Loading ...

Home Education

പ്ലസ്ടുവിനു ശേഷം ഉപരിപഠനം

ലോകത്തെ മാറ്റിമറിക്കുന്നതിനുള്ള മുഖ്യ ആയുധം വിദ്യാഭ്യാസം തന്നെ. അതില്‍ തന്നെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഏറെ പ്രാധാന്യമുണ്ട്. പ്ലസ്ടുവിന് ശേഷം ഇനിയെന്ത് എന്നത് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഒരു പോലെയുള്ള ആശങ്കയാണ്. മുന്നില്‍ വഴികള്‍ നിരവധിയാണ്. തങ്ങളുടെ മേഖല ഏതെന്ന് നിശ്ചയിച്ചാല്‍ മാത്രം മതി. ഭാവി ജീവിതം എന്തെന്ന് തീരുമാനിക്കേണ്ട നിര്‍ണായക ഘട്ടത്തിലാണ് പ്ലസ്ടു കഴിഞ്ഞ യുവസമൂഹം. ബുദ്ധിയും യുക്തിയും സാധ്യതകളും കഴിവും വിലയിരുത്തിയാകണം ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെക്കേണ്ടത്. നീണ്ട സാധ്യതകള്‍ പ്ലസ്ടു കഴിഞ്ഞാല്‍ എന്‍ജിനീയറിംഗ് അല്ലെങ്കില്‍ മെഡിക്കല്‍ എന്നായിരുന്നു പഴയകാല സങ്കല്‍പ്പം. എന്നാല്‍, സാങ്കേതിക വിദ്യയുടെ ഞെട്ടിപ്പിക്കുന്ന സാധ്യതകള്‍ ധാരാളം നൂതന മേഖലകള്‍ തുറന്നിട്ടിട്ടുണ്ട്. ഏറെ പേരും ചേരാനാഗ്രഹിക്കുന്ന മെഡിക്കല്‍, എന്‍ജിനീയറിംഗ് വിഭാഗങ്ങളില്‍ പോലും പുതിയ ശാഖകളും വ്യത്യസ്ത കോഴ്‌സുകളും നിലവിലുണ്ട്.
കൊമേഴ്‌സ്, സോഷ്യല്‍ സയന്‍സ് വിഭാഗങ്ങളില്‍ വിവിധങ്ങളായ തൊഴില്‍ മേഖലകള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ മാധ്യമ രംഗത്ത് പുതിയ പ്രവണതകളും കല കായിക സാംസ്‌കാരിക മേഖലകളിലെ വ്യത്യസ്ത കോഴ്‌സുകളും മുന്നിലുണ്ട്. ബിസിനസ് രംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള നൂതന കോഴ്‌സുകള്‍ക്കും സാധ്യത ഏറെ വരുന്നു.
മെഡിക്കല്‍ മിക്കവരുടെയും സ്വപ്‌നങ്ങളില്‍ ഡോക്ടറുടെ ജോലിയുണ്ടാകുക സ്വാഭാവികം. മെഡിക്കല്‍ മേഖല ഇന്ന് വിപുലപ്പെട്ട് വ്യത്യസ്ത ശാഖകളായി പടര്‍ന്നിരിക്കുന്നു. കേവലം എം ബി ബി എസ് പഠനം മാത്രമല്ല മുന്നിലുള്ളത്. സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ റോബോട്ടുകള്‍ സര്‍ജറി നടത്തുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. അതിനാല്‍ തന്നെ മെഡിക്കല്‍ മേഖലയും ടെക്‌നോളജിയും ചേര്‍ത്തുള്ള നിരവധി കോഴ്‌സുകള്‍ ലഭ്യമാണ്.
