Loading ...

Home Business

ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയിലെ പ്രശ്നങ്ങള്‍

വെള്ളാശേരി ജോസഫ്

നമ്മുടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി റെവെന്യു വരുമാനം കൂടിയത് ചൂണ്ടികാട്ടിയാണ് പലപ്പോഴും ഇന്ത്യന്‍ സമ്ബത് വ്യവസ്ഥ മികച്ച പ്രകനമാണ് നടത്തുന്നതെന്ന് വാദിക്കുന്നത്. ജനങ്ങളുടെ ഇടയിലെ ക്രയ-വിക്രയ ശേഷി കൂടി എന്നുള്ളതും തദനുസൃതമായി ടാക്സ് വകുപ്പില്‍ സര്‍ക്കാരിന് റെവെന്യു വരുമാനം കൂടി എന്നുള്ളതും വാസ്തവമാണ്. പക്ഷെ പി.പി.പി.-അഥവാ 'പര്‍ച്ചയ്സിംഗ് പവര്‍ പാരിറ്റി' - യും, റെവെന്യു വരുമാനം കൂടിയതും ചൂണ്ടികാട്ടി ഒരു സമ്ബദ് വ്യവസ്ഥയുടെ പ്രകടനം വിലയിരുത്താമോ??? പാടില്ല എന്നാണ് ഇതെഴുതുന്ന ആള്‍ക്ക് പറയാനുള്ളത്.

ഇന്ത്യയിലെ നിര്‍മാണ മേഖല കരുത്താര്‍ജിക്കാത്തിടത്തോളം കാലം ഇന്ത്യയിലെ സമ്ബത് വ്യവസ്ഥയും കരുത്താര്‍ജിക്കുകയില്ലാ. ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നതിനനുസരിച്ച്‌ ഈ പി.പി.പി. -യും, ടാക്‌സും കൂടും. ശക്തമായ മധ്യ വര്‍ഗം ഉദയം കൊണ്ട ഇന്ത്യയില്‍ പി.പി.പി. കൂടിയതില്‍ അത്ഭുതമില്ല. പി.പി.പി. കണക്കാക്കി 2011- ല്‍ തന്നെ ലോകത്ത് മൂന്നാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. പക്ഷെ നിര്‍മാണ മേഖല കരുത്താര്‍ജിക്കുകയും, ഇന്ത്യയില്‍ തദനുസൃതമായി തൊഴിലവസരങ്ങള്‍ കൂടാതിരിക്കുന്നിടത്തോളം കാലം ഇന്ത്യന്‍ സമ്ബത് വ്യവസ്ഥ കരുത്താര്‍ജ്ജിച്ചു എന്ന് പറയാനാവില്ല.


 
നമ്മുടെ സമ്ബത് വ്യവസ്ഥയുടെ 'വീക്നെസ്' മനസ്സിലാകണമെങ്കില്‍ അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും റഷ്യയോട് ചെയ്ത പാരകള്‍ മനസിലാക്കിയാല്‍ മതി. നേരത്തേ സോവിയറ്റ് യൂണിയന്‍ ശിഥിലമാക്കുന്നതില്‍ ഈ അമേരിക്കക്കും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ടായിരുന്നു. പിന്നീട് പുടിന്‍റ്റെ കീഴില്‍ റഷ്യ കരുത്താര്‍ജിക്കാന്‍ തുടങ്ങിയപ്പോള്‍ 'ക്രിമിയന്‍ പ്രശ്നത്തിന്‍റ്റെ' പേര് പറഞ്ഞു അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. ക്രിമിയയിലെ ജന പ്രതിനിധി സഭയും, അവിടുത്തെ ജനങ്ങളും ആണ് റഷ്യയുടെ കൂടെ ചേരാന്‍ തീരുമാനിച്ചത്. തീര്‍ത്ത് നിയമാനുസൃതം ആയിരുന്നു ആ തീരുമാനം. പിന്നെ അതിന്‍റ്റെ പേരില്‍ റഷ്യയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ എന്തായിരുന്നു യുക്തി??? മലേഷ്യന്‍ വിമാനം മിസൈല്‍ ഉപയോഗിച്ച്‌ തകര്‍ത്തതില്‍ പിന്നെ അടുത്ത ഉപരോധം വന്നു. പണ്ട് അമേരിക്കയും ഇതുപോലെ ഒരു ഇറാനിയന്‍ യാത്രാ വിമാനം വെടിവെച്ചിട്ടതായിരുന്നു. ആരെങ്കിലും അന്ന് അമേരിക്കയുടെ മേല്‍ ഉപരോധം കൊണ്ടുവന്നോ??? റഷ്യയാണ് വിമാനം തകര്‍ത്തതെന്ന സ്ഥിതീകരണം പോലും ഇല്ലാത്തപ്പോഴായിരുന്നു ഉപരോധങ്ങള്‍ റഷ്യക്ക് നേരെ എടുത്ത് പ്രയോഗിച്ചത്. വിഷവാതകം റഷ്യയില്‍ നിന്ന് കുടിയേറിയ ബ്രട്ടീഷ് പൗരനെതിരെ പ്രയോഗിച്ചു എന്ന പേരില്‍ അടുത്ത ഉപരോധം ഏര്‍പ്പെടുത്തി അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും. അമേരിക്ക ക്യൂബയിലെ കാസ്‌ട്രോയെ എത്രയോ തവണ കൊല്ലാന്‍ നോക്കിയിട്ടുണ്ട്. ആരെങ്കിലും ഉപരോധം ഏര്‍പ്പെടുത്തിയോ??? ഇന്ത്യയില്‍ നിന്നുള്ള


