Loading ...

Home sports

കോലിയെ......ഇന്നെങ്കിലും ജയിക്കുമോ? ബംഗളൂരു ഇന്ന് പഞ്ചാബിനെതിരേ

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ. തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ തോറ്റ ബംഗളൂരുവിന് ഇനി ജയത്തില്‍കുറഞ്ഞൊന്നും ചിന്തിക്കാനില്ല. തുടര്‍തോല്‍വികളെത്തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ കോലിക്കും സംഘത്തിനും ഇന്ന് പഞ്ചാബിനെ കീഴ്‌പ്പെടുത്തേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. പിഴവുകളെല്ലാം നികത്തി ബംഗളൂരു ഫോമില്‍ തിരിച്ചെത്തുമെന്നാണ് ടീമിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എ.ബി ഡിവില്ലിയേഴ്‌സ് പറയുന്നത്. എന്നാല്‍ ഇനി ഇത്തരം വാഗ്ദാനങ്ങളൊന്നും ആരാധകരെ സന്തോഷിപ്പിക്കില്ല.തുടര്‍ ജയങ്ങള്‍ മാത്രമാണ് പിണങ്ങി നില്‍ക്കുന്ന ആരാധകരെ തിരിച്ചെത്തിക്കാന്‍ ബംഗളൂരുവിന് ചെയ്യാന്‍ കഴിയുന്നത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തുമ്ബോള്‍ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിക്കെതിരായ വിമര്‍ശനങ്ങളും ശക്തമാകുന്നു. ബാറ്റുകൊണ്ട് കോലി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും മറ്റാര്‍ക്കും സ്ഥിരതയില്ല. അവസാന മത്സരത്തില്‍ മുംബൈയോട് തോറ്റ ക്ഷീണത്തിലാണ് പഞ്ചാബ് ഇറങ്ങുന്നത്. ഏഴ് മത്സരത്തില്‍ നാല് ജയവും മൂന്ന് തോല്‍വിയുമടക്കം എട്ട് പോയിന്റുള്ള പഞ്ചാബ് നാലാം സ്ഥാനത്താണ്. ടീമുകള്‍ തമ്മിലുള്ള പോയിന്റ് വ്യത്യാസം ചെറുതായതിനാല്‍ത്തന്നെ സ്ഥാനം നിലനിര്‍ത്തുക പഞ്ചാബിന് കടുപ്പമാകും. തട്ടകത്തില്‍ ജയിക്കാന്‍ പഞ്ചാബ് തന്ത്രം മെനയുമ്ബോള്‍ സീസണിലെ ആദ്യ ജയം തേടിയാവും ബംഗളൂരുവിന്റെ പടപ്പുറപ്പാട്.

സ്റ്റെയിനെത്തി,ബംഗളൂരുവിന് പ്രതീക്ഷബൗളിങ് നിരയുടെ മോശം പ്രകടനമാണ് ഈ സീസണില്‍ ബംഗളൂരുവിനെ പിന്നോട്ടടിച്ചത്. ഉമേഷ് യാദവ്,മുഹമ്മദ് സിറാജ്,നവദീപ് സൈനി,ടിം സൗത്തി എന്നിവരെല്ലാം കണക്കിന് തല്ലുമേടിച്ചു കൂട്ടുന്നു. മികച്ച പേസ് ബൗളറുടെ അഭാവം നിഴലിച്ച്‌ നില്‍ക്കുന്ന ബംഗളൂരു നിരയിലേക്ക് സ്‌റ്റെയിന്‍ എത്തുമ്ബോള്‍ ടീമിന്റെ പ്രതീക്ഷകള്‍ സജീവമാകും. വേഗംകൊണ്ട് എതിര്‍ ബാറ്റ്‌സ്മാന്‍മാരെ ഞെട്ടിക്കാന്‍ സ്‌റ്റെയിന് സാധിക്കുമെന്ന് പ്രതീക്ഷയിലാണ് ബംഗളൂരു മാനേജ്‌മെന്റ്. ഈ സീസണില്‍ ലേലത്തില്‍ ആരും വാങ്ങാതിരുന്ന സ്‌റ്റെയിനെ ബംഗളൂരു ടീമിലേക്ക് വിളിച്ച്‌ വരുത്തുകയായിരുന്നു. സ്പിന്‍ ബൗളര്‍ യുസ്‌വേന്ദ്ര ചാഹല്‍ തരക്കേടില്ലാതെ പന്തെറിയുന്നു. മോയിന്‍ അലിയും പവന്‍ നേഗിയും സ്പിന്‍ ബൗളില്‍ തിളങ്ങുമ്ബോള്‍ ബംഗളൂരു ഇന്നത്തെ മത്സരത്തിലൂടെ അക്കൗണ്ട് തുറക്കുമെന്ന് പ്രത്യാശിക്കാം


 ബാറ്റിങ് നിര സ്ഥിരതകാട്ടണംഓപ്പണിങ്ങില്‍ പാര്‍ഥിവ് പട്ടേലും വിരാട് കോലിയും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നു. ആറ് മത്സരത്തില്‍ നിന്ന് 203 റണ്‍സ് നേടിയ കോലിയാണ് ബംഗളൂരു നിരയിലെ റണ്‍വേട്ടക്കാരില്‍ മുന്നില്‍.എ.ബി ഡിവില്ലിയേഴ്‌സ് 173 റണ്‍സും പാര്‍ഥിവ് പട്ടേല്‍ 172 റണ്‍സും നേടിയിട്ടുണ്ട്. എന്നാല്‍ മദ്ധ്യനിരയില്‍ കരുത്തുറ്റ ഇന്നിങ്‌സ് കാഴ്ചവയ്ക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹെറ്റ്‌മെയര്‍ തീര്‍ത്തും നിരാശപ്പെടുത്തിയത് ബംഗളൂരുവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മാര്‍ക്കസ് സ്റ്റോണിസ്,മോയിന്‍ അലി എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനം ബംഗളൂരുവിന്റെ ജയത്തില്‍ നിര്‍ണ്ണായകമാവും.

  


തിരിച്ചുവരാന്‍ പഞ്ചാബ്മുംബൈയ്‌ക്കെതിരേ കളികൈവിട്ടു കളഞ്ഞ പഞ്ചാബിന് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ബാറ്റിങ് നിരയുടെ ഫോം പഞ്ചാബിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. മുംബൈയ്‌ക്കെതിരേ സെഞ്ച്വറി നേടിയ കെ.എല്‍ രാഹുലിന്റെ ബാറ്റിങ്ങില്‍ പഞ്ചാബ് ഏറെ പ്രതീക്ഷ വയ്ക്കുന്നു. ഏഴ് മത്സരത്തില്‍ നിന്ന് 317 റണ്‍സുമായി രാഹുല്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട്. ആറ് മത്സരങ്ങളില്‍ നിന്ന് ഗെയ്ല്‍ 223 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്. ടോപ് ഓഡറില്‍ മായങ്ക് അഗര്‍വാളും മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ആറ് മത്സരത്തില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 184 റണ്‍സാണ് മായങ്ക് നേടിയത്. മദ്ധ്യനിരയില്‍ സര്‍ഫറാസ് ഖാന്‍,ഡേവിഡ് മില്ലര്‍ എന്നിവരുടെ മികച്ച ഫോമും പഞ്ചാബിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഒമ്ബത് വിക്കറ്റുമായി മുഹമ്മദ് ഷമി പഞ്ചാബിന്റെ പേസ് നിരയെ നയിക്കുമ്ബോള്‍ അങ്കിത് രജപുതും സാം കറാനും മികച്ച പിന്തുണ നല്‍കുന്നു. നായകന്‍ രവിചന്ദ്ര അശ്വിന്‍ എട്ട് വിക്കറ്റുമായി തിളങ്ങുന്നുണ്ട്.

  

കണക്കില്‍ ബംഗളൂരു കേമന്‍ഇതുവരെ 22 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും ജയം ബംഗളൂരുവിനായിരുന്നു. എന്നാല്‍ നിലവിലെ ഫോമില്‍ വിജയ സാധ്യത കൂടുതല്‍ പഞ്ചാബിനാണ്.


Related News