Loading ...

Home USA

അമേരിക്കന്‍ പൗരത്വം റദ്ദാക്കാം: പുതിയ നടപടി ആശങ്കകളുണര്‍ത്തുന്നു

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പൗരത്വം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ ഒന്നും പേടിക്കണ്ട എന്ന വിശ്വാസത്തിനു ഉലച്ചില്‍ തട്ടുന്നു. നാച്വറലൈസ്ഡ് സിറ്റിസണ്‍സിന്റെ പൗരത്വം റദ്ദാക്കാന്‍ കാരണങ്ങള്‍ കണ്ടെത്തുക വിഷമകരമല്ലെന്നു സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.

കള്ളത്തരം കാണിച്ചും നുണപറഞ്ഞും നേടിയ പൗരത്വം റദ്ദാക്കാന്‍ ഇമിഗ്രേഷന്‍ സര്‍വീസിന്റെ (യു.എസ്.സി.ഐ.എസ്) കീഴില്‍ പ്രത്യേക ഓഫീസ് തുടങ്ങിയിരിക്കുന്നു. ഒട്ടേറെ അറ്റോര്‍ണിമാരെ ജോലിക്കെടുത്തിരിക്കുന്നു. കള്ളത്തരവും തട്ടിപ്പും കാട്ടിയവര്‍ മാത്രം പേടിച്ചാല്‍ പോരാ എന്നതാണു സ്ഥിതി

അമേരിക്കയില്‍ നിന്നു ഒരിക്കല്‍ പുറത്താക്കിയവരോ പുറത്താക്കാന്‍ ഉത്തരവിട്ടവരോ പിന്നീട്വ്യാജ പേരില്‍ പൗരത്വം നേടിയിട്ടുണ്ട്. ഫിംഗര്‍പ്രിന്റ് ഒത്തുനോക്കുന്നത് ഇന്നത്തെ പോലെ പറ്റാതിരുന്ന കാലത്ത് പൗരത്വം കിട്ടിയവരാണ് അതില്‍ നല്ലൊരു പങ്ക്. അവരുടെ ഫിംഗര്‍ പ്രിന്റ് അടുത്ത കാലത്ത് കംപ്യൂട്ടറിലേക്ക് മാറ്റി പരിശോധിക്കുന്നു. അങ്ങനെയാണു മുമ്പ് പുറത്താക്കിയ പലരും പൗരത്വം നേടിയതായി കണ്ടെത്തിയത്

പൗരത്വം റദ്ദാക്കുന്നതിനു ഫെഡറല്‍ കോടതികളുടെ ഉത്തരവ് വേണം. തട്ടിപ്പ്, കുറ്റകൃത്യങ്ങള്‍, കള്ളത്തരം തുടങ്ങിയവ മറച്ചു വച്ചവരുടേ പൗരത്വം റദ്ദാക്കാന്‍ സര്‍ക്കാരിന് കോടതിയെ സമീപിക്കാം.

ഏഴു പതിറ്റാണ്ട് മുമ്പ് 'മക്കാര്‍ത്തി കാലഘട്ട'ത്തില്‍ (മക്കാര്‍ത്തി എറ-സെനറ്റര്‍ ജോസഫ് മക്കാര്‍ത്തിയുടെ സംഭാവന) കമ്യൂണിസ്റ്റുകളെ വോട്ടയാടിയതിനോടാണു പലരും പുതിയ നീക്കത്തെ വിശേഷിപ്പിക്കുന്നത്. തട്ടിപ്പ് നടത്തിയവരേയും കുറ്റകൃത്യം മറച്ചുവച്ചവരേയുമൊക്കെയാണ് ലക്ഷ്യമിടുന്നതെങ്കിലും അത് അവിടംകൊണ്ട് അവസാനിക്കണമെന്നു നിര്‍ബന്ധമില്ല.