 
വിജയ് മല്ലയ്യയെ പോലെ റഷ്യയില്‍ നിന്നുള്ള അനേകം തട്ടിപ്പു വീരന്‍മാര്‍ക്കും, വെട്ടിപ്പ് വീരന്‍മാര്‍ക്കും ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അഭയം കൊടുക്കുന്നതിലെ ധാര്‍മികത ആരും ചോദ്യം ചെയ്യുന്നില്ല. ആ വലിയ പ്രശ്നം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമ്ബോള്‍ ആരും കാണുന്നതേ ഇല്ലാ.

ഗോര്‍ബച്ചേവ്, യെല്‍സിന്‍ - എന്നിങ്ങനെയുള്ള നേതാക്കള്‍ പാശ്ചാത്യ താല്‍പര്യങ്ങള്‍ക്കു മുന്‍പില്‍ റഷ്യയുടെ രാജ്യ താല്‍പര്യങ്ങള്‍ അടിയറ വെച്ചപ്പോള്‍ അമേരിക്കക്കും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും ഒരു പ്രശ്‌നവുമില്ലായിരുന്നു. വ്യവസായിക രംഗം തകര്‍ന്നതില്‍ പിന്നെ സോവിയറ്റ് സമ്ബത് വ്യവസ്ഥയ്ക്കോ, റഷ്യയ്ക്കോ ആ തകര്‍ച്ചയില്‍ നിന്ന് ഇനിയും കര കയറുവാന്‍ സാധിച്ചിട്ടില്ല. 1990 -കളുടെ മധ്യത്തില്‍ കല്‍ക്കട്ട ഐ.ഐ. എമ്മിലെ പ്രഫെസ്സര്‍ നിര്‍മല്‍ ചന്ദ്ര സോവിയറ്റ് സമ്ബത് വ്യവസ്ഥയുടെ അവസ്ഥ ഒരു സെമിനാറില്‍ അവതരിപ്പിച്ചത് 'ഇന്‍ അബ്സല്യൂട്ട് ഡിസാസ്റ്റര്‍' എന്നായിരുന്നു. തങ്ങളുടെ കുടുംബം പുലര്‍ത്താന്‍ വന്‍ ശക്തിയായിരുന്നു മുന്‍ സോവിയറ്റ് യൂണിയനിലെ പെണ്‍കുട്ടികള്‍ക്ക് വേശ്യാവൃത്തി പോലും തിരഞ്ഞെടുക്കേണ്ടി വന്നു എന്ന് പറയുമ്ബോള്‍ ആ തകര്‍ച്ചയുടെ ആഴം ആര്‍ക്കും മനസിലാക്കാം. 1991 - ല്‍ മൂന്നാം ലോക രാഷ്ട്രമായ ഇന്ത്യയില്‍ പോലും വന്നു ഉസ്ബെക്കിസ്ഥാനില്‍ നിന്നും, റഷ്യയില്‍ നിന്നും, ഉക്രെയിനില്‍ നിന്നുമൊക്കെയുള്ള പെണ്‍കുട്ടികള്‍. പുടിന്‍ റഷ്യയുടെ പ്രതാപം കുറച്ചെങ്കിലും വീണ്ടെടുക്കുവാന്‍ ശ്രമിക്കുമ്ബോള്‍ പാശ്ചാത്യ, അമേരിക്കന്‍ മാധ്യമങ്ങള്‍ വ്ളാഡിമിര്‍ പുടിനെ ഹിറ്റ്ലര്‍ക്ക് തുല്യമായി ചിത്രീകരിയ്ക്കുന്നു. പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങള്‍ക്ക് ഗോര്‍ബച്ചേവ്, യെല്‍സിന്‍ - എന്നിങ്ങനെയുള്ള നേതാക്കന്മാര്‍ മാത്രമാണ് വലിയ നേതാക്കള്‍. ഇവരെയൊക്കെ ഇങ്ങനെ പ്രകീര്‍ത്തിക്കുന്നതില്‍ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങള്‍ക്ക് സ്ഥാപിത താല്‍പര്യം ഉണ്ടെന്നുള്ള കാര്യം പകല്‍ പോലെ വ്യക്തമാണ്.

പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമ പിന്തുണയും, ആ രാഷ്ട്രങ്ങളിലെ കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍ ഗോര്‍ബച്ചേവിന്‍റ്റെ അവസാന കാലത്ത് സോവിയറ്റ് വിപണിയെ കീഴ്പെടുത്താനും തുടങ്ങിയപ്പോള്‍ സോവിയറ്റ് സമ്ബത് വ്യവസ്ഥയ്ക്ക് രാജ്യത്തിന്‍റ്റെ ശിഥിലീകരണത്തെ ചെറുക്കാന്‍ ശക്തി ഇല്ലാതെ പോയത്. അത്കൂടാതെ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും രാഷ്ട്രീയ പിന്തുണ കൂടിയായപ്പോഴായിരുന്നു സോവിയറ്റ് പതനം പൂര്‍ത്തിയാവുകയും ചെയ്തത്. യെല്‍സിന്‍റ്റെ ആദ്യ അഞ്ചു വര്‍ഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കമ്യുണിസ്റ്റ് സ്ഥാനാര്‍ഥിയായ ഗെന്നഡി സ്യുഗനേവ് ജയിക്കേണ്ടതായിരുന്നു. പക്ഷെ അമേരിക്കയും, പാശ്ചാത്യ ശക്തികളും വന്‍ തോതില്‍ റഷ്യന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടു. പണവും, സൗകര്യങ്ങളും പാശ്ചാത്യ ശക്തികള്‍ യെല്‍സിനു കൊടുത്തു. പ്രചാരണം പാശ്ചാത്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഇങ്ങനെ പരസ്യമായി തന്നെ റഷ്യന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടവരാണ് ഇപ്പോള്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ റഷ്യ അട്ടിമറിച്ചെന്നുള്ള വന്‍ കണ്ടുപിടുത്തം നടത്തുന്നത്!!!


 
റഷ്യ ഇന്ന് നേരിടുന്ന സാമ്ബത്തിക പ്രശ്നങ്ങളിലേക്ക് നോക്കുമ്ബോള്‍ എണ്ണയും പ്രകൃതി വാതകവും ഒക്കെ വിറ്റു കാശുണ്ടാക്കിയപ്പോള്‍ പുടിന്‍റ്റെ കീഴില്‍ നിര്‍മാണ മേഖല കരുത്താര്‍ജിക്കാതിരുന്നത് ഒരു വലിയ പ്രശ്നമായി കാണാം. 'Nobody goes to Russia except for arms, metals, oil and gas' - എന്നാണ് മുന്‍ അമേരിക്കന്‍ പ്രെസിഡന്‍റ്റ് ബാരക്ക് ഒബാമ ഒരു ഇന്‍റ്റെര്‍വ്യൂവില്‍ പറഞ്ഞത്. അത് തന്നെയാണ് റഷ്യയുടെ പ്രശ്നവും. അതേ സമയം രണ്ടാം ലോക മഹാ യുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ ജപ്പാന്‍, ജര്‍മനി - എന്നീ രാജ്യങ്ങള്‍ ഉല്‍പ്പാദന മേഖലയില്‍ കരുത്താര്‍ജിച്ചതുകൊണ്ട് വന്‍ ശക്തികളായി മാറി. അമേരിക്ക ആറ്റം ബോംബിട്ട് തകര്‍ത്ത് തരിപ്പണമാക്കിയ ജപ്പാന്‍ വിലക്കുറവും, ക്വാളിറ്റിയും ഉള്ള അനേകം ഉല്‍പ്പന്നങ്ങളിലൂടെ അമേരിക്കന്‍ വിപണി തന്നെ കീഴ്പ്പെടുത്തുന്ന ഒരു സാഹചര്യം 1980-കളിലും, 90-കളിലും ഉണ്ടായി. ടൊയോട്ട, മിറ്റ് സുബുഷി, സോണി, ഫ്യുജി, കോനിക്ക - ഇങ്ങനെയുള്ള പല അന്തര്‍ദേശീയ നിലവാരത്തിലുള്ള ബ്രാന്‍ഡുകളിലൂടെ അമേരിക്കന്‍ വിപണി തന്നെ ജപ്പാന്‍ കീഴടക്കുന്ന കാലം വന്നപ്പോള്‍ മുന്‍ അമേരിക്കന്‍ പ്രെസിഡന്‍റ്റായ സീനിയര്‍ ബുഷ് ജപ്പാനെതിരെ വ്യാപാര ഉപരോധം കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.


