്യവും ആധുനികതയും കൂടിച്ചേരുന്ന ബാങ്കോക്ക് കിഴക്കിന്റെ വെനീസ് എന്നാണ് അറിയപ്പെടുന്നത്. മനോഹരമായ ബീച്ചുകളും രുചിവൈവിധ്യം പകരുന്ന ഭക്ഷണവും വിസ്‌മയിപ്പിക്കുന്ന രാത്രിജീവിതവുമാണ് ബാങ്കോക്കിന്റെ സവിശേഷതകള്‍. ബാങ്കോക്കിലെത്തുന്ന ടൂറിസ്റ്റുകളുടെ യാത്രയില്‍ പ്രധാന ഇനമാണ് തായ് തെരുവു ഭക്ഷണം. സന്ദര്‍ശകര്‍ക്ക് തായ്‌ലന്‍ഡിലെ സവിശേഷ പരമ്ബരാഗത പാചകരീതികള്‍ നേരില്‍ കാണാന്‍ കിട്ടുന്ന അവസരം കൂടിയാണ്. ഇവിടെ BMW ടവറിനടുത്ത് വലിയൊരു തെരുവോര ഫൂഡ് മാര്‍ക്കറ്റ് കാണാം . പാമ്ബ്, തേള്‍, പാറ്റ, ഞണ്ട്, നീരാളി, ചെമ്മീന്‍, കൂന്തള്‍ , മുട്ട തുടങ്ങി ഏതാണ്ടെല്ലാ വിഭവങ്ങളും അവിടെയുണ്ട്. വളരെ വിലക്കുറവില്‍ തായ് രുചിയില്‍ ലഭ്യമാകും .ബാങ്കോക്ക് തെരുവ് ഭക്ഷണശാലയില്‍ പൊരിച്ച കരിന്തേളിന് നൂറ് മുതല്‍ 250 ബാത്ത് വരെ വിലയുണ്ട്.


ഇവിടെ ചൂടില്‍ പൊരിച്ചെടുക്കുന്ന കരിന്തേളുകള്‍ കാണാം .ഇവ പൊരിച്ചെടുക്കുന്നതോടെ വിഷാംശം പ്രോട്ടീന്‍ ആയതിനാല്‍ ഡിനേച്ചര്‍ ചെയ്യപ്പെടും . അങ്ങിനെ വിഷാംശം ഇല്ലാതാകുമെന്ന് പറയുന്നു .ബാങ്കോക്ക് തെരുവോരങ്ങളില്‍ നിന്നു ലഭിക്കുന്ന ഭക്ഷണം എല്ലായിടത്തും ഒരുപോലാവില്ല. വില്‍പ്പനക്കാരില്‍ പലരും ഏതെങ്കിലും ഒന്നോ രണ്ടോ വിഭവങ്ങളില്‍ പ്രാവീണ്യം തെളിയിച്ചവരായിരിക്കും. അവര്‍ ഏതു തെരുവിലായാലും ഭക്ഷണപ്രിയര്‍ അവരെ തേടിയെത്തുമെന്ന് മാത്രം . ഇവര്‍ക്കാര്‍ക്കും 'മെനു' കാര്‍ഡ‍് ഇല്ല. ചിലര്‍ 'പ്രികുക്ക്ഡ് ഭക്ഷണം' വിതരണം ചെയ്യുമ്ബോള്‍ മറ്റു ചിലര്‍ ഓര്‍ഡര്‍ അനുസരിച്ച്‌ (Food to order) ഭക്ഷണം വിളമ്ബുന്നവരാണ്. ഫൂഡ് ടു ഓര്‍ഡര്‍ വിഭാഗത്തില്‍ പേരുകേട്ട തായ് വിഭവമാണ് 'കാഫ്റോ മ്യൂ (Kaphro Mu). തുളസിയില ചോറില്‍ മില്‍സ്ഡ് പോര്‍ക്ക് ചേര്‍ത്താണ് ഉണ്ടാക്കുന്നത് . 'പലാഡുക്ക് പഹറ്റ് (Paladuk Phat) ആണ് മറ്റൊരു വിഭവം. പൊരിച്ചെടുത്ത കറ്റ് ഫിഷര്‍ റെഡ് കറി പേസ്റ്റ് ചേര്‍ത്തത്. 'പഹറ്റ് ഖാന' (Phat Khana)യാണ് രുചികരമായ മറ്റൊരിനം തെരുവ് ഭക്ഷണം.2015-ലെ കണക്കനുസരിച്ച്‌ ലോകത്ത് ഏറ്റവും നല്ല തെരവോര ഭക്ഷണം ലഭിക്കുന്ന പട്ടണം ബാങ്കോക്കാണ്. ബാങ്കോക്കില്‍ സ്ത്രീ പുരുഷഭേദമന്യേ എല്ലാവരും എപ്പോഴും തിരക്കിലാണ്. ഒരിടത്ത് ഇരുന്നു ഭക്ഷണം കഴിക്കാന്‍ അവര്‍ക്ക് നേരമില്ല. അതുകൊണ്ടാവണം പലരും നടന്നാണ് ഭക്ഷണം കഴിക്കുന്നത്. അവര്‍ക്ക് നടന്നു കഴിക്കാന്‍ പാകത്തിന് എളുപ്പം ചൂടാറാത്ത 'ഫോം ഫൂഡ് കന്‍ടെയ്നേഴ്സില്‍' (Foam Food Containers) കടക്കാര്‍ ഭക്ഷണം നല്‍കും.


