Loading ...

Home International

ഇസ്രയേല്‍ തെരഞ്ഞെടുപ്പ‌്: അഞ്ചാം വിജയം അവകാശപ്പെട്ട‌് നെതന്യാഹു

ജെറുസലേം> ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം അവകാശപ്പെട്ട‌് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ചൊവ്വാഴ‌്ച നടന്ന വോട്ടെടുപ്പില്‍ നെതന്യാഹു വിജയിച്ചതായി ഇസ്രയേലിന്റെ മൂന്നു പ്രധാന ടിവി ചാനലുകളും പ്രഖ്യാപിച്ചു. എന്നാല്‍, ‌എതിരാളിയായ മുന്‍ സൈനിക മേധാവി ബെന്നി ഗാന്റസും വിജയം അവകാശപ്പെട്ടു. 95 ശതമാനം വോട്ടുകള്‍ എണ്ണിതീര്‍ന്നപ്പോള്‍ 35 സീറ്റ‌് വീതമാണ‌് നെതാന്യാഹുവിന്റെ ലിക്കുഡ‌് പാര്‍ടിയും എതിരാളിയായ ബ്ലൂ ആന്‍ഡ‌് വൈറ്റ‌് പാര്‍ടിയും നേടിയത‌്.

വ്യക്തമായ വിജയി ഉണ്ടാകില്ലെന്നായിരുന്നു എക‌്സിറ്റ‌് പോള്‍ പ്രവചനം. ഇതേത്തുടര്‍ന്ന‌ാണ‌് ലിക്കുഡ‌് പാര്‍ടിയും എതിരാളിയായ ബ്ലൂ ആന്‍ഡ‌് വൈറ്റ‌് പാര്‍ടിയും ചൊവ്വാഴ‌്ച രാത്രി വിജയം അവകാശപ്പെട്ടത‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ അഞ്ച‌് സീറ്റ‌് അധികം ലിക്കുഡ‌് പാര്‍ടിക്ക‌് നേടാനായി. മറ്റ‌് വലത‌് പാര്‍ടികളുടെ പിന്തുണയുണ്ടെങ്കില്‍ നെതന്യാഹുവിന‌് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. വിജയമുറപ്പിക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ കാലം ഇസ്രയേല്‍ ഭരിക്കുന്ന പ്രധാനമന്ത്രിയാകും നെതന്യാഹു. ഇസ്രയേല്‍ സ്ഥാപകനായ ഡേവിഡ‌് --ബെന്‍ ഗുരിയനിനെ പിന്തള്ളിയാണിത‌്.

ഇസ്രയേല്‍ തനിക്ക‌് വിശ്വാസപൂര്‍വം മറ്റൊരു അഞ്ചുവര്‍ഷംകൂടി സമ്മാനിച്ചിരിക്കുകയാണ‌്. താന്‍ ജൂതരുടെയും ഇതരമതസ്ഥരുടെയും വലത‌്, ഇടത‌് പാര്‍ടിക്കാരുടെയും പ്രധാനമന്ത്രിയായിരിക്കും. വലതുപക്ഷ സര്‍ക്കാര്‍ സ്ഥാപിക്കുമെന്ന‌് പ്രഖ്യാപിച്ചുകൊണ്ട‌് നെതന്യാഹു പറഞ്ഞു. നമ്മള്‍ ജയിച്ചു. ഇസ്രയേല്‍ ജനതയുടെ തീരുമാനമാണിത‌്. ബ്ലൂ ആന്‍ഡ‌് വൈറ്റ‌് പാര്‍ടി പ്രഖ്യാപിച്ചു. സമാധാനത്തിനെതിരെയും അധിനിവേശത്തിന‌് അനുകൂലവുമായാണ‌് ഇസ്രയേലുകാര്‍ വോട്ടു ചെയ‌്തതെന്ന‌് മുതിര്‍ന്ന പലസ‌്തീനിയന്‍ ഉദ്യോഗസ്ഥന്‍ പ്രസ‌്താവനയില്‍ പറഞ്ഞു.

Related News