ആയുര്‍വേദ രംഗത്തിന്റെ സാധ്യതകളും കൂടിവരുന്നുണ്ട്. ഹോമിയോപ്പതിക്കും ദന്തല്‍ വിഭാഗത്തിനും മെഡിക്കല്‍, ടൂറിസം മേഖലയില്‍ നിര്‍ണായക സ്ഥാനമുണ്ട്. രോഗശമനത്തിനായുള്ള മരുന്നു നിര്‍മാണ വിതരണ മേഖല വന്‍ കുതിപ്പിലാണ്. അതിനാല്‍തന്നെ ഫാര്‍മസി കോഴ്‌സുകളുടെ പ്രാധാന്യവും കൂടിവരുന്നു. നഴ്‌സിംഗ് കോഴ്‌സുകള്‍ക്ക് പുതിയ മാനം കൈവന്നിരിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. രോഗനിര്‍ണയ രംഗമായ സ്‌കാനിംഗ്, എക്‌സ്‌റേ, ലാബുകള്‍ തുടങ്ങിയ മേഖലകളില്‍ നിരവധി കോഴ്‌സുകള്‍ നിലവിലുണ്ട്.
കൊമേഴ്‌സ്
മേഖല
ബിസിനസ് രംഗത്തുണ്ടായ മാറ്റങ്ങള്‍ കൊമേഴ്‌സ് കോഴ്‌സുകളുടെ ലഭ്യത കൂട്ടിയിട്ടുണ്ട്. അക്കൗണ്ടന്‍സി, ബേങ്കിംഗ് തുടങ്ങിയവയിലൊക്കെ പുതിയ പുതിയ ശാഖകള്‍ വികസിച്ചുകൊണ്ടിരിക്കുന്നു. ഏതൊരു കമ്ബനിക്കും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ സേവനം അനിവാര്യമാണ്. ഓണ്‍ലൈന്‍ സേവനങ്ങളും ധനക്രിയ വിക്രയങ്ങളും സുതാര്യമായതോടെ ഈ മേഖല ശക്തിയാര്‍ജിച്ചുവരുന്നു. ജേര്‍ണലിസം മാധ്യമങ്ങള്‍ നിയന്ത്രിക്കുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. വിഷ്വല്‍ മീഡിയയുടെയും സോഷ്യല്‍ മീഡിയയുടെയും വളര്‍ച്ച മാധ്യമ രംഗത്തെ മാറ്റിമറിച്ചിട്ടുണ്ട്. ജേര്‍ണലിസം രംഗത്ത് നിരവധി കോഴ്‌സുകളുള്ള പ്രശസ്തമായ സ്ഥാപനങ്ങളും (ഐ ഐ എം സി) കേരളത്തിലുണ്ട്. നിയമം നിയമരംഗത്താണ് താത്പര്യമെങ്കില്‍ പ്ലസ്ടൂ കഴിയുമ്ബോള്‍ തന്നെ പഞ്ചവത്സര നിയമ കോഴ്‌സുകള്‍ക്ക് ചേരാവുന്നതാണ്. ജുഡീഷ്യറി രംഗത്തും നിയമമേഖലകളിലും പ്രാഗത്ഭ്യമുള്ളവര്‍ക്ക് വന്‍ പ്രതിഫലമാണ് ലഭിക്കുന്നത്. മാനേജ്‌മെന്റ് തൊഴില്‍, ബിസിനസ്, സര്‍ക്കാര്‍ മേഖലകളില്‍ മാനേജ്‌മെന്റിനുള്ള പ്രാധാന്യം ചെറുതല്ല. ഒരു ഇവന്റ് എങ്ങനെ വിജയിപ്പിച്ചെടുക്കുന്നു എന്നത് വലിയ കല തന്നെയാണ്. കല്യാണം തുടങ്ങി ഇലക്്ഷന്‍ പ്രചാരണം വരെ നയിക്കുന്നത് മാനേജ്‌മെന്റ് വിദഗ്ധരാണ്. ബി ബി എ, ബി ബി എം തുടങ്ങിയ ബിരുദ കോഴ്‌സുകള്‍ വഴി പ്ലസ്ടുകാര്‍ക്ക് മാനേജ്‌മെന്റ് പഠനത്തിന് തുടക്കമിടാം. ബിരുദങ്ങള്‍ മാത്രം പോരാ നാം ഏത് മേഖല തിരഞ്ഞെടുത്താലും അതില്‍ മികവ് പുലര്‍ത്താനാണ് ശ്രമിക്കേണ്ടത്. ഓരോ മേഖലക്കും അതിന്റേതായ പ്രാധാന്യമുണ്ട്. നമ്മുടെ കഴിവും പ്രാഗത്ഭ്യവുമാണ് അളക്കപ്പെടുക. കേവല ബിരുദങ്ങള്‍ തുണയാകില്ല. ഏറെ വെല്ലുവിളികളും മത്സരങ്ങളും നിറഞ്ഞ ലോകത്ത് തിളങ്ങാന്‍ നമ്മുടെ മേഖലകളില്‍ തൊഴില്‍ നൈപുണിയും കാര്യശേഷിയും ഉണ്ടായേ തീരൂ.

Related News