ബാങ്കോക്ക് തെരുവോരത്തെ സ്ഥിരം ഭക്ഷണശാലകള്‍ക്കു പുറമേ വിശേഷാവസരങ്ങളിലും ഉത്സവസ്ഥലത്തും മാത്രം കാണുന്ന മൊബൈല്‍ വെയിറ്റര്‍മാരും മൊബൈല്‍ ബാറുകളും ഉണ്ട്. മോട്ടോര്‍ ബൈക്കിന്റെ സൈഡ് കാറാണ് ഇങ്ങനെ ഭക്ഷണശാലയായി രൂപാന്തരപ്പെടുന്നത്. ബാങ്കോക്കിലെ തെരുവുഭക്ഷണ സംസ്കാര ചരിത്രം രസകരമാണ്-ഫ്ലോട്ടിങ് മാര്‍ക്കറ്റില്‍ നിന്ന് തുടക്കം. നമ്മുടെ നാട്ടിലെപ്പോലെ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ഭക്ഷണപ്പൊതിയാക്കിയായിരുന്നു ജോലിക്കായി പുറത്തു പോകുന്നവര്‍ കഴിച്ചിരുന്നത്. തായ് ഗ്രാമങ്ങളില്‍ ഇപ്പോഴും അങ്ങനെതന്നെ. എന്നാല്‍ വന്‍ നഗരങ്ങളായുള്ള വളര്‍ച്ചയില്‍ ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങളിലെ ജനങ്ങള്‍ അവരുടെ ഭക്ഷണ രീതി പതുക്കെ തെരുവു ഭക്ഷണ സംസ്കാരത്തിലേക്ക് മാറുകയായിരുന്നു.



തായ്‌ലന്‍ഡിലെ ഫ്ലോട്ടിങ് മാര്‍ക്കറ്റിലാണ് തെരുവു ഭക്ഷണ രീതി ആദ്യം തുടങ്ങിയത്. അയുത്തായ (AYUTHAYA) ഭരണകാലഘട്ടമായ 1350-1767 കാലത്താണ് ഈ മാറ്റം വലിയതോതില്‍ സംഭവിച്ചത്. ഫ്ലോട്ടിങ് മാര്‍ക്കറ്റില്‍ നിന്നു ഈ ഭക്ഷണ രീതി 'നദി ഭക്ഷണം' എന്ന നിലയില്‍ ജലഗതാഗതഗയാത്രക്കാരിലേക്കു പടര്‍ന്നു. രാമന്‍ അഞ്ചാമന്‍ തായ് രാജാവിന്റെ കാലത്താണ് ഈ തെരുവ് ഭക്ഷണ രീതി സര്‍ക്കാര്‍ അംഗീകരിച്ചതും അതിനുവേണ്ടി മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തിയതും. അതോടെ തെരുവ് ഭക്ഷണം തായ്‌ലന്‍ഡില്‍ എല്ലായിടത്തും നല്ല ജനസമ്മിതിയുള്ള ഭക്ഷണ രീതിയായി അംഗീകരിക്കപ്പെട്ടു. 1960 കളില്‍ ആരംഭിച്ച നഗര വളര്‍ച്ചയോടൊപ്പം തെരുവോര ഭക്ഷണശാലകളും ബാങ്കോക്കില്‍ വളര്‍ന്നു വലുതായി. 1970 ആ യപ്പോഴേക്കും തായ് തെരുവ് ഭക്ഷണത്തിന്റെ രുചി അറിഞ്ഞവര്‍ പലരും വീട്ടുഭക്ഷണം ഉപേക്ഷിക്കുന്ന നില വന്നു. അതോടെ വീടുകളില്‍ ഭക്ഷണം പാചകം ചെയ്യാതായി. അക്കാലത്ത് സ്ഥിരമായി ഭക്ഷണം പുറത്തുനിന്നും വാങ്ങുന്ന ഭാര്യമാര്‍ അറിയപ്പെട്ടിരുന്നത് 'പ്ലാസ്റ്റിക് ബാഗ് ഹൗസ് വൈഫ്' എന്നായിരുന്നു. കാരണം തെരുവ് വാണിഭക്കാര്‍ ഇവര്‍ക്ക് ഭക്ഷണം പാര്‍സലായി നല്‍കിയിരുന്നത് മേല്‍ത്തരം പ്ലാസ്റ്റിക് ബാഗുകളിലായിരുന്നു.ഇന്ന് നാം കാണുന്ന തായ് തെരുവോര ഭക്ഷണ സംസ്കാരം രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള ഒട്ടേറെ ഘടകങ്ങളുടെ സ്വാധീനത്താല്‍ സംഭവിച്ചതാണ്. അത് തായ് ജനതയുടെ ജീവിതശൈലി, കാര്‍ഷിക രീതി, ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനരീതി എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. അടുത്തകാലത്ത് സംഭവിച്ച അതിവേഗ നഗരവല്‍കരണം ഈ മേഖലയില്‍ പലര്‍ക്കും പുതിയ തൊഴിലവസരങ്ങള്‍ നല്‍കി. തായ്‌ലന്‍ഡല്‍ വിനോദസഞ്ചാരികളായെത്തിയ വിദേശ ടൂറിസ്റ്റുകളും അവരുടെ രുചിഭേദങ്ങളും തെരുവോര ഭക്ഷണവൈവിധ്യങ്ങള്‍ക്കു കാരണമായി.ന്യൂഡില്‍സ് വിഭങ്ങളാണ് ബാങ്കോക്ക് തെരുവോരത്ത് ഏറ്റവുമധികം വിറ്റഴിയുന്നത്.

Related News