Loading ...

Home Kerala

കേരളകോണ്‍ഗ്രസിനെ ഇനി ആര് നയിക്കും; നിര്‍ണ്ണായക തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം

കോട്ടയം: കേരളകോണ്‍ഗ്രസിനെ ആര് നയിക്കുമെന്ന നിര്‍ണ്ണായക തീരുമാനത്തിന് തെരഞ്ഞെടുപ്പ് കഴിയും വരും കാത്തിരിക്കേണ്ടി വരും. അതുവരെ പാര്‍ട്ടിയുടെ ചുമതലകള്‍ വര്‍ക്കിംഗ് ചെയര്‍മാനും ഡെപ്യൂട്ടി ചെയര്‍മാനും വഹിക്കും. കെ എം മാണിയുടെ നിര്യാണത്തോടെ രണ്ട് നിര്‍ണ്ണായക തീരുമാനങ്ങളാണ് കേരളകോണ്‍ഗ്രസ് എം ഉടന്‍ എടുക്കേണ്ടത്. ചെയര്‍മാന്‍, നിയമസഭാകക്ഷിനേതൃസ്ഥാനം എന്നിവ ആര്‍ക്കൊക്കെയാണ്. .

പാലായില്‍ ആര് സ്ഥാനാര്‍ത്ഥിയാകുമെന്നത് ഇപ്പോള്‍ തീരുമാനമെടുക്കേണ്ട വിഷയമല്ല. പി ജെ ജോസഫാണ് പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍. ചെയര്‍മാനില്ലാത്ത സമയത്ത് വര്‍ക്കിംഗ് ചെയര്‍മാനാണ് അധ്യക്ഷന്‍. സി എഫ് തോമസ് ഡെപ്യൂട്ടി ചെയര്‍മാനും ജോസ് കെ മാണി വൈസ് ചെയര്‍മാനുമാണ്. തെര‌‌‌ഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കുന്നതിനാല്‍ ഈ ഘടനയില്‍ ഒരു മാറ്റം ഇപ്പോള്‍ വേണ്ടെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ.

തെരഞ്ഞെടുപ്പ് ശേഷം മാത്രമേ പാര്‍ട്ടി കമ്മിറ്റി പോലും ചേരു. പലപ്പോഴും ചെയര്‍മാന്‍ സ്ഥാനം കേരളകോണ്‍ഗ്രസിന് കീറാമുട്ടിയായിട്ടുണ്ട്. എന്നാല്‍ കേരളകോണ്‍ഗ്രസ് എമ്മിന് ഒരു നേതാവ് മാത്രമാണുണ്ടായിരുന്നത്. പാര്‍ട്ടി ചെയര്‍മാനും നിയമസഭാകക്ഷി നേതാവും ഒരാളായിരുന്നു. ഇനിയും അങ്ങനെയായിരിക്കുമോ എന്നതാണ് അറിയേണ്ടത്. ചെയര്‍‍മാന്‍ സ്ഥാനം വേണമെന്ന ആഗ്രഹം പി ജെ ജോസഫിനുണ്ട്.

ലോക്സഭാ സീറ്റ് ചോദിച്ച്‌ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട ജോസഫിന് സ്റ്റിയറിംഗ് കമ്മിറ്റിയിലെയും ഉന്നതാധികാരസമിതിയിലേയും മാണി ഗ്രൂപ്പിന്റ ഭൂരിപക്ഷം വെല്ലുവിളിയാണ്. ചെയര്‍മാന്‍ സ്ഥാനം ജോസ് കെ മാണിക്ക് നല്‍കി നിയമസഭാ കക്ഷി നേതൃസ്ഥാനം പി ജെ ജോസഫിന് നല്‍കാനുള്ള ഫോര്‍മുല മാണി ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എതായാലും പരസ്യ അഭിപ്രായപ്രകടനത്തിന് ഇപ്പോള്‍ നേതാക്കള്‍ തയ്യാറല്ല. തെരഞ്ഞെടുപ്പ് കഴിയും വരെ കാക്കാനാണ് ഇരുവിഭാഗത്തിലെയും നേതാക്കളുടെ തീരുമാനം.

Related News