Loading ...

Home health

വൈദ്യശാസ്ത്ര നൊബേലിൽ ആലപ്പുഴയുടെ സാന്നിധ്യം by ആർ. കൃഷ്ണരാജ്

ആലപ്പുഴ ∙ വൈദ്യശാസ്ത്ര നൊബേൽ സമ്മാനത്തിന് അർഹമായ മരുന്നുകൾ ആദ്യമായി പരീക്ഷിച്ചത് ആലപ്പുഴയിൽ. ആലപ്പുഴ ടിഡി മെഡിക്കൽ കോളജിലെ മന്തുരോഗ ഗവേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണു മന്തുരോഗ വിരകളെ നശിപ്പിക്കുന്നതിനുള്ള മരുന്നിന്റെ പരീക്ഷണം നടത്തിയത്. പുതിയ മരുന്നായ ഐവർമെക്ടിന്റെ നിലവാരം, പ്രഹരശേഷി, ഓരോ രോഗിക്കും കൊടുക്കേണ്ട അളവ് എന്നിവ നിർണയിച്ച പഠനങ്ങളാണ് ആലപ്പുഴ മെഡിക്കൽ കോളജിന്റെ സഹായത്തോടെ നടത്തിയത്. രോഗബാധിതന്റെ ഓരോ കിലോ ഭാരത്തിനും 200 മൈക്രോഗ്രാം എന്ന ഡോസ് നിശ്ചയിച്ചതും ഇവിടെ നടത്തിയ പഠനത്തിലാണ്.പഴയ മരുന്നായ ഡിഇസിയും (ഡൈ ഈതൈൽ കാർബമസീൻ സിട്രേറ്റ്) ഐവർ‌മക്ടിനും തമ്മിലുള്ള താരതമ്യ പഠനവും ആലപ്പുഴയിൽ നടത്തി. മന്തുരോഗ ബാധിതരുടെ സാന്നിധ്യവും ഇതു സംബന്ധിച്ച പഠനത്തിനുള്ള സൗകര്യങ്ങളും മുൻനിർത്തിയാണു ലോകാരോഗ്യ സംഘടന ആലപ്പുഴ മെഡിക്കൽ കോളജിനെ നിർണായക പഠനത്തിനായി തിരഞ്ഞെടുത്തത്. ആലപ്പുഴ ടിഡി മെഡിക്കൽ കോളജിലെ ഫൈലേറിയാസിസ് മേധാവിയായിരുന്ന മുൻ പ്രഫസർ ഡോ. ആർ.കെ. ഷേണായി, മെഡിക്കൽ കോളജ് പ്രഫസർ ഡോ. ടി.കെ. സുമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ഗവേഷണങ്ങൾക്കു നേതൃത്വം നൽകിയത്.

ലോകാരോഗ്യ സംഘടനയ്ക്കായി ഗവേഷണം നടത്തുന്നവരും നൊബേൽ സമ്മാന ജേതാക്കളുമായ വിദേശ ശാസ്ത്രജ്ഞർ വില്യം കാംപ്ബെൽ, സതോഷി ഒമുറ എന്നിവരുമായി ഫൈലേറിയാസിസ് യൂണിറ്റ് നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. ഡിഇസി – ആൽബെൻഡോസോൾ സംയുക്ത മരുന്നാണ് ഇതുവരെ ലോകം മുഴുവൻ മന്തുരോഗ ചികിൽസയ്ക്ക് ഉപയോഗിച്ചിരുന്നത്. എന്നാൽ, ആഫ്രിക്കൻ രാജ്യങ്ങളിൽ ഡിഇസി പാർശ്വഫലങ്ങൾ സൃഷ്ടിച്ചതോടെയാണു പുതിയ മരുന്നിനായുള്ള ശ്രമങ്ങൾ തുടങ്ങിയത്.ആഫ്രിക്കയിലെ പാർശ്വഫലങ്ങളുടെ പേരിൽ ഇന്ത്യയിലും വിവാദങ്ങൾ രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഐവർമെക്ടിൻ വികസിപ്പിച്ചത്. പാർശ്വഫലങ്ങൾ ദൃശ്യമായ ആഫ്രിക്കൻ രാജ്യങ്ങൾക്കു പുറമെ പാർശ്വഫലങ്ങൾ സൃഷ്ടിക്കാത്ത രാജ്യങ്ങളിലും ഇവ പരിശോധിക്കണമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിർദേശം. തുടർന്നു രണ്ടു വർഷം നീണ്ട പരീക്ഷണമാണ് ആലപ്പുഴ കേന്ദ്രീകരിച്ചു നടത്തിയത്. നിലവിൽ ആലപ്പുഴ ജില്ലയിൽ നാലായിരത്തിലേറെ മന്തുരോഗ ബാധിതരുണ്ട്. ഇരു മരുന്നുകളും രോഗബാധിതരിൽ രണ്ടു വർഷത്തോളം വിതരണം ചെയ്തു. രണ്ടു മരുന്നും പ്രയോജനകരമെന്നാണു ഗവേഷണത്തിൽ കണ്ടെത്തിയത്.

Related News