പൗരത്വം റദ്ദാക്കാനായി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു എന്നതു തന്നെ 20 മില്യനിലേറെയുള്ളനാച്വറലൈസ്ഡ് പൗരന്മാര്‍ക്ക് ആശങ്കയ്ക്കിടയാക്കുന്നുവെന്നു ദി ന്യൂയോര്‍ക്കര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അവര്‍ എല്ലാവരും ഫലത്തില്‍ രണ്ടാം ക്ലാസ് പൗരന്മാരായി- റിപ്പോര്‍ട്ട് പറയുന്നു

2016-ല്‍ ഹോം ലാന്‍ഡ് സെക്യൂരിറ്റി ഇന്‍സ്പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ മുമ്പ് പുറത്താക്കിയ 858 പേര്‍ പിന്നീട് വ്യാജ പേരില്‍ വന്ന് പൗരന്മാരായി എന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇതുപോലെ തട്ടിപ്പ് നടത്തിയ 2500-ല്‍പ്പരം പേര്‍ ഉണ്ടെന്നും അവരെ നീക്കുകയാണ് ലക്ഷ്യമെന്നും പറയുന്നു.

ഇതിനകം പൗരത്വം നഷ്ടപ്പെട്ടവരിലൊരാള്‍ ന്യൂജഴ്സിയില്‍ നിന്നുള്ള ഇന്ത്യക്കാരനായ ബല്‍ജിന്ദര്‍ സിംഗാണ്. കാര്‍ട്ടറൈറ്റില്‍ താമസിച്ചിരുന്ന ഇയാള്‍ 2006-ല്‍ പൗരത്വം നേടി. ഭാര്യ അമേരിക്കക്കാരി ആണ്. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ സിംഗ് 1991-ല്‍ അമേരിക്കയിലെത്തിയതാണുഎന്നു കണ്ടെത്തി. യാതൊരു യാത്രാരേഖകളുമില്ലാതെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തിലെത്തുകയായിരുന്നു. അന്നു കൊടുത്ത പേര് ദേവീന്ദര്‍ സിംഗ്. അടുത്തവര്‍ഷം ഇയാളെ ഡീപോര്‍ട്ട് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ വൈകാതെ അയാള്‍ പേരു മാറ്റിഅയാള്‍ അഭയം തേടി (അസൈലം.) അപ്പോള്‍ കൊടുത്ത പേരാണ് ബല്‍ജിന്ദര്‍ സിംഗ്. പൗരത്വം റദ്ദാക്കിയതിനെ അയാള്‍ ചോദ്യം ചെയ്തിട്ടില്ല.

പാക്കിസ്ഥാനികളായ പര്‍വേസ് മന്‍സൂര്‍ഖാന്‍, റഷീദ് മുഹമ്മദ് എന്നിവരുടെ പൗരത്വവും റദ്ദാക്കപ്പെട്ടു. ഇരുവരും തൊണ്ണൂറുകളില്‍ പൗരത്വം നേടി. പക്ഷെ അതിനു മുമ്പ് മറ്റൊരു പേരില്‍ ഇവര്‍ക്കെതിരേ ഡീപോര്‍ട്ടേഷന്‍ ഉത്തരവുണ്ടായിരുന്നു. അതു മറച്ചുവച്ചാണു പൗരത്വം നേടിയത്.

ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു മാത്രമേ പൗരത്വം നഷ്ടപ്പെടൂ എന്നു കരുതിയെങ്കില്‍ തെറ്റി. പെറുവില്‍ നിന്ന് 28 വര്‍ഷം മുമ്പ് വന്ന നോര്‍മന്‍ ബെര്‍ഗോഞ്ഞോ (63) യുടെ കാര്യം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ അപൂര്‍വ്വമായ കിഡ്നി രോഗബാധിതാണവര്‍. അവര്‍ 2007-ല്‍ പൗരത്വം നേടി.

ടെക്സന്‍എന്നൊരുകമ്പനിയില്‍ സെക്രട്ടറിയായിരുന്നു.ബോസിന്റെ പേപ്പര്‍ വര്‍ക്ക് ശരിയാക്കുകയായിരുന്നു ജോലി. ബോസാകട്ടെ വ്യാജ അപേക്ഷകളിലൂടെ എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്കില്‍ നിന്നു 24 മില്യന്‍ തട്ടിയെടുത്തു. നോര്‍മയ്ക്ക് അതുകൊണ്ട് ഒരു നേട്ടവും ഉണ്ടായില്ല. അവര്‍ക്ക് അത് അറിയാമായിരുന്നോ എന്നും വ്യക്തമല്ല.

