Loading ...

Home USA

യുഎൻ യോഗത്തിൽ മലയാളി ; അരുൺ ജോർജിന് ഇത് സ്വപ്ന സമാന നേട്ടം

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സഭാചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടുസംരംഭമായി മാറിയ അതിജീവന വികസന പദ്ധതി യോഗത്തിൽ പങ്കെടുത്ത അരുൺ ജോർജ് എന്ന മലയാളി സ്വന്തമാക്കിയത് സ്വപ്ന സമാനമായ നേട്ടം. യുഎൻ ആസ്ഥാനത്തെത്തി ബാൻ കി മൂൺ പങ്കെടുത്ത പരിപാടിയിൽ സംബന്ധിച്ച ഈ തിരുവനന്തപുരംകാരൻ സ്റ്റാർട്ടപ്പ് ബിസിനസ്സുകളിൽ നിന്ന് നേടിയ ഊർജം ഇന്ത്യൻ വികസന കുതിപ്പിന് പുതിയ അവസരമൊരുക്കുന്നു. ഈ പരിപാടിയിൽ ഇന്ത്യയിൽ നിന്നും ആകെ 10 േപർക്കു മാത്രമാണ് ക്ഷണം ലഭിച്ചത്. നൊബേൽ സമ്മാന ജേതാവ് കൈലാസ് സത്യാർത്ഥിയും ഇന്ത്യയിൽ നിന്നെത്തിയിരുന്നു.

ഇന്ത്യയിൽ നിന്നുളള ഏറ്റവും പ്രായം കുറഞ്ഞ സംരംഭ സംഘാംഗമാണ് അരുൺ. അവാന്ത് ഗാർദ് ഇന്നവേഷൻ എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സിഇഒയായ അരുൺ നേടിയെടുത്തത് രാജ്യത്ത് മറ്റാർക്കും സ്വപ്നം കാണാൻ കൂടി കഴിയാത്ത നേട്ടം.നേരത്തെ ഐക്യരാഷ്ട്ര സഭയുടെ വ്യവസായ വികസന വിഭാഗം മികച്ച സംരംഭ ആശയങ്ങൾക്കായി ഇന്ത്യയിൽ മത്സരം നടത്തിയിരുന്നു. ഇതിൽ 20 ആശയങ്ങളിലൊന്നായി അവാന്ത് ഗാർദ് ഇന്നവേഷൻ അവതരിപ്പിച്ച ഊർജ വികസനത്തെ തിരഞ്ഞെടുത്തിരുന്നു. കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ചെറിയ ടർബൈൻ പരിസ്ഥിതിക്ക് യോജിക്കപ്പെട്ട രീതിയിൽ വികസിപ്പിക്കുന്ന ആശയമായിരുന്നു അരുണിന്റേത്. അരുണിന്റെ കമ്പനി ഊർജവികസന രംഗത്താണ് ഇപ്പോൾ പ്രവർത്തിക്കുന്നതും.അരുണിന്റെ ശ്രമഫലമായി ലോകത്തിലെ ഏറ്റവും വലുതും കലിഫോർണിയായിലെ സിലിക്കൺവാലിയിൽ നിന്നുളള ആക്സിലറേറ്റർ കമ്പനി ‘ക്ലീൻ ടെക്ക് ഓപ്പൺ’ ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനികളെ സഹായിക്കാൻ എത്താമെന്നു സമ്മതിക്കുകയും അതിന്റെ തുടക്കം കേരളത്തിൽ നിന്നാവാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച കത്ത് കഴിഞ്ഞയാഴ്ച കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൈമാറി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ക്ലീൻടെക് ഓപ്പണുമായി നിലവിൽ ഗൂഗിൾ, ഇന്റൽ തുടങ്ങിയ വമ്പൻ കമ്പനികളൊക്കെയും സഹകരിക്കുന്നുണ്ട്. വിവിധ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് വേണ്ടി മാത്രം ക്ലീൻടെക് ഇതുവരെ 7000 കോടി രൂപ മുടക്കി കഴിഞ്ഞു. പരിസ്ഥിതി സൗഹൃദവും ശുദ്ധവുമായ സാങ്കേതിക വിദ്യകളെയാണ് കമ്പനി പ്രോത്സാഹിപ്പിക്കുന്നത്. അരുണിന്റെ കമ്പനിയുടെ പ്രവർത്തനവും ഇതേ പാതയിൽ തന്നെയാണ്. തുടർന്നാണ് അരുണിന് യുഎൻ ആസ്ഥാനത്ത് നടന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത്.അടുത്ത 15 വർഷത്തേക്ക് ലോകത്തിന്റെ വികസനത്തിന് ആവശ്യമുളള പരിസ്ഥിത സൗഹൃദ വികസന പദ്ധതികളെക്കുറിച്ചാണ് ഇവിടെ ചർച്ചകൾ നടക്കുന്നത്. 300 പേർക്ക് മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. ജർമ്മൻ ചാൻസലർ അഞ്ചലാ മെർക്കൽ, ഫേസ് ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ്, ഗൂഗിളിന്റെയും മൈക്രോ സോഫ്റ്റിന്റെയും ലോക ബാങ്കിന്റെയും എഡിബിയുടെയും മുതിർന്ന തലവന്മാരും യോഗത്തിൽ സംബന്ധിച്ചിരുന്നു. യോഗത്തിൽ സൗത്ത് ഏഷ്യൻ വിഭാഗത്തിൽ നിന്നും അരുൺ നൽകിയ ആശയത്തിനായിരുന്നു മുൻഗണന.

