Loading ...

Home Education

സിംഗനല്ലൂര്‍ പാലസ്‌ എന്ന മെത്തവീട്‌ (തേവര്‍ മകന്‍ വീട്‌ )

സായിനാഥ്‌ മേനോന്‍

തമിഴ്‌നാട്ടിലെ സ്വര്‍ഗ്ഗമായ പൊള്ളാച്ചിയില്‍ സിംഗനല്ലൂര്‍ എന്ന ഗ്രാമത്തിലാണ്‌ മെത്ത വീട്‌ അഥവ സിംഗനല്ലൂര്‍ പാലസ്‌ സ്ഥിതി ചെയ്യുന്നത്‌. തേവര്‍ മകന്‍ എന്ന ക്ലാസിക്‌ സിനിമ ഇവിടെ ഷൂട്ട്‌ ചെയ്തതിനാല്‍ തേവര്‍ മകന്‍ വീട്‌ എന്നും , ഇത്‌ കൗണ്ടറുടെ വീടായിരുന്നതിനാല്‍ കൗണ്ടര്‍ വീട്‌ എന്നും ഈ അരമനയ്ക്ക്‌ പേരുണ്ട്‌.

സിംഗനല്ലൂര്‍ പാലസിനെ കുറിച്ച്‌ പറയുമ്ബോള്‍ പൊള്ളാച്ചി എന്ന സുന്ദരിയെ കുറിച്ച്‌ കൂടി പറയണം . പച്ചപ്പ്‌ നിറഞ്ഞ പൊള്ളാച്ചിയില്‍ ചെന്നാല്‍ കേരളം പോലെ തന്നെ നമുക്ക്‌ ഫീല്‍ ചെയ്യും . തണല്‍ മരങ്ങള്‍ റോഡിന്റെ രണ്ടു ഭാഗത്തായി നമ്മെ വരവേല്‍ക്കാന്‍ നില്‍ക്കുന്ന തരുണീമണികളെ പോലെ നില്‍ക്കുന്ന കാഴ്ച്ച അതൊന്ന് കാണേണ്ടത്‌ തന്നെയാണ്‌ . കൃഷിക്ക്‌ പ്രാധാന്യം കൊടുക്കുന്ന ജനത. കേരളത്തിലെക്കാള്‍ തെങ്ങിന്‍ തോപ്പുകള്‍ ഇവിടെ കാണാം നമുക്ക്‌. ഗൗണ്ടര്‍മ്മാരുടെയും, ജമീന്ദാരുടെയും നാട്‌ കൂടിയാണ്‌ പൊള്ളാച്ചി . നമ്മുടെ വിജയകാന്തിന്റെ ചിന്ന കൗണ്ടര്‍ പടം കണ്ടിട്ടുള്ളവര്‍ക്ക്‌ കൗണ്ടര്‍ എന്നാല്‍ ഏകദേശം ഐഡിയ കിട്ടും.സമത്തൂര്‍ ജമീന്‍,ഊത്തുകുളി ജമീന്‍ ,പുറയപാളയം ജമീന്‍,മുത്തൂര്‍ ജമീന്‍ എന്നീ പ്രബലര്‍ വാഴുന്ന നാടാണിത്‌


