Loading ...

Home Education

പ്രേതകണങ്ങൾ വരുന്നത് സൂര്യനിൽ നിന്ന്...

ന്യൂട്രിനോ കണങ്ങളുടെ (പ്രേതകണങ്ങൾ) രൂപമാറ്റം വിശദീകരിച്ചതിലൂടെ അവയ്ക്ക് പിണ്ഡം (അഥവാ ദ്രവ്യമാനം) ഉണ്ടെന്നു തെളിയിച്ച രണ്ടു ശാസ്ത്രജ്ഞർക്കാണ് ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചത്. ജപ്പാനിലെ തക്കാക്കി കാജിത, കാനഡയിലെ ആർതർ ബി. മക്ഡൊണാൾ‌ഡ് എന്നിവരാണ് 6.29 കോടി രൂപയുടെ പുരസ്കാരം പങ്കിട്ടത്

.സ്വയം മാറും മാജിക് കണം

പ്രപഞ്ചത്തിൽ പ്രകാശകണങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കണങ്ങളാണ് ന്യൂട്രിനോകൾ. ‘ന്യൂട്രിനോ’ എന്നാൽ ചെറുതും നിഷ്പക്ഷവും നിരുപദ്രവകാരിയുമായ കണം എന്നാണ്. ചാർജ് ഇല്ലാത്തതും ദ്രവ്യമാനം വളരെക്കുറഞ്ഞതും പ്രകാശപ്രവേഗത്തിനടുത്തുള്ള വേഗത്തിൽ സഞ്ചരിക്കുന്നതുമായ അടിസ്ഥാന കണികകളിലൊന്നാണിത്. പ്രതിപ്രവർത്തനശേഷി തീരെ ഇല്ലാത്തതിനാൽ അവയെ കണ്ടെത്താൻ വളരെ പ്രയാസമാണ്.

പ്രകാശത്തോടടുത്ത വേഗത്തില്‍ സഞ്ചരിക്കുന്ന ഈ കണം സൂര്യനില്‍നിന്ന് എപ്പോഴും ഭൂമിയിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. സൂര്യനിൽ നിന്നു പുറത്തുവരുന്ന ന്യൂട്രിനോകൾ ഭൂമിയിലെത്തുമ്പോഴേക്കും എണ്ണത്തിൽ കുറയുന്നത് ഏറെക്കാലം ശാസ്ത്രജ്ഞരെ കുഴക്കിയിരുന്നു. ഇതു വിശദീകരിക്കാൻ നടത്തിയ പരീക്ഷണങ്ങൾക്കാണ് ഇപ്പോൾ നൊബേൽ പുരസ്കാരം.

അതേസമയം, സൂര്യന് പുറമേ, പ്രപഞ്ചത്തിലെ മറ്റു സ്രോതസുകളില്‍ നിന്ന് ഇവ ഭൂമിയിലെത്തെുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂര്യനിൽ നിന്നു മാത്രം സെക്കന്‍ഡില്‍ 2x10 38 (രണ്ടിനു ശേഷം 38 പൂജ്യം) ന്യൂട്രിനോകള്‍ ഭൂമിയിൽ എത്തുന്നുവെന്നാണ് കണക്ക്.

തെളിയുമോ പ്രപഞ്ചരഹസ്യം?

സൂര്യനു പുറമെ മറ്റു നക്ഷത്രങ്ങൾ, സൂപ്പർനോവ, കോസ്മിക് രശ്മികൾ, ആക്‌സിലറേറ്ററുകളിലെ ഉന്നത ഊർജകൂട്ടിയിടികൾ എന്നിവയെല്ലാം ന്യൂട്രിനോ കണികകളെ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ ന്യൂട്രിനോകളെക്കുറിച്ചുള്ള പഠനം പ്രപഞ്ചത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള പഠനം കൂടിയാണ്.

 â€à´ªàµà´°àµ‡à´¤à´•à´£à´‚, പേരുവന്ന വഴി

സൂര്യനില്‍നിന്ന് വരുന്ന ന്യൂട്രിനോ കണങ്ങളെക്കുറിച്ചും 1950 ൽ തന്നെ ഗവേഷണം നടന്നിരുന്നു. എന്നാല്‍, സൂര്യനില്‍ നിന്നെത്തുന്ന കണങ്ങളില്‍ മൂന്നില്‍ രണ്ടും വഴിയില്‍വെച്ച് മറയുന്നതായി കണ്ടെത്തി. ഇങ്ങനെ മറയുന്ന കണങ്ങളെക്കുറിച്ച് പല സിദ്ധാന്തങ്ങൾ മുന്നോട്ടുവന്നെങ്കിലും ഒന്നിനും നിലനില്‍പുണ്ടായില്ല. സോളാര്‍ ന്യൂട്രിനോ പ്രോബ്ലം എന്നാണ് ഇതിനെ അന്നു വിളിച്ചിരുന്നത്. നാലു ദശകത്തോളം ഗവേഷകരെ ന്യൂട്രിനോ തുടരെ കബളിപ്പിച്ചതോടെയാണ് പ്രേതകണം, നിഗൂഢകണം എന്നീ പേരുകൾ വന്നത്.

ഭൗതികശാസ്ത്ര നൊബേൽ

∙ തക്കാക്കി കാജിത (56)

ടോക്കിയോ സർവകലാശാലയിലെ പ്രഫസറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്മിക് റേ റിസർച് ഡയറക്ടറും. ജപ്പാനിലെ സൂപ്പർ കാമിയോകാൻഡ് ഡിറ്റക്റ്ററിൽ എത്തുന്ന ന്യൂട്രിനോകൾ ആൾമാറാട്ടത്തിനു വിധേയമാകുന്നുവെന്നു കണ്ടെത്തി.

∙ ആർതർ ബി. മക്ഡൊണാൾഡ് (72)

കിങ്സ്റ്റൺ ക്വീൻസ് സർവകലാശാലാ ഇമെരിറ്റസ് പ്രഫസർ. സൂര്യനിൽ നിന്നു വരുന്ന ന്യൂട്രിനോകളും ന്യൂട്രിനോ ആന്ദോളനത്തിനു വിധേയമാകുന്നുണ്ടെന്നും അങ്ങനെ രൂപമാറ്റം സംഭവിച്ചവയാണ് സഡ്ബറി ന്യൂട്രിനോ ഒബ്സർവേറ്ററിയിൽ എത്തുന്നതെന്നും തെളിയിച്ചു.

മാറ്റം ഇങ്ങനെ

ന്യൂട്രിനോകൾ മൂന്നിനമുണ്ട്: ഇലക്ട്രോൺ ന്യൂട്രിനോ, മ്യൂഓൺ ന്യൂട്രിനോ, ടൗ ന്യൂട്രിനോ. സൂര്യനുള്ളിൽ ഉദ്ഭവിക്കുന്നത് ഇലക്ട്രോൺ ന്യൂട്രിനോ ആണ്. ഭൂമിയിലേക്ക് പോരുംവഴി അവ സ്വയം ഇനം മാറുന്നു. ന്യൂട്രിനോകളുടെ ഈ പരസ്പര ‘ആൾമാറാട്ടം’ ന്യൂട്രിനോ ഓസിലേഷൻസ് എന്നാണ് അറിയപ്പെടുന്നത്. ഈ പ്രതിഭാസം കണികാസിദ്ധാന്തത്തിന്റെ മാനകമാതൃകയിൽ തിരുത്തൽ വരുത്താൻ ഇടയാക്കി.

Related News