Loading ...

Home sports

തോറ്റു തോറ്റ് രാജസ്ഥാന്‍ ഇന്ന് മുംബൈയുടെ തട്ടകത്തില്‍;രഹാനെക്കിന്ന് നിലനില്‍പ്പിന്റെ പോരാട്ടം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെതിരേ. അവസാന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ആവേശ ജയം സ്വന്തമാക്കി മുംബൈ എത്തുമ്ബോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് അവസാന പന്തില്‍ ജയം കൈവിട്ട ക്ഷീണത്തിലാണ് രാജസ്ഥാന്റെ വരവ്. ബാറ്റിങ് നിരയുടെ പ്രകടനം രാജസ്ഥാനെ പിന്നോട്ടടിക്കുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനക്കിന് നിലനില്‍പ്പിന്റെ പോരാട്ടമാണ്. രഹാനെയുടെ ബാറ്റിങ്ങിനെതിരെയും ക്യാപ്റ്റന്‍സിക്കെതിരെയും നേരത്തെ മുതല്‍ വിമര്‍ശനം ഉയരുന്നുണ്ട്. ഇനിയൊരു തോല്‍വികൂടിയായില്‍ രഹാനെയുടെ സ്ഥാനം തെറിക്കുമെന്നുറപ്പ്. മുംബൈ നിരയില്‍ രോഹിത് ശര്‍മ തിരിച്ചെത്തും. പരിക്കിനെത്തുടര്‍ന്ന് പഞ്ചാബിനെതിരേ കളിക്കാതിരുന്ന രോഹിത് കായിക ക്ഷമത വീണ്ടെടുത്തതായി മുംബൈ ടീം വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആറ് മത്സരത്തില്‍ നാല് ജയവും രണ്ട് തോല്‍വിയുമടക്കം എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മുംബൈ. ഇന്നത്തെ ജയത്തോടെ കൊല്‍ക്കത്തയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനാവും മുംബൈ ലക്ഷ്യമിടുക. മറുവശത്ത് ആറ് മത്സരത്തില്‍ ഒരു ജയവും അഞ്ച് തോല്‍വിയും വഴങ്ങിയ രാജസ്ഥാന്‍ രണ്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള ഓരോ മത്സരത്തിലും രാജസ്ഥാന് ജയിച്ചേ മതിയാകൂ. എന്നാല്‍ നിലവിലെ ഫോമില്‍ രാജസ്ഥാന് അത് സാധിക്കുമെന്ന് തോന്നുന്നില്ല. കരുത്തുറ്റ താരനിരയുള്ള രാജസ്ഥാന്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കരുത്തോടെ മുംബൈനിലവിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയടക്കം മുട്ടുകുത്തിച്ച മുംബൈ നിര സംതുലിതമായ ടീമാണ്. ബാറ്റിങ്ങില്‍ പിഴച്ചാല്‍ ബൗളിങ്ങില്‍ തിരിച്ചുപിടിക്കാനുള്ള താരസമ്ബത്ത് അവര്‍ക്കുണ്ട്. ബാറ്റിങ് നിരയിലേക്ക് രോഹിത് ശര്‍മ മടങ്ങിയെത്തുന്നത് ടീമിന് കരുത്താകും. ക്വിന്റന്‍ ഡീ കോക്ക് ഓപ്പണിങ്ങില്‍ മിടുക്കുകാട്ടുന്നു. സൂര്യകുമാര്‍ യാദവും തരക്കേടില്ലാതെ കളിക്കുന്നു. നാലാം നമ്ബറില്‍ യുവരാജ് സിങ്ങിന് പകരമെത്തിയ ഇഷാന് കിഷന് കാര്യമായൊന്നും സംഭാവന ചെയ്യാനായിട്ടില്ല. മധ്യനിരയിലെ പാണ്ഡ്യ സഹോദരങ്ങളുടെ പ്രകടനം മുംബൈക്ക് അടിത്തറപാകും. ഹര്‍ദിക് കൂറ്റന്‍ ഷോട്ടുകളുമായി അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ്. പഞ്ചാബിനെതിരേ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി മുംബൈയുടെ വിജയശില്‍പ്പിയായി മാറിയ കീറോണ്‍ പൊള്ളാര്‍ഡും മുംബൈയുടെ സാധ്യതകളെ സജീവമാക്കുന്നു. ജസ്പ്രീത് ബൂംറയുടെ ബൗളിങ്ങാണ് മുംബൈയുടെ വജ്രായുധം. ബെഹറന്‍ഡോര്‍ഫിന് പകരം ലസിത് മലിംഗ മുംബൈ നിരയില്‍ ഇന്ന് കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. മലിംഗകൂടിയെത്തുന്നതോടെ മുംബൈയുടെ പേസ് നിര എതിരാളികള്‍ക്ക് കടുത്ത ഭീഷണിയാവും. യുവ പേസര്‍ അല്‍സാരി ജോസഫും സ്പിന്‍ ബൗളിങ്ങില്‍ രാഹുല്‍ ചഹാറും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.


  


ബാറ്റിങ്ങില്‍ പഴിപറഞ്ഞ് രാജസ്ഥാന്‍എടുത്തുപറയാന്‍ ടീമില്‍ ബാറ്റ്‌സ്മാന്‍മാരുണ്ടെങ്കിലും ഒരാള്‍ക്കും സ്ഥിരതയില്ല. അവസാന സീസണില്‍ രാജസ്ഥാനുവേണ്ടി തകര്‍ത്തടിച്ച ജോസ് ബട്‌ലര്‍ ഈ സീസണില്‍ നിരാശപ്പെടുത്തി. കൂറ്റന്‍ ഷോട്ടുകള്‍ കളിച്ച്‌ തുടങ്ങുമെങ്കിലും ക്രീസില്‍ പിടിച്ചുനില്‍ക്കാനാകുന്നില്ല.രഹാനെ ഓപ്പണിങ്ങില്‍ തുടര്‍ പരാജയമാവുകയാണ്. സഞ്ജു സാംസണ്‍,സ്റ്റീവ് സ്മിത്ത്,രാഹുല്‍ ത്രിപാതി എന്നിവരെല്ലാം ബാറ്റിങ്ങില്‍ ദുരന്തമാവുകയാണ്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സ് പ്രതീക്ഷിച്ചതിന്റെ നാലിലൊന്ന് നിലവാരം പോലും കാട്ടുന്നില്ല. ചെന്നൈയ്ക്ക് അവസാന ഓവറില്‍ 18 റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്നെങ്കിലും സ്‌റ്റോക്‌സിനത് പ്രതിരോധിക്കാനായില്ല. ബൗളിങ്ങില്‍ ജോഫ്ര ആര്‍ച്ചര്‍,ശ്രേയസ് ഗോപാല്‍ എന്നിവര്‍ തരക്കേടില്ലെങ്കിലും മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തുന്നു.





കണക്കില്‍ മുംബൈ മുന്നില്‍ഇതുവരെ 19 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും ജയം മുംബൈയ്ക്കായിരുന്നു. എട്ട് തവണ രാജസ്ഥാനും ജയിച്ചപ്പോള്‍ ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു.

Related News