Loading ...

Home Business

ക്രൂഡ് വില കുതിക്കുന്നു, വില ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന തലത്തില്‍

രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് ഇന്ത്യന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ സമര്‍ദ്ദത്തിലാഴ്ത്തുന്നു. പോയ വാരത്തില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില, ബാരലിന് 75 ഡോളറിന് മുകളിലെത്തി. വിലയിലെ കുതിപ്പ് തുടരുമെന്നാണ് മാര്‍ക്കറ്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതിക്ക് മെയ് രണ്ടു മുതല്‍ അമേരിക്ക സമ്ബൂര്‍ണ്ണ നിരോധനം ഏര്‍പെടുത്തിയിരിക്കുന്നതാണ് ക്രൂഡ് ഓയില്‍ വില ഉയരുന്നതിന് കാരണമായത്. ആറ് മാസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വില ഇപ്പോള്‍. ലോക മാര്‍ക്കറ്റിലെ സപ്ലൈ കുറയുന്നത് വില വീണ്ടും കൂടാന്‍ കാരണമായേക്കും. മെയ് രണ്ടിന് ശേഷം ഇറാന്‍ ഒരു തുള്ളി എണ്ണ പോലും വില്കരുതെന്നും ഇന്ത്യ, ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ അവിടെ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്നുമാണ് യു എസ് നല്‍കിയിരിക്കുന്ന അന്ത്യശാസനം. ഇതേ തുടര്‍ന്നാണ് ക്രൂഡിന്റെ വില ഉയരാന്‍ തുടങ്ങിയത്. എന്നാല്‍ അമേരിക്കയും സൗദി അറേബ്യായും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉത്പാദനം കൂട്ടുമെന്നും അതുകൊണ്ട് വില കൂടില്ലെന്നുമായിരുന്നു അമേരിക്ക വാദിച്ചത്. ഉത്പാദനം കൂട്ടുന്ന കാര്യം തത്കാലം ആലോചനയില്ലെന്നാണ് സൗദി അറേബ്യാ വ്യക്തമാക്കിയിരിക്കുന്നത്. തത്കാലം ഉത്പാദനം കൂട്ടാന്‍ സാധ്യതയില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനും വ്യക്തമാക്കിയിട്ടുണ്ട്. ഉത്പാദനം ഒരേ രീതിയില്‍ തുടരണമെന്ന് തങ്ങള്‍ ഒപെക് രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ കരാറിന് ജൂലൈ വരെ പ്രാബല്യമുണ്ട്. അതുകൊണ്ട് അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഉത്പാദനം കൂട്ടാന്‍ സാധ്യമല്ലെന്ന് പുടിന്‍ വ്യക്തമാക്കി. ആഗോള മാര്‍ക്കറ്റിലെ സാഹചര്യം ഇന്ത്യക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നുറപ്പാണ്. പെട്രോള്‍ , ഡീസല്‍ വില കൂട്ടുന്നതിന് പുറമെ ഇന്ത്യയുടെ ട്രേഡ് ഡെഫിസിറ്റിനെ ഇത് ഏറെ പ്രതികൂലമായി ബാധിക്കുമെന്നത് ഉറപ്പാണ്.

Related News