നോര്‍മ സിറ്റിസന്‍ ആയി കുറെ കഴിഞ്ഞ്അവരുടെ ബോസിനെ പോലീസ് പിടികൂടി. നോര്‍മയും അറസ്റ്റിലായി. കുറ്റക്രുത്യത്തിനു സഹായിച്ചു എന്നായിരുന്നു ചാര്‍ജ്.ബോസിനെ ശിക്ഷിക്കാന്‍ മൊഴി നല്‍കാമെന്ന വ്യവസ്ഥയില്‍ അവര്‍ക്കെതിരായ ചാര്‍ജ്ലഘൂകരിക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായി. (പ്ലീ ഡീല്‍.) അതനുസരിച്ച് തട്ടിപ്പിനും മെയില്‍ തട്ടിപ്പിനും കുറ്റക്കാരിയെന്നവര്‍ കോടതിയില്‍ സമ്മതിച്ചു. കോടതി അവരെ ഒരു വര്‍ഷത്തെ വീട്ടുതടങ്കലും 4 വര്‍ഷത്തെ പ്രൊബേഷനും, 5000 ഡോളര്‍ തിരിച്ചടയ്ക്കാനും ശിക്ഷിച്ചു.

ഇതു 2011-ലാണ്. അവര്‍ പൗരത്വം നേടിയിട്ട് നാലു വര്‍ഷം കഴിഞ്ഞു. രണ്ടു ജോലി ചെയ്ത് അവര്‍ പിഴയടച്ചു. ശിക്ഷാ കാലാവധി നേരത്തെ തന്നെ പൂര്‍ത്തിയാക്കി.

എന്നാല്‍ ഈ മെയ് മാസത്തില്‍ അവരുടെ പൗരത്വം റദ്ദാക്കാന്‍ പോകുന്നതായി അറിയിപ്പ് കിട്ടി. കാരണം? പൗരത്വത്തിനു അപേക്ഷിക്കുമ്പോള്‍ തന്റെ കുറ്റകൃത്യത്തെപ്പറ്റി അവര്‍ വെളിപ്പെടുത്തിയില്ല എന്നതും.! അന്ന് അവര്‍ക്കെതിരേ ഒരു കേസുമില്ലായിരുന്നു. അറസ്റ്റും ചെയ്തിട്ടില്ല. കേസും അറസ്റ്റുമൊക്കെ പൗരത്വം കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞാണുണ്ടായത്. പക്ഷെ പൗരത്വത്തിനു അപേക്ഷിക്കുമ്പോള്‍ കുറ്റക്രുത്യത്തില്‍ പങ്കാളി അയിരുന്നുവെന്നും അതു മറച്ചു വച്ചു എന്നുമാണു അധിക്രുത നിലപാട്.

ഗവണ്‍മെന്റിന്റെ കടുത്ത നിലപാട് യു.എസ് സുപ്രീം കോടതിയെ തന്നെ ആശങ്കപ്പെടുത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ ജേസന്‍ സ്റ്റാന്‍ലി എഴുതിയ ലേഖനത്തില്‍ പറയുന്നു. പൗരത്വ അപേക്ഷയില്‍ നിസാരമായതെങ്കിലും തെറ്റായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ പൗരത്വം റദ്ദാക്കാമെന്നു സര്‍ക്കാര്‍ അറ്റോര്‍ണി വാദിച്ചു. അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ അതു മറച്ചുവെച്ചാല്‍ പൗരത്വം നഷ്ടപ്പെടാനിടയാക്കുമെന്നും അറ്റോര്‍ണി വ്യക്തമാക്കി.

ആ നിലപാടിന്റെ കാഠിന്യം മനസ്സിലാക്കാന്‍ ചീഫ് ജസ്റ്റീസ് ജോണ്‍ ജി. റോബര്‍ട്ട് ചോദിച്ചു. 55 മൈല്‍ സ്പീഡ് ഉള്ളിടത്ത് 60 മൈല്‍ സ്പീഡില്‍ പോയി. പക്ഷെ പോലീസ് പിടിക്കുകയോ, കേസ് എടുക്കുകയോ ഒന്നുമുണ്ടായില്ല. ഇക്കാര്യം പൗരത്വ അപേക്ഷയില്‍ കാണിച്ചില്ലെങ്കില്‍ പൗരത്വം നഷ്ടപ്പെടുമോ?

'യേസ്' എന്നായിരുന്നു ഗവണ്മെന്റ് അറ്റോര്‍ണിയുടെ ഉത്തരം. കോടതിക്കും അത് അമ്പരപ്പുളവാക്കി. പൗരത്വത്തിന്റെ വിലഇടിച്ചു താഴ്ത്തുകയാണുഈ നിലപാടെന്നു ജസ്റ്റിസ് അന്തോണി കെന്നഡി ചൂണ്ടിക്കാട്ടി. (അദ്ദേഹം പിന്നീട് വിരമിച്ചു). ഗവണ്‍മെന്റിന്റെ നിലപാട് അനുസരിച്ച് ഗവണ്‍മെന്റ് ആഗ്രഹിക്കുന്ന ആരെ വേണമെങ്കിലും പൗരന്മാരല്ലാതാക്കാന്‍ കഴിയുമെന്നു ചീഫ് ജസ്റ്റീസും ചൂണ്ടിക്കാട്ടി.

ടാസ്‌ക്‌ഫോഴ്സിന്റെ ഓഫീസ് ലോസ്ആഞ്ചലസിലാണ്.1990 മുതല്‍ പൗരത്വം നേടിയവരുടെ (17 മില്യനിലേറെ) രേഖകളാണ് പരിശോധനയ്ക്ക് വിധേയമാക്കുക. ലൈംഗീക കുറ്റവാളികള്‍, ഭീകര പ്രവര്‍ത്തകരെ സഹായിക്കുന്നവര്‍ തുടങ്ങിയവരെയൊക്കെ ലക്ഷ്യമിടുന്നുണ്ട്. 18 വര്‍ഷത്തിനു മുമ്പ് നടത്തിയ ഒരു വൈറ്റ് കോളര്‍ കുറ്റത്തിനു പെന്‍സില്‍വേനിയ സ്വദേശിക്ക് പൗരത്വം പോയി. പക്ഷെ ഗ്രീന്‍കാര്‍ഡില്‍ തുടരാന്‍ അനുമതി നല്‍കി. എങ്കിലും എപ്പോള്‍ വേണമെങ്കിലും അധികൃതര്‍ക്ക് അത് റദ്ദാക്കാമെന്നു അറ്റോര്‍ണിമാര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരില്‍ നിന്നു ആനുകൂല്യം നേടിയവര്‍ക്കെതിരേയും നീക്കം ഉണ്ടെന്നു കരുതുന്നു.പക്ഷെ അക്കാര്യംഇനിയും വ്യക്തമായിട്ടില്ല.

നോര്‍മ്മ കുറ്റസമ്മതം നടത്തിയപ്പോള്‍ ഇത്തരം പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നു കരുതിയിരുന്നില്ലെന്നു അറ്റോര്‍ണി പറഞ്ഞു. പെറുവിലേക്ക് തിരിച്ചുപോയാല്‍ അടുത്ത ബന്ധുക്കളാരും അവര്‍ക്കില്ലെന്നു മകള്‍ പറഞ്ഞു.

എന്തായാലും സര്‍ക്കാരിന്റെ നടപടി ഉദ്ദേശിക്കുന്ന പ്രയോജനം ചെയ്യില്ലെന്നു അറ്റോര്‍ണിമാര്‍ ചൂണ്ടിക്കാട്ടുന്നു. വിലപ്പെട്ട സമയവും പണവും നഷ്ടപ്പെടുത്തുകയാണ്. ഇല്ലീഗല്‍ മാത്രമല്ല ലീഗലായഇമ്മിഗ്രേഷനും എതിര്‍പ്പു നേരിടുന്ന കാലമാണല്ലൊ ഇത്‌ 

Related News