Loading ...

Home sports

റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം നടത്തി ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്‌നേഷ് ഗുണേശ്വരന്‍

ദില്ലി: സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ പുരുഷ സിംഗിള്‍സ് റാങ്കിങ്ങില്‍ വന്‍ നേട്ടമുണ്ടാക്കി. കരിയറിലെ ഏറ്റവും മികച്ച റാങ്കായ 80-ലാണ് പ്രജ്‌നേഷ് എത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫിബ്രുവരിയില്‍ 100-ാം റാങ്കിനുള്ളില്‍ കടന്നിരുന്ന പ്രജ്‌നേഷിന് സമീപകാലത്തെ വിജയങ്ങളാണ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയത്. ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്റില്‍ പ്രജ്‌നേഷ് മൂന്നാം റൗണ്ടില്‍ കടന്നിരുന്നു. കൂടാതെ ബിഎന്‍പി പരിബാസ് ടൂര്‍ണമെന്റിലും മൂന്നാം റൗണ്ടിലെത്തി. മിയാമി ഓപ്പണില്‍ മത്സരിക്കാന്‍ അവസരവും തേടിയെത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലൂടെ തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം അരങ്ങേറ്റം നടത്തിയതും ഈ വര്‍ഷം തന്നെ. ഗ്രാന്‍ഡ്സ്ലാം കളിക്കാനിറങ്ങിയ താരം ആദ്യ റൗണ്ടില്‍ പുറത്താവുകയും ചെയ്തു. എതിരാളിയായ അമേരിക്കന്‍ താരം ഫ്രാന്‍സിസ് തിയാഫോയിക്കെതിരെ മികച്ച കളി തന്നെയാണ് പ്രജ്നേഷ് പുറത്തെടുത്തത്. തിയാഫോയ് പിന്നീട് ടൂര്‍ണമെന്റില്‍ ഏറെ മുന്നേറുകയും ചെയ്തു.

ആദ്യ 100 റാങ്കിനുള്ളില്‍ എത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് പ്രജ്നേഷ്. നേരത്തെ ഇന്ത്യന്‍ താരങ്ങളായ സോംദേവ് വര്‍മനും യൂക്കി ഭാംബ്രിയും 100 റാങ്കിനുള്ളില്‍ കടന്നിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം റാങ്കിങ് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, മറ്റൊരു ഇന്ത്യന്‍ താരമായ രാംകുമാര്‍ രാംനാഥിന്‍ 150ല്‍ നിന്നും 157-ാം സ്ഥാനത്തേക്ക് വീണു.

Related News