Loading ...

Home sports

ലോകകപ്പ്: ഇന്ത്യക്കു നാലാം നമ്ബറില്‍ ആര്? റെയ്‌ന പറയുന്നു... അതിനേക്കാള്‍ ബെസ്റ്റ് ഇല്ല

മുംബൈ: ഏകദിന ലോകകപ്പ് അടുത്തു കൊണ്ടിരിക്കെ കിരീട ഫേവറിറ്റുകളിലൊന്നായ ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍ ഇത്തവണ വാനോളമാണ്. 2011നു ശേഷം വീണ്ടുമൊരു ലോകകിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യക്ക് ഇത്തവണ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. സമീപകാലത്ത് നാട്ടിലും വിദേശത്തും ഇന്ത്യ നടത്തിയ മികച്ച പ്രകടനങ്ങള്‍ തന്നെയാണ് ഇതിനു കാരണം.

എന്നാല്‍ ലോകകപ്പില്‍ ഒരു കാര്യത്തില്‍ ഇപ്പോഴും ഇന്ത്യക്ക് ആശങ്കയുണ്ട്.നാലാം നമ്ബറില്‍ ആരെ ബാറ്റിങിന് ഇറക്കുമെന്നതാണ് ഇതിനു കാരണം. പലരെയും ഈ പൊസിഷനില്‍ ഇന്ത്യ പരീക്ഷിച്ചു കഴിഞ്ഞെങ്കിലും അവര്‍ക്കൊന്നും സെലക്ടര്‍മാരെ തൃപ്തരാക്കുന്ന പ്രകടനം നടത്താനായിട്ടില്ല. ലോകകപ്പ് ടീമില്‍ അംഗമല്ലെങ്കിലും കഴിഞ്ഞ രണ്ടു ടൂര്‍ണമെന്റിലും കളിച്ച മുന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന നാലാംനമ്ബര്‍ താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ്.

ധോണി കളിക്കണം
മുന്‍ നായകന്‍ എംഎസ് ധോണിയാണ് നാലാം നമ്ബറില്‍ ഇറങ്ങാന്‍ ഏറ്റവും അനുയോജ്യനായ താരമെന്ന് റെയ്‌ന അഭിപ്രായപ്പെട്ടു. ഈ റോളില്‍ ധോണിക്കു മികച്ച പ്രകടനം നടത്താന്‍ കഴിയും. മികച്ച ബാറ്റിങാണ് ധോണി കാഴ്ചവയ്ക്കുന്നത്. റണ്‍സും നേടാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. ലോകകപ്പില്‍ ധോണിയേക്കാള്‍ മികച്ചൊരു പകരക്കാരനെ ഇന്ത്യ ഇനി തേടേണ്ടതില്ലെന്നും റെയ്‌ന പറഞ്ഞു.
ലോകകപ്പില്‍ കിരീടം നേടാന്‍ ധോണിയുടെ സഹായം കൂടി ക്യാപ്റ്റന്‍ വിരാട് കോലിക്കു വേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


 
ധോണിയുടെ അനുഭവസമ്ബത്ത്

ധോണിയുടെ അനുഭവസമ്ബത്ത് ലോകകപ്പില്‍ ഇന്ത്യക്കു വലിയ ഗുണം ചെയ്യും. അദ്ദേഹത്തിന്റെ അനുഭവസമ്ബത്ത് ഇന്ത്യ ഉപയോഗിക്കണമെന്നും റെയ്‌ന ആവശ്യപ്പെട്ടു.
അടുത്തിടെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ നടന്ന പരമ്ബരകളില്‍ ധോണി മികച്ച പ്രകടനം നടത്തിയിരുന്നു. യുവതാരങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം മുതല്‍ക്കൂട്ടാവും. ബൗളര്‍മാര്‍ക്കായിരിക്കും ഇതിന്റെ നേട്ടം കൂടുതല്‍ ലഭിക്കുക. ഇന്ത്യക്കു വേണ്ടി നിരവധി ലോകകപ്പുകള്‍ കളിച്ച താരമാണ് ധോണി. ഐപിഎല്‍ ഫൈനലിലും പല തവണ അദ്ദേഹം കളിച്ചു. അതുകൊണ്ടു തന്നെയാണ് കോലിയുടെ തുറുപ്പുചീട്ടായി ധോണി മാറുന്നതെന്നും റെയ്‌ന അഭിപ്രായപ്പെട്ടു.


 
റെയ്‌ന പ്രതീക്ഷയില്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇതിനകം തീരുമാനിച്ചു കഴിഞ്ഞെങ്കിലും റെയ്‌ന ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയാല്‍ ലോകകപ്പ് സംഘത്തിലേക്ക് തന്നെയും പരിഗണിച്ചേക്കാമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ജൂണ്‍ അഞ്ചിന് സതാംപ്റ്റനിലാണ് ഇരുടീമുകളു നേര്‍ക്കുനേര്‍ വരുന്നത്.


Related News