Loading ...

Home Business

'മെയ്ക്ക് ഇന്‍ ഇന്‍ഡ്യാ' പദ്ധതി എവിടെയാണ് പ്രവര്‍ത്തിക്കുന്നത്? അറബിക്കടലിന്റെ അപ്പുറത്തുള്ള അജ്ഞാത ഗുഹയിലാണോ???

വെള്ളാശേരി ജോസഫ്

കഴിഞ്ഞ ദിവസം NDTV - യില്‍ സ്‌പെയിനിലെ ബാഴ്‌സിലോണയില്‍ നടക്കുന്ന 'വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിനെ' കുറിച്ച്‌ വളരെ വിശദമായ റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോകം ഇനി 4G - യില്‍ നിന്ന് 5G - യിലേക്ക് കുതിക്കാന്‍ പോകുകയായാണ്. ലോക പ്രശസ്തമായ പല കമ്ബനികളും അവരുടെ 5G മൊബൈല്‍ ഫോണുകള്‍ ബാഴ്‌സിലോണയില്‍ നടക്കുന്ന 'വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. ഷവോമി, സാംസങ്, എല്‍.ജി. - ഈ കമ്ബനികളൊക്കെ 5G മൊബൈല്‍ ഫോണുകള്‍ ബാഴ്‌സിലോണയില്‍ അവതരിപ്പിച്ചവരില്‍ പെടും. പക്ഷെ ഇന്ത്യയില്‍ നിന്ന് ഒരു കമ്ബനിയും മുന്തിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്നത് ആ NDTV റിപ്പോര്‍ട്ടില്‍ കണ്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഒരു ഉപകരണമാണ് 'സ്മാര്‍ട്ട് ഫോണ്‍'. പക്ഷെ മൈക്രോമാക്സ്, ജിയോ, കാര്‍ബണ്‍, ലാവ - ഇവയൊന്നും ഇനിയും ലോകത്തിലെ മുന്‍നിര 5G സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുമായി മത്സരിക്കുവാനുള്ള കരുത്തു നേടിയിട്ടില്ല.


 
ഈ അവസ്ഥയില്‍ സോഷ്യല്‍ മീഡിയയിലിലുള്ള 'കിക്ക് ചൈന ഔട്ട്' - എന്ന ക്യാമ്ബയിന്‍ ലക്‌ഷ്യം കാണുമെന്ന് തോന്നുന്നില്ല. പാക്കിസ്ഥാന്‍റ്റെ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുന്ന ചൈനയുടെ നടുവൊടിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നതൊക്കെ നല്ലതാണ്. പക്ഷെ രാജ്യ സ്നേഹം പറയുന്നതല്ലാതെ യാതാര്‍ഥ്യ ബോധം എന്ന് പറയുന്നത് ഇത്തരം രാജ്യ സ്നേഹികള്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ലാ.


 
ചൈനീസ് കമ്ബനിയായ TCL ഇപ്പോള്‍ 2,200 കോടി രൂപയുടെ നിക്ഷേപം ഇലക്രോണിക്സ് മേഖലയില്‍ തിരുപ്പതിയില്‍ നടത്താന്‍ പോകുകയാണ്. മെബൈല്‍ ഫോണുകളും, ടെലിവിഷന്‍ സ്‌ക്രീനുകളും ഉണ്ടാക്കാനായിരിക്കും TCL തിരുപ്പതി ഫാക്റ്ററിയില്‍ ശ്രമിക്കുന്നത്. ഷവോമി ടി. വി. ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നുണ്ട്; ഷവോമിക്ക് ഇന്ത്യയില്‍ ഫാക്റ്ററിയുമുണ്ട്. ഷവോമിക്ക് ഇന്ത്യയില്‍ 23,000 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഹാങ്ങ്ഷു (Hangzhou) കേന്ദ്രമായുള്ള തായ്‌വാനീസ് കമ്ബനിയായ 'കിംകോ' (KYMCO) 'റ്റ്വെന്‍റ്റി റ്റു മോട്ടോഴ്‌സ്' എന്ന പേരില്‍ 'റ്റു വീലര്‍' കമ്ബനിയും ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. നേരത്തേ തന്നെ ചൈനയുടെ മുന്തിയ കാര്‍ നിര്‍മാതാക്കളായ SAIC ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കടക്കുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ജെനെറല്‍ മോട്ടോഴ്സില്‍ നിന്ന് തങ്ങളുടെ കാര്‍ നിര്‍മാണം ആരംഭിക്കുവാന്‍ വേണ്ടി ഗുജറാത്തിലെ ഫാക്റ്ററി SAIC 2014- ല്‍ വാങ്ങിച്ചിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ചൈനീസ് കാറും ചൈനീസ് ടി. വി., ചൈനീസ് മെബൈല്‍ - എന്നിവയൊക്കെ കൂടാതെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തും. 5000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ കാര്‍ നിര്‍മാണത്തില്‍ ഇതിനോടകം തന്നെ ചൈനീസ് കമ്ബനി 2000 കോടി മുടക്കി കഴിഞ്ഞു.


 
ലെനോവോ, ഹയ്യര്‍ - തുടങ്ങിയ വേറെയും ചൈനീസ് കമ്ബനികള്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമാണ്. TCL, മിഡിയ ഗ്രൂപ്പ് (Midea ഗ്രൂപ്പ്) - ഇവയൊക്കെ നേരത്തേ തന്നെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹയ്യര്‍ ഡെല്‍ഹിക്കടുത്തുള്ള ഗ്രെയിറ്റര്‍ നോയിഡയില്‍ 3,000 കോടി രൂപയുടെ ഫാക്റ്ററി തുറക്കാന്‍ പോവുകയാണ്. ഫ്രിഡ്ജും, വാഷിങ് മെഷീനും ഒക്കെയായിരിക്കും ഉല്‍പന്നങ്ങള്‍. Midea ഗ്രൂപ്പ് - ന്‍റ്റെ ഫാക്റ്ററി 1,300 കോടി രൂപയുടെ മുതല്‍ മുടക്കോട് കൂടി 'എയര്‍ കണ്ടീഷണറുകള്‍' നിര്‍മിക്കാന്‍ തുടങ്ങുന്നു. 2017 ഫെബ്രുവരി മുതല്‍ പൂനക്കടുത്ത് Midea ഗ്രൂപ്പ് - ന്‍റ്റെ 800 കോടി രൂപയുടെ ഇന്‍വെസ്റ്റ്മെന്‍റ്റ് ഉള്ള ഫാക്റ്ററി ഉണ്ട്. ചുരുക്കം പറഞ്ഞാല്‍ മോഡിയുടെ ഇന്ത്യയില്‍ ഇപ്പോള്‍ ചൈനീസ് സ്വാധീനവും, ചൈനീസ് കമ്ബനികളുടെ വളര്‍ച്ചയും ആണ് ഉയരുന്നത്. നമ്മുടെ പ്രിയപ്പെട്ട പ്രധാന മന്ത്രിയായ നരേന്ദ്ര ദാമോദര്‍ ദാസ് മോഡിജിയുടെ 'മെയ്ക്ക് ഇന്‍ ഇന്‍ഡ്യാ' പദ്ധതി എവിടെയാണ് പ്രവര്‍ത്തിക്കുന്നത്??? അറബിക്കടലിന്‍റ്റെ അപ്പുറത്തുള്ള അജ്ഞാത ഗുഹയിലാണോ മോഡിജിയുടെ 'മെയ്ക്ക് ഇന്‍ ഇന്‍ഡ്യാ' പദ്ധതി പ്രവര്‍ത്തിക്കുന്നത്???

Related News