Loading ...

Home health

കാന്‍സറിന് മരുന്നുമായി ശ്രീചിത്രയിലെ ​ഗവേഷകര്‍; ഞരമ്ബുകളില്‍ കുത്തിവയ്ക്കാവുന്ന മരുന്ന് വികസിപ്പിച്ചത് ചെടിയില്‍ നിന്ന്

കാന്‍സര്‍ ചികിത്സാരംഗത്ത് വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി. ഞരമ്ബുകളില്‍ കുത്തിവയ്ക്കാവുന്ന എസ്‍സിടിഎസി2010 ഡ്രഗ് കോന്‍ജുഗേറ്റഡ് സീറം ആല്‍ബുമിന്‍ എന്ന മരുന്നാണ് ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചത്. കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ പ്രാപ്തമാണ് എലികളില്‍ പരീക്ഷിച്ച്‌ വിജയിച്ച ഈ മരുന്ന്. മരുന്ന് ക്ലിനിക്കല്‍ പരീക്ഷണത്തിനായി കൈമാറിയതായി ​ഗവേഷണ സംഘം അറിയിച്ചു. വളരെ സുലഭമായി ലഭിക്കുന്ന ഒരു ചെടിയില്‍നിന്നാണ് മരുന്ന് വികസിപ്പിച്ചത്. എന്നാല്‍ ചെടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എലികളില്‍ ഒറ്റ ഡോസ് ഉപയോഗിച്ച്‌ നടത്തിയ പഠനം വിജയകരമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ പഠനങ്ങള്‍ക്കായി ​ഗവേഷണഫലങ്ങള്‍ കൈമാറി. മരുന്നിന്റെ ഒന്നിലധികം ഡോസ് മൃ​ഗങ്ങളില്‍ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച പരീക്ഷണമാണ് ഇനി നടക്കുക. ഇതിന് ശേഷമായിരിക്കും മനുഷരില്‍ ചികിത്സാ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്. ‌വാണിജ്യാടിസ്ഥാനത്തില്‍ മരുന്ന് നിര്‍മിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഇതുകഴിഞ്ഞായിരിക്കും തീരുമാനിക്കുക. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ശ്വാസകോശാര്‍ബുദത്തിനും വയറിനകത്തെ മുഴയ്ക്കും മരുന്ന് ഫലപ്രദമാണെന്നാണ് കണ്ടെത്തിയത്. കാന്‍സര്‍ രോ​ഗികളില്‍ നേരിട്ട് ഉപയോ​ഗിക്കുന്നതിന് മുമ്ബ് ഒന്നാം ഘട്ടം എന്നനിലയില്‍ സന്നദ്ധപ്രവര്‍ത്തകരില്‍ മരുന്ന് പരീക്ഷിക്കും. അര്‍ബുദ രോഗികളില്‍ മറ്റു മരുന്നുകള്‍ക്കൊപ്പം നല്‍കിയായിരുക്കും രണ്ടാം ഘട്ട പരീക്ഷണം നടത്തുക. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ പഠനത്തിന്റെ ഭാഗമായാണ് ഡോ ലിസി കൃഷ്ണനും സംഘവും മരുന്ന് വികസിപ്പിച്ചത്. മൂന്ന് വര്‍ഷത്തിനകം മനുഷ്യരിലടക്കമുള്ള പരീക്ഷണങ്ങള്‍ പൂര്‍ത്തീകരിച്ച്‌ കാന്‍സര്‍ രോ​ഗികള്‍ക്കായി മരുന്ന് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ ലിസി പറഞ്ഞു.

Related News