Loading ...

Home special dish

ഉപ്പുമാങ്ങക്കറി

ഉപ്പുമാങ്ങ എന്ന് കേള്‍ക്കുമ്പോഴേ വായില്‍ വെള്ളം നിറയാത്ത മലയാളി ഉണ്ടോ....പണ്ട് കാലത്ത് ,അല്ല ഇപ്പോഴും പല വീടുകളിലും വലിയ ഭരണികളില്‍ ഉപ്പുമാങ്ങ ഉണ്ടാക്കി സൂക്ഷിക്കുന്നുണ്ട്.കുറെ കാലം ഇത് കേടുകൂടാതെ നില്‍ക്കും.ഉപ്പുമാങ്ങ വെറുതെ കഴിയ്ക്കുവാന്‍ നല്ല രുചിയാണ്.എങ്കിലും ഇത് കൊണ്ട് ഉണ്ടാക്കാവുന്ന ചില തനി നാടന്‍ വിഭവങ്ങളും ഉണ്ട്,അവയില്‍ പ്രധാനം ഉപ്പുമാങ്ങ ചമ്മന്തിയും ഉപ്പുമാങ്ങ അരച്ച്കലക്കിയും പിന്നെ കറിയും ആണ്..
മാങ്ങാ ചെറിയ കഷണങ്ങളായി മുറിച്ചും മുറിയ്ക്കാതെ മുഴുവനായി തന്നെ ഇട്ടും ഈ കറി വെയ്ക്കാവുന്നതാണ് .

ഉപ്പുമാങ്ങാ -- ആളിന്റെ എണ്ണം അനുസരിച്ചു മൂന്നു നാലെണ്ണം എടുക്കുക 
ഇനി ഇപ്പോള്‍ നിങ്ങൾക്ക് മാങ്ങാ മുറിച്ചു ഇടാനാണ് ഇഷ്ടം എങ്കില്‍ 2 എണ്ണം മതി.
പച്ചമുളക് - മൂന്നു അല്ലെങ്കില്‍ നാല് 
തേങ്ങാ ചിരവിയത് -- 1 കപ്പ്‌
കുഞ്ഞുള്ളി --4 എണ്ണം
ജീരകം - ഒരു നുള്ള്
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
വറ്റല്‍ മുളക് - 2
കറി വേപ്പില - ഒന്നോ രണ്ടോ കതിര്‍ 
കടുക് , എണ്ണ, ഉപ്പ് , വെള്ളം എന്നിവ പാകത്തിന് എടുക്കുക..

ഉണ്ടാക്കുന്ന വിധം:
ഉപ്പുമാങ്ങ കഷങ്ങളായി മുറിച്ചു /അല്ലെങ്കില്‍മുറിക്കാതെയോ കുറച്ചു വെള്ളവും പച്ചമുളക് കീറിയതും ചേര്‍ത്തു വേവിയ്ക്കുക.
ഈ സമയം ഒരു മിക്സറില്‍ തേങ്ങ ,ജീരകം എന്നിവ നല്ല നേര്‍മ്മയായി അരയ്ക്കുക.മാങ്ങാ നല്ല മൃദുവായാല്‍ ഇതിലേക്ക് തേങ്ങാ അരപ്പ് ചേര്‍ത്തു ഇളക്കുക.രണ്ടു മൂന്നു മിനിട്ട് ഒന്ന് ചൂടായി തിള പോലെ വരുമ്പോള്‍ തീയ് അണയ്ക്കുക .ഉപ്പ് ആവശ്യം എങ്കില്‍ ചേര്‍ക്കുക.
ഇനി ഒരു പാനില്‍ കടുക് താളി ച്ച് ഇതിലേക്ക് ചേര്‍ക്കുക.കറി തയ്യാര്‍ ആയി .ഇനി ഈ കറി കുറച്ചു നേരം ഇരുന്നു മാങ്ങയും ചാറും ഒക്കെ ഒന്ന് നന്നായി പിടിച്ചിട്ടു വേണം കഴിയ്ക്കാന്‍..നല്ല കുത്തരി ചോറിന്റെ കൂടെ കഴിക്കുന്നത്‌ നല്ല സ്വാദായിരിക്കും ....

ചിത്രത്തില്‍ ഇല്ലാത്ത ഒരു റെസിപി കൂടി ,,,,,,

ഉപ്പുമാങ്ങാ അരച്ചുകലക്കി 
..................................................
ഉപ്പുമാങ്ങ - 2
തേങ്ങ - 1 കപ്പ്‌
കാന്താരി ആവശ്യത്തിനു എടുക്കുക
ഉപ്പുമാങ്ങയുടെ മാംസളമായ ഭാഗം ചെത്തി എടുത്തു ബാക്കി മാറ്റി വയ്ക്കുക . 
തേങ്ങയും കാന്താരിയും ചേർത്ത് അരച്ചെടുക്കുക . 
ഉപ്പിനു പകരം ഉപ്പുമാങ്ങായിലെ വെള്ളം ചേര്‍ക്കുക.
മാങ്ങയുടെ പുളി മതി.ആവശ്യത്തിനു വെള്ളവും നേരത്തെ മാറ്റി വെച്ച മാങ്ങാണ്ടിയും ചേര്‍ത്തു തിളപ്പിക്കുക.ഇനി കടുകും ഇത്തിരി ഉലുവയും കറി വേപ്പിലയും വറ്റല്‍ മുളകും താളിച്ചിടുക

Related News