Loading ...

Home National

ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി: 13 പേര്‍ക്ക് പരിക്ക്‌

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ തീവണ്ടി പാളം തെറ്റി 13 പേര്‍ക്ക് പരിക്ക്. കൊല്‍ക്കത്തയിലെ ഹൗറയില്‍ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ഹൗറ - ന്യൂദില്ലി പൂര്‍വ എക്‌സ്പ്രസിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇതോടെ ഈ പാതയിലുള്ള തീവണ്ടി ഗതാഗതം താറുമാറായി. പുലര്‍ച്ചെ ഒരു മണിയോടെ പ്രയാഗ്‌രാജ് സ്റ്റേഷന്‍ വിട്ട ശേഷമാണ് കാന്‍പൂരിനടുത്തുള്ള റൂമ ഗ്രാമത്തിനടുത്തു വച്ച്‌ അപകടമുണ്ടായത്. വിവരം കിട്ടിയതോടെ സ്ഥലത്തേക്ക് കാന്‍പൂരില്‍ നിന്ന് 15 ആംബുലന്‍സുകളെത്തിച്ചു. പന്ത്രണ്ട് കോച്ചുകളില്‍ അഞ്ചെണ്ണത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ കോച്ചുകളെല്ലാം എടുത്ത് മാറ്റിയ ശേഷമേ ഇത് വഴിയുള്ള ട്രെയിന്‍ ഗതാഗതം സാധ്യമാകൂ. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ നിന്നുള്ള എല്ലാ തീവണ്ടികളും വൈകാനാണ് സാധ്യത. വൈകിട്ട് നാല് മണിയോടെ മാത്രമേ റെയില്‍ഗതാഗതം സാധ്യമാകൂ എന്ന് ഉത്തരറെയില്‍വേ പിആര്‍ഒ അറിയിച്ചു. അടിയന്തരമായി വൈദ്യസഹായത്തിനുള്ള ഉപകരണങ്ങളടക്കമുള്ള മറ്റൊരു ട്രെയിന്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ദുരന്തപ്രതികരണസേനയുടെ 45 അംഗസംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. തീവണ്ടിയിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ കാന്‍പൂരിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അവിടെ നിന്ന് പ്രത്യേക ബസ്സുകളില്‍ യാത്രക്കാരെ ദില്ലിയിലേക്ക് കൊണ്ടുപോകും.

Related News