 
സിംഗനല്ലൂര്‍ പാലസിന്റെ പൂര്‍വ്വികം-

ദ്രാവിഡ ജനതയിലെ പ്രധാനവിഭാഗമായ കൊങ്ങുവെള്ളാളറിലെ പ്രമുഖ ഉപവിഭാഗമായ ഗൗണ്ടര്‍മ്മാരായിരുന്നു സിംഗനല്ലൂര്‍ പാലസിന്റെ ഉടമസ്ഥര്‍. പൊള്ളാച്ചിയിലാണ്‌ ഗൗണ്ടര്‍മ്മാര്‍ കൂടുതലായി ഉള്ളത്‌. സംഘകാലം മുതലെ കാര്‍ഷിക വൃത്തിക്ക്‌ പ്രാധാന്യം കൊടുക്കുന്നവരാണിവര്‍. മണ്ണിനെ പൊന്നാക്കുന്നവരാണിവര്‍.കാങ്കയത്തുള്ള കരിയകാളി അമ്മന്‍ ആണിവരുടെ കുലദൈവം.കെ. രാമസ്വാമി ഗൗണ്ടര്‍,അദേഹത്തിന്റെ പുത്രനായ ശ്രീ എസ്‌.ആര്‍ പഴനി സ്വാമി ഗൗണ്ടര്‍ എന്നിവര്‍ ആണ്‌ ഈ അരമനയുടെ സ്ഥാപക ഉടമസ്ഥര്‍. അവരുടെ കുടുംബമായിരുന്നു ഇവിടെ വാണിരുന്നത്‌. കൃഷി മുഖ്യ ജീവിതമാര്‍ഗ്ഗമാക്കിയിരുന്ന ഇവര്‍ക്ക്‌ എണ്ണൂറേക്കറോളം ഭൂമി ഉണ്ടായിരുന്നു .സിംഗനല്ലൂരിലെ പ്രശ്നങ്ങള്‍ക്ക്‌ തീര്‍പ്പ്‌ കല്‍പ്പിക്കാനും , മറ്റും ഇവര്‍ക്കധികാരമുണ്ടായിരുന്നു . ഈ പരമ്ബരയുടെ യഥാര്‍ത്ഥ നാമം നാട്ടില്‍ ആര്‍ക്കും അത്ര അറിവില്ലാ എന്ന് തോന്നുന്നു. എങ്കിലും ഇവര്‍ മെത്തവീട്‌ പരമ്ബര എന്നാണ്‌ അറിയപ്പെടുക എന്നാണ്‌ സിംഗനല്ലൂരിലെ പ്രമുഖനായ ശ്രീ രമേഷ്‌ ഗൗണ്ടര്‍ പറഞ്ഞത്‌.കൊല്ലങ്കോട്‌ രാജവംശവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ഇവര്‍ . അത്‌ പോലെ തമിഴ്‌ നാട്ടിലെ രാഷ്ട്രീയ ഭരണ കക്ഷികള്‍ക്കും ഇവര്‍ പ്രിയപ്പെട്ടവരായിരുന്നു.സിനിമാ നടന്‍ സത്യരാജിന്‌ ഇവരുമായി ബന്ധുത്വം ഉണ്ട്‌.


 
സിംഗനല്ലൂര്‍ പാലസ്‌ ഒരു ഒന്നൊന്നൊര അരങ്ങ്‌ തന്നെയാണ്‌ . ഏകദേശം നൂറ്‌ വര്‍ഷം കാണും ഈ അരമനയ്ക്ക്‌. കെ രാമസ്വാമി കൗണ്ടറുടെ കാലത്താണ്‌ ഈ അരമന കെട്ടിയത്‌. നെന്മാറയില്‍ നിന്നും പറമ്ബിക്കുളം ടോപ്‌ ഹില്ലില്‍ നിന്നും ആണ്‌ ഇവിടെയ്ക്കുള്ള മരങ്ങള്‍ കൊണ്ടു വന്നത്‌.കൊട്ടാര സമാനമായ ഈ അരമന കെട്ടാന്‍ കൊല്ലങ്കോട്‌ രാജാവാണ്‌ ആശാരിമാരെയും മറ്റും പൊള്ളാച്ചിയിലേക്ക്‌ അയയ്ച്ചത്‌. അത്‌ കൊണ്ട്‌ തന്നെ അവിടുത്തെ മരപ്പണികള്‍ എല്ലാം ഗംഭീരവും ഒരു കേരള ടച്ചും ഉണ്ട്‌. സിംഗനല്ലൂരിലെ ഏറ്റവും വല്ലിയ വീടും , നാടിന്റെ തന്നെ അടയാളവും ഈ വീട്‌ തന്നെ ആയത്‌ കൊണ്ടാകാം ഈ വീടിന്‌ സിംഗനല്ലൂര്‍ പാലസ്‌ എന്ന് പേര്‍ വന്നത്‌ എന്ന് കരുതുന്നു.ഭയങ്കര എടുപ്പാണീ വീടിന്‌ . ഒരു സിംഹ സമാനമായ ഗൃഹം. രാജന്‍ തന്നെ . ഈ വീടിന്‌ രാജാ വീട്‌ എന്നു കൂടി പേരുണ്ട്‌ ട്ടോ. കയറി ചെല്ലുമ്ബോള്‍ തന്നെ ആട്ടുകട്ടിലോട്‌ കൂടിയ മനോഹരമായ പൂമുഖവും, വല്ലിയ വരാന്തയും കാണാം നമുക്ക്‌ . ആ നിലത്തുള്ളത്‌ പഴയ കാവി തന്നെ.


