Loading ...

Home Europe

സ്‌കോട്ട്‌ലന്‍ഡ് രണ്ടും കല്‍പിച്ചുതന്നെ; സ്വാതന്ത്ര്യത്തിനുവേണ്ടി വീണ്ടും റഫറണ്ടത്തിന് ഒരുങ്ങുമ്ബോള്‍ ഇക്കുറി സ്വന്തം കറന്‍സിയും; പൗണ്ട് സ്റ്റെര്‍ലിങ് ഉപേക്ഷിക്കാന്‍ ഉറച്ച്‌ സ്‌കോട്ട്‌ലന്‍ഡ്

യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പിരിയുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടന്‍ മുന്നേറുമ്ബോള്‍, ബ്രിട്ടനില്‍നിന്ന് വേര്‍പെട്ട് സ്വതന്ത്ര രാജ്യമാവുകയെന്ന ലക്ഷ്യത്തിലാണ് സ്‌കോട്ട്‌ലന്‍ഡിന്റെ പോക്ക്. സ്‌കോട്ട്‌ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ഗണിന്റെ ശക്തമായ നിലപാടുകളാണ് സ്‌കോട്ടിഷ് ജനതയുടെ സ്വാതന്ത്ര്യ മോഹം ആളിക്കത്തിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് സംബന്ധിച്ച്‌ രണ്ടാമതൊരു ഹിതപരിശോധന വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന നിക്കോളയുടെ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി, ഇപ്പോള്‍ പൗണ്ടിന് പകരം പുതിയ നാണയം കൊണ്ടുവരാനുള്ള ഒരുക്കത്തിലുമാണ്. സമ്ബദ്‌വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനാണ് ഏറ്റവും പ്രാധാന്യം കല്‍പിക്കുന്നതെന്ന് നിക്കോള പറഞ്ഞു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തയ്യാറെടുത്തുകൊള്ളാനും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. സ്‌കോട്ട്‌ലന്‍ഡിലെ 24 ലക്ഷം കുടുംബങ്ങള്‍ക്കും സ്വാനത്ര്യം നേടിക്കൊടുക്കുമെന്നാണ് പ്രഖ്യാപനം. സ്വാതന്ത്ര്യത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നോണമാണ് പൗണ്ട് സ്റ്റെര്‍ലിങ്ങിനെ ഔദ്യോഗിക നാണയത്തില്‍നിന്ന് പുറത്താക്കാനുള്ള നീക്കങ്ങള്‍. പുതിയ നാണയം വരുന്നതോടെ, സാമ്ബത്തികമായി പരമാധികാരം നേടാനാവുമെന്നും സ്‌കോട്ട്‌ലന്‍ഡ് കരുതുന്നു. സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ പലതരം വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് എസ്.എന്‍.പി. കോണ്‍ഫറന്‍സില്‍ സംസാരിക്കവെ നിക്കോള പറഞ്ഞു. അതെല്ലാ സ്വതന്ത്ര രാഷ്ട്രങ്ങളും നേരിടുന്നതാണ്. അതിന് നാം സജ്ജരായിരിക്കണം. അത്തരം പ്രതിസന്ധികളെ വിഭവസദൃദ്ധികൊണ്ട് നേരിടാനാകുമെന്നും സ്‌കോട്ട്‌ലന്‍ഡിനെപ്പോലെ അനുഗ്രഹിക്കപ്പെട്ട രാജ്യങ്ങള്‍ ഭൂമിയില്‍ കുറവാണെന്നും നിക്കോള പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. സ്വതന്ത്ര പരമാധികാര രാഷ്ട്രമാകാന്‍ സ്‌കോട്ട്‌ലന്‍ഡിന് യോഗ്യതയില്ലെന്ന വാദങ്ങള്‍ നാം ഖണ്ഡിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു. സ്വതന്ത്ര സ്‌കോട്ട്‌ലന്‍ഡ് എന്ന ആശയത്തിലേക്ക് മുന്നേറുന്നതാണ് നമ്മുടെ സാമ്ബത്തികാശയങ്ങളെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഹിതപരിശോധനയിലേക്ക് രാജ്യത്തെ അനാവശ്യമായി തള്ളിവിടുകയാണെന്ന് സ്‌കോട്ട്‌ലന്‍ഡിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആരോപിച്ചു. നിക്കോളയുടെ നിര്‍ദേശങ്ങള്‍ രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നവയാണെന്നും സ്‌കോട്ട്‌ലന്‍ഡിന് സ്വന്തമായി നാണയം എത്രയും പെട്ടെന്ന് നിലവില്‍ വരുമെന്ന പ്രഖ്യാപനം സമ്ബദ്‌വ്യവസ്ഥയെ തകിടം മറിക്കുമെന്നും അവര്‍ ആരോപിച്ചു. സ്വന്തം പാര്‍ട്ടിയുടെ വികലമായ താത്പര്യങ്ങള്‍ നടപ്പിലാക്കുകയാണ് നിക്കോളയുടെ നയമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ആദം ടോംകിന്‍സ് പറഞ്ഞു. സ്‌കോട്ട്‌ലന്‍ഡിലെ ലേബര്‍ പാര്‍ട്ടിയും എസ്.എന്‍.പിയോടും നിക്കോളയോടും യോജിക്കുന്നില്ല. രാജ്യത്തെ ഐക്യപ്പെടുത്തുന്നതിനെക്കാള്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടാക്കുന്നതിനാണ് നിക്കോളയ്ക്ക് താത്പര്യമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് റിച്ചാര്‍ഡ് ലിയോനാര്‍ഡ് പറഞ്ഞു. പൗണ്ട് എത്രയും വേഗം ഇല്ലാതാക്കുമെന്ന എസ്.എന്‍.പിയുടെ പ്രഖ്യാപനത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് വായ്പയുള്‍പ്പെടെയെടുത്ത ആയിരക്കണക്കിന് കുടുംബങ്ങളെയാകും ഈ തീരുമാനം വലയ്ക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.



Related News