കോവളം മുൻ എംഎൽഎ ജോർജ് മേഴ്സിയറിന്റെയും തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറായ പ്രസന്ന കുമാരിയുടെയും മകനാണ് അരുൺ ജോർജ്. ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് സർവകലാശാലയിൽ നിന്നും എംബിഎയും ഡിസ്പ്യൂട്ട് റെസല്യൂഷൻ ആൻഡ് കോൺഫ്ലിക്ട് മാനേജ്മെന്റിൽ ഉപരിപഠനവും പൂർത്തിയാക്കിയ അരുൺ ജോർജ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ സ്ഥാനങ്ങൾ വഹിക്കുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് വേണ്ടിയുളള ഡിസി വൈദ്യുതോർജ്ജ പ്രൊമോഷനുവേണ്ടിയുളള ഓപ്പൺ ഇൻഡസ്ട്രി അലയൻസ് പ്രൊമോട്ടിങ് ഏജൻസിയായ ഇമറേജ് അലയൻസിന്റെ സൗത്ത് ഏഷ്യൻ റീജിയൻ ചെയർമാനാണ്. യുഎസ് ആസ്ഥാനമായുളള ഇന്റർ നാഷണൽ ‘ഡാർക്ക് സ്കൈ അസോസിയേഷൻ’ എന്ന സംഘടനയുടെ ഇന്ത്യൻ ചാപ്റ്റർ പ്രസിഡന്റ് കൂടിയാണ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹാർദ്ദ ഗ്രൂപ്പാണ് ഡാർക്ക് സ്കൈ അസോസിയേഷൻ. നഗരങ്ങളിലെ പ്രകാശ മലിനീകരണം തടയുന്നതിന്റെ പ്രവർത്തനങ്ങളാണ് കമ്പനിയുടെ പ്രധാന ഉദ്ദേശ ലക്ഷ്യം. ഇതിനു പുറമേ, സാമൂഹിക വ്യവസായക സംരംഭമായ ടൈ കേരള ചാപ്റ്ററിന്റെ കൺവീനർ കൂടിയാണ് അരുൺ.2012 ൽ കേരളത്തിൽ നടന്ന വ്യവസായ സംരംഭ സമ്മേളനമായ എമർജിങ് കേരളയിൽ ഓസ്ട്രേലിയായിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള മുഖ്യമന്ത്രിമാരെയും മേയർമാരെയും ക്ഷണിക്കാനായി കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി അരുൺ ജോർജിനെയാണ് ചുമതലപ്പെടുത്തിയത്. 2015 ൽ ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന സമിതി ഇന്ത്യയിൽ നിന്നും കണ്ടെത്തിയ ഏറ്റവും മികച്ച 20 പുത്തൻ ആശയങ്ങളിലൊന്നായിരുന്നു. ചെറുകിട വൈദ്യുതോത്പാദനവും പരിപാലനവും. ഇതിന്റെ ചീഫ് പ്രൊഡക്ട് ആർക്കിടെക്ടായി മാറിയത് അരുണിന്റെ സഹോദരൻ അനൂപ് ജോർജായിരുന്നു. കമ്പനിയുടെ സഹസ്ഥാപകനും സാങ്കേതിക വിദ്യകളുടെ പരിപാലനത്തിന്റെ മുഖ്യചുമതലയും വഹിച്ച് അരുണിനൊപ്പം അനൂപും സദാ നിഴൽ പോലെയുണ്ട്.യുഎസിൽ വിവിധ വ്യവസായ വികസന ചർച്ചകളിൽ അരുൺ പങ്കെടുക്കുന്നുണ്ട്. യുഎൻ മുന്നോട്ടു വയ്ക്കുന്ന പരിസ്ഥിതി സൗഹാർദ്ദ ഊർജവികസനത്തിലെ കരട് നയങ്ങളിലൂന്നിയുളള ആശയം വികസിപ്പിക്കുന്ന തിരക്കിലാണ് എന്ന് അരുൺ വ്യക്തമാക്കി. ഇത്തരത്തിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏക കമ്പനി കൂടിയാണ് അരുണിന്റേത്. അമേരിക്കയിലെ മലയാളികൾക്കും ഇതിൽ പങ്കാളികളാകാമെന്ന് അരുൺ ജോർജ് പറഞ്ഞു.
ബന്ധപ്പെടുക : arun.silver@gmail.com

Related News