 
ജപ്പാനെതിരെ വ്യാപാര ഉപരോധം കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത് പോലെ തന്നെയാണ് ഇപ്പോള്‍ അമേരിക്കന്‍ പ്രെസിഡന്‍റ്റായ ഡൊണാള്‍ഡ് ട്രംപ് ചൈനക്കെതിരെ വ്യാപാര ഉപരോധം കൊണ്ടുവരുന്നത്. കാരണം ലളിതം. ചൈനീസ് ഉല്‍പന്നങ്ങള്‍ അമേരിക്കന്‍ വിപണി കീഴടക്കുന്നു. ഇന്ത്യ ഇനി നിര്‍മാണ മേഖലയില്‍ കരുത്താര്‍ജിക്കുകയാണെങ്കില്‍ ഒരുപക്ഷെ ഇന്ത്യയ്‌ക്കെതിരെയും അമേരിക്ക വ്യാപാര ഉപരോധം എന്ന ആയുധവുമായി വരും. ഇന്ത്യയുടെ കയറ്റുമതി പങ്കാളികളില്‍ പ്രധാനപ്പെട്ട സ്ഥാനം ഉള്ള അമേരിക്കയുമായി ഈയടുത്തുണ്ടായ വിള്ളല്‍ പരിശോധിക്കുമ്ബോള്‍ തന്നെ പി.പി.പി. അഥവാ രാജ്യത്തിലെ ജനങ്ങളുടെ സാധനങ്ങള്‍ വാങ്ങാനുള്ള ശേഷി കണക്കാക്കിയുള്ള സമ്ബദ് വ്യവസ്ഥയുടെ പ്രകടനം വിലയിരുത്തുന്ന പരിപാടിയുടെ കോട്ടം തിരിച്ചറിയാം. 'അമേരിക്ക ഫസ്റ്റ്' എന്ന മുദ്രാവാക്യവുമായി ഡൊണാള്‍ഡ് ട്രംപ് മുന്നേറുമ്ബോള്‍ അദ്ദേഹം ഇന്ത്യയുടെ വ്യാപാര താല്‍പര്യങ്ങള്‍ക്കെതിരെയും തിരിയുകയാണ്.


 
ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ ഇന്ത്യ തയാറാകാതിരുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ ട്രെയിഡ് ചീഫിന്‍റ്റെ ഓഫിസിന് ഇന്ത്യക്ക് മേല്‍ വ്യാപാര ഉപരോധം എന്ന നിര്‍ദ്ദേശം അമേരിക്കന്‍ പ്രെസിഡന്‍റ്റ് ഈയിടെ നല്‍കിയത്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന്‍റ്റെ കാര്യമാണ് അമേരിക്കന്‍ പ്രെസിഡന്‍റ്റ് ഡൊണാള്‍ഡ് ട്രംപ് ഇതിനായി കൂടെ കൂടെ പ്രസംഗങ്ങളില്‍ പറയുന്നത്. ഹാര്‍ലി ഡേവിസണ്‍ ബൈക്കുകള്‍ അടക്കമുള്ളവയ്ക്ക് ഇന്ത്യ ചുമത്തുന്ന വന്‍ ഇറക്കുമതി ചുങ്കത്തിന്‍റ്റെ പേര് പറഞ്ഞാണ് ട്രംപ് ഇന്ത്യക്കെതിരായ നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ 100% തീരുവ ചുമത്തിയതാണ് ഇന്ത്യക്ക് പ്രശ്‌നമായത്; അഥവാ അമേരിക്ക പ്രശ്നമാക്കുന്നത്. ഇന്ത്യന്‍ നീക്കം അമേരിക്കന്‍ ഓട്ടോമൊബൈല്‍ രംഗത്തിനു തിരിച്ചടിയായി. ഇതോടെയാണ് ഇന്ത്യന്‍ വിപണിയില്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഇടപെട്ടതും.

ട്രംപിന്‍റ്റെ ഇപ്പോഴത്തെ നടപടി നേരിട്ടു ബാധിക്കുക ഇന്ത്യയില്‍ നിന്നുള്ള ജ്യൂവല്ലറി, വജ്രാഭരണങ്ങള്‍, വസ്ത്രങ്ങള്‍, ഇരുമ്ബ് - തുടങ്ങിയവയെ ആയിരിക്കും. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തിനും അധിക നികുതി ചുമത്തുമ്ബോള്‍ സാരമായി പ്രശ്നങ്ങളുണ്ടാകും. ചുരുക്കം പറഞ്ഞാല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ തുടങ്ങിയ തര്‍ക്കം ഇന്ത്യന്‍ കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു; അഥവാ അമേരിക്ക എത്തിച്ചിരിക്കുന്നു. ഐ.ടി. - യേയും, അനുബന്ധ വ്യവസായങ്ങളേയും കൂടി ഈ വ്യാപാര തര്‍ക്കം ബാധിക്കും എന്ന്‌ പറയുമ്ബോഴാണ് കാര്യങ്ങള്‍ കൂടുതലായി മനസിലാക്കാന്‍ പറ്റുന്നത്. അമേരിക്കയുടെ ഐ.ടി. മേഖലയിലുള്ള മൊത്തം ഔട്ട് സോഴ്സിംഗിന്‍റ്റെ ഏതാണ്ട് 60 ശതമാനവും ഇന്ത്യയിലേയ്ക്കാണ് ഒഴുകുന്നത്. ഐ.ടി. കമ്ബനികള്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്ന സാഹര്യമാണ് ചിലപ്പോള്‍ ഉണ്ടാകാന്‍ പോകുന്നത്. പുതിയ നിയമനങ്ങള്‍ വെട്ടിക്കുറച്ചതോടെ എഞ്ചിനീയറിങ് കൊളേജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന എഞ്ചിനീയര്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ മോദി സര്‍ക്കാരും പരാജയപ്പെട്ടിരുന്നു എന്ന്‌ പറയുമ്ബോഴാണ് നമ്മുടെ സമ്ബത് വ്യവസ്ഥയില്‍ ഈ വ്യാപാര ഉപരോധം ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഖാതങ്ങള്‍ മനസിലാക്കേണ്ടത്.

ഒറ്റയടിക്ക് അമേരിക്കന്‍ കമ്ബനികളൊന്നും ഇന്ത്യക്കാര്‍ക്ക് ജോലിയോ ബിസിനസ്സോ നല്‍കരുതെന്നൊന്നും ട്രംപിന് പറയാനാകില്ല എന്നു നമുക്ക് പറയാം. അത് അമേരിക്കന്‍ വ്യവസായത്തിന് വലിയ തിരിച്ചടിയാകും എന്ന്‌ ആര്‍ക്കാണ് അറിയാത്തത്??? പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ചൈന, യൂറോപ്യന്‍ യൂണിയന്‍, മെക്‌സിക്കോ - തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന നിലപാടിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് അമേരിക്ക. L .G ., സാംസങ്ങ്, ഡേവൂ, ഹ്യുണ്ടായ്, ടൊയോട്ട, മിറ്റ് സുബുഷി, മെഴ്‌സിഡസ് ബെന്‍സ്, ബി. എം. ഡബ്ള്യൂ. - തുടങ്ങിയ അന്തര്‍ ദേശീയ നിലവാരത്തിലുള്ള ബ്രാന്‍ഡുകള്‍ സൃഷ്ടിച്ചിരുന്നെങ്കില്‍ നമുക്ക് പ്രശ്നമില്ലായിരുന്നു. ട്രംപ് എത്ര ഉറഞ്ഞു തുള്ളിയാലും വിലക്കുറവും, ക്വാളിറ്റിയും ഉള്ള ഉല്‍പന്നങ്ങളേ ഇന്നത്തെ കാലത്തെ കണ്‍സ്യൂമേഴ്‌സ് വാങ്ങിക്കുകയുള്ളൂ. അന്തര്‍ ദേശീയ നിലവാരത്തിലുള്ള ബ്രാന്‍ഡുകള്‍ ഇല്ലാത്തിടത്തോളം കാലം റഷ്യന്‍ സമ്ബദ് വ്യവസ്ഥയെ പോലെ ഇന്ത്യക്കും അമേരിക്കന്‍ വാണിജ്യ ഉപരോധങ്ങള്‍ വന്നാല്‍ കഷ്ടകാലം വരും.

Courtesy: 24K

Related News