Loading ...

Home Music

പാട്ടിലെ മധുരമാം കാലൊച്ചകള്‍

ഡോ. എം ഡി മനോജ്

പാട്ടിന്റെ ഒരു ടേപ്പ്‌റെക്കാര്‍ഡര്‍ കാലം മനസിലുണ്ടാകാത്ത ഒരു മലയാളിയുമില്ല. പുതിയ തലമുറയ്ക്ക് അതൊരു മ്യൂസിയം പീസ് മാത്രമായിരിക്കാം. പഴയ തലമുറയില്‍ ടേപ്പ്‌റെേക്കാര്‍ഡര്‍ കൗതുക വിഷയങ്ങളുടെ ഒരു കാലമൊരുക്കിയിരുന്നു. അതിനും മുമ്പ് റേഡിയോയില്‍ നിന്ന് വരുന്ന ഗാനതരംഗിണിയുടെയും രഞ്ജിനിയുടെയുമെല്ലം ലോകം സ്വന്തമാക്കിയ ഒരു തലമുറയുണ്ടായിരുന്നുവെന്നത് സത്യമാണ്. വീടിനെ ഭരിച്ചിരുന്നത് റേഡിയോയുടെ സമയക്രമവും സൗന്ദര്യബോധവുമായിരുന്നുവെന്നു പറഞ്ഞാല്‍ അതിലൊട്ടു അതിശയോക്തിയില്ല. ‘കാസറ്റ്’ എന്നൊരു സാങ്കേതിക സംഗതിയിലേക്ക് വരുമ്പോള്‍ അതില്‍ ഒരു തലമുറയുടെ കലാലയസ്മൃതികള്‍ കൂടി കലരുമെന്നത് യാഥാര്‍ഥ്യം. കാരണം അക്കാലത്തുള്ള കേള്‍വിയില്‍ അഥവാ പാട്ടുകേള്‍ക്കലിന് കൂടുതല്‍ സ്വാതന്ത്ര്യവും അവകാശബോധവും ഉണ്ടായിരുന്നു. ഇഷ്ടഗീതികള്‍ വീണ്ടും വീണ്ടും ടേപ്പ് റെക്കോര്‍ഡറിലിട്ട് അതിന്റെ ചുരുളുകള്‍ അങ്ങോട്ടുമിങ്ങോട്ടുമോടിച്ച് കേള്‍വിയുടെ ഒരു സ്വകാര്യസാമ്രാജ്യമുണ്ടാക്കി, വരികള്‍ എഴുതിയെടുത്തങ്ങനെ….. പിന്നെ കാസറ്റുകള്‍ അടുക്കിവയ്ക്കുക, ടേപ്പ്‌റൊക്കോര്‍ഡറിന്റെ ഹെഡ് വൃത്തിയാക്കുക അങ്ങനെ പോകുന്നു പണികള്‍… അക്കാലത്തെ പാട്ടുകേള്‍ക്കല്‍ ഒരു ജോലി തന്നെയാണ്.

രാത്രികളില്‍ കൂടെയുണ്ടാകും ഈ ടേപ്പ് റെക്കോര്‍ഡര്‍. വരികളും സംഗീതവും ഇഴുകിച്ചേര്‍ന്ന പാട്ടിന്റെ മായാലോകത്തിലേക്ക് മനസിന്റെ ഒരു മഹാപ്രപഞ്ചം അങ്ങനെ സദാ ഉണര്‍ന്നിരിക്കുന്നു. ഇങ്ങനെ ഒരു ടേപ്പ് റെക്കോര്‍ഡര്‍ കാലത്താണ് മലയാളികളുടെ മനസിനെ മഥിക്കുന്ന ഒരു പാട്ടിന്റെ കാലൊച്ച കേള്‍ക്കുന്നത്.
”വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരിവിതറി ത്രിസന്ധ്യ പോകെ,
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
കളമധുരമാം കാലൊച്ച കേട്ടു
മധുരമാം കാലൊച്ച കേട്ടു” (ഇടനാഴിയില്‍ ഒരു കാലൊച്ച)

പ്രണയിനിയുടെ കാലൊച്ചയ്ക്കിത്ര മധുരവും അര്‍ഥതലവുമുണ്ടെന്ന് ആ ഗാനമിന്നും നമുക്ക് പറഞ്ഞുതരുന്നു. എത്രയെടുത്താലും തീരാത്ത അക്ഷയഖനിപോലെയാണ് പ്രണയം. ആ പ്രണയത്തെ പ്രകൃതിയുടെ നിറങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഒഎന്‍വി ഈ പാട്ട് നെയ്‌തെടുത്തിരിക്കുന്നത്. മനസിന്റെ ഇടനാഴിയിലാണ് പ