 
മനോഹരമായ നടുമുറ്റവും, അതിലെ തൂണുകളും, നമ്മെ അദ്ഭുതപ്പെടുത്തും. തൂണുകള്‍ക്ക്‌ മിനുസമേകാന്‍ ഏകാനായി കോഴിമുട്ട ഉപയോഗിച്ച്‌ എന്തോ ഒരു മിശ്രിതം ചേര്‍ത്തിട്ടുണ്ട്‌ എന്ന് അവിടെയുള്ളവര്‍ എന്നോട്‌ പറഞ്ഞു.മനോഹരമായ കോണികളും, മട്ടുപ്പാവും, ചുറ്റുമുള്ള നീളന്‍ തളങ്ങളും, ഔട്ട്‌ ഹൗസുകളും, ഈ അരമനയ്ക്ക്‌ ഭംഗി കൂട്ടുന്നു. എട്ടോളം മുറികളും , പുറത്തുള്ള അടുക്കളയും, അരമനയിലുണ്ട്‌.മരത്തിന്റെ തട്ടുകള്‍ക്കൊന്നും പഴമ ബാധിച്ചിട്ടില്ലാ . രാജകീയ പ്രൗഡിയുള്ള ഫര്‍ണീച്ചറുകള്‍ കൂടിയായപ്പോള്‍ അരമന കൊട്ടാര സമാനമായി .പൊള്ളാച്ചിയിലെ പുറമെയുള്ള ചൂട്‌ ഈ അരമനയില്‍ കയറിയാല്‍ നമുക്ക്‌ അറിയാന്‍ കഴിയില്ലാ. തണുത്ത അന്തരീക്ഷം നമ്മെ മറ്റൊരു ലോകത്തേക്ക്‌ ചെന്നെത്തിക്കും. ഒരു പോറലും ഏല്‍പ്പിക്കാതെ ഈ മനോഹരമായ അരമനയെ സംരക്ഷിക്കുന്നവര്‍ക്ക്‌ ഇരിക്കട്ടെ എന്റെ വക കുതിരപ്പവന്‍.

  

സിംഗനല്ലൂര്‍ പാലസും/ തേവര്‍ മകനും

സിംഗനല്ലൂര്‍ പാലസില്‍ നൂറ്‌ കണക്കിന്‌ സിനിമകള്‍ ഷൂട്ട്‌ ചെയ്തിട്ടുണ്ട്‌( എന്നിട്ടും വീടിന്‌ കേടുപാടില്ലാന്ന് ഉള്ളത്‌ വല്ല്യ അദ്ഭുതം). ബോംബെ, മുറൈ മാമന്‍ തുടങ്ങി അനവധി സിനിമകള്‍. ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്ല് മൂവിയായ തേവര്‍ മകനിലെ തേവര്‍ വീട്‌ ഈ പാലസ്‌ ആയിരുന്നു . പെരിയ തേവരായ ശിവാജിയും ശക്തിവേലായി കമലഹാസനും മത്സരിച്ചഭിനയിച്ച ഒരു ക്ലാസിക്ക്‌ മൂവിയാണ്‌ തേവര്‍ മകന്‍ . അതിന്‌ ഈ വീടിനും ഒരു റോളുണ്ട്‌. ഞാന്‍ ഈ പാലസിന്‌ മുന്നിലെത്തി, ഉള്ളില്‍ കയറാനായി ഗെയ്റ്റ്‌ തുറന്നതും , ആ പൂമുഖത്ത്‌ ചാരുകസേരയില്‍ പെരിയ തേവര്‍ ഇരിക്കുന്ന പ്രതീതി തോന്നി എനിക്ക്‌. ശിവാജിയുടെ ആ തേവര്‍ രീതിയിലുള്ള സംഭാഷണം എല്ലാം മനസിലേക്ക്‌ ഓടി .


 
അത്‌ പോലെ അച്ഛനും മകനും തമ്മില്‍ മഴയത്ത്‌ നടുമുറ്റത്തിനടുത്തിരുന്നുള്ള സംഭാഷണവും( അതൊരു മത്സരമായിരുന്നു അഭിനയിത്തിന്റെ ചക്രവര്‍ത്തിയായ ശിവാജിയും കമലും തമ്മിലുള്ള അഭിനയ മത്സരം) ആ തൂണുകള്‍ കണ്ടപ്പോള്‍ , പെരിയ തേവര്‍ മരിച്ചതറിഞ്ഞ്‌ പെട്ടെന്ന് ഓടി വന്ന്‌ ആ ഷോക്കില്‍ ശക്തിവേല്‍ ആ തൂണില്‍ ചാരി താഴേക്ക്‌ വീഴുന്ന ഒരു സീനുണ്ട്‌( പല സിനിമാ പ്രേമികള്‍ക്കും ഇന്നും ആ സീന്‍ മനസ്സില്‍ നിന്ന് പോയിട്ടുണ്ടാകില്ലാ ) അതെല്ലാം എന്റെ മനസിലൂടെ വന്നു കൊണ്ടെ ഇരുന്നു . എന്തൊ ആ ഒരു ഫീലിംഗ്‌ അനുഭവിക്കാനായി ഞാന്‍ ആ തൂണില്‍ തലോടി. പെരിയ തേവര്‍ മരിച്ച ശേഷം കമല്‍ മുടിയെല്ലാം വെട്ടി , അച്ഛനെ പോലെ മീശയെല്ലാം മുറുക്കി , വെള്ള വസ്ത്രം ധരിച്ച്‌, പ്രധാന വാതില്‍ കടന്നൊരു വരവുണ്ട്‌ . ക്ലാസും മാസും ചേര്‍ന്നൊരു അതി ഗംഭീരമായ രംഗം.


 
പ്രധാന വാതിലിലൂടെ കടക്കുമ്ബോള്‍ ആ രംഗമാണ്‌ എനിക്കോര്‍മ്മ വന്നത്‌. മട്ടുപാവിലൂടെ നടക്കുമ്ബോള്‍ മുറൈമാമനിലെ ജയറാം കൗണ്ടമണി കോമ്ബോ എല്ലാം ഓര്‍മ്മ വന്നെങ്കിലും, തേവര്‍ മകന്‍ വീട്‌ എന്ന് തന്നെയാകും ഈ വീടിന്‌ എന്റെ മനസിലുള്ള സ്ഥാനം. അരമന മൊത്തം ചുറ്റിക്കണ്ട്‌ ഇറങ്ങുമ്ബോഴേക്കും ഒരിക്കല്‍ കൂടി തേവര്‍ മകന്‍ കണ്ട പ്രതീതിയായി എനിക്ക്‌ .സിംഗനല്ലൂര്‍ അരമന പരമ്ബര പണ്ട്‌ കാലം തൊട്ടെ നല്ല വിദ്യാഭ്യാസം നേടിയിരുന്നു . ഒരിക്കല്‍ ബ്രിട്ടീഷുകാരുടെ ആക്രമണത്തില്‍ സിംഗനല്ലൂരിനെ രക്ഷപ്പെടുത്താന്‍ അരമനയിലെ ഒരു ഗൗണ്ടര്‍ ഇംഗ്ലീഷ്‌ ഭാഷയില്‍ സംസാരിച്ചു എന്നുള്ള കഥകള്‍ അവിടുത്തെ പഴയ ആളുകളില്‍ നിന്നറിയാന്‍ കഴിഞ്ഞു . നാട്ടുകാര്‍ക്ക്‌ എല്ലാം ഈ അരമനയില്‍ ഉണ്ടായിരുന്ന ഗൗണ്ടര്‍ പരമ്ബരയെ പറ്റി നല്ലത്‌ മാത്രേ പറയാന്‍ ഉള്ളൂ . സിംഗനല്ലൂരില്‍ സ്കൂള്‍ കെട്ടാന്‍ വേണ്ടി സഹായങ്ങള്‍ നല്‍കുകയും, കുട്ടികള്‍ക്കായി ഒരു ആശുപത്രി കെട്ടികൊടുക്കയും ചെയ്തുവത്രെ ഈ പരമ്ബര


 
കെ രാമസ്വാമി ഗൗണ്ടര്‍ / സി. ആര്‍ പഴനിസ്വാമി ഗൗണ്ടര്‍ പരമ്ബര ഈ പാലസ്‌ ഒരു ഇറ്റലിക്കാരിക്ക്‌ വില്‍ക്കുകയും അവര്‍ അത്‌ ശ്രീ ശബരിനാഥ്‌ എന്ന വ്യക്തിക്ക്‌ വില്‍ക്കുകയും ചെയ്തു . പൊള്ളാച്ചി ആര്യാസ്‌ ഹോട്ടലിന്റെ ഓണര്‍ കൂടിയായ ശ്രീ ശബരിനാഥ്‌ ഈ അരമനയെ പൊന്നുപോലെ സംരക്ഷിക്കുന്നുണ്ട്‌. പകുതി മലയാളിയായ ഒരു കാരണവരും കുടുംബവും അരമനയിലെ ഔട്ട്‌ ഹൗസില്‍ അരമനയുടെ കാര്യങ്ങള്‍ നോക്കി നടത്താനായി താമസമുണ്ട്‌.ഇപ്പോഴും അരമനയില്‍ ധാരാളം ഷൂട്ടിംഗ്‌ നടക്കാറുണ്ട്‌ . ആ തുകയെല്ലാം അരമനയുടെ സംരക്ഷണത്തിനായി അവര്‍ ഉപയോഗിക്കുകയും ചെയ്യുന്നു. അല്ലാതെ എങ്ങനെയാണ്‌ ഇത്ര വല്ലിയ കൊട്ടാര സമാനമായ വീട്‌ സംരക്ഷിക്കാന്‍ കഴിയുക അല്ലെ . ചിലവ്‌ താങ്ങാന്‍ കഴിയില്ലല്ലോ.


 
Courtesy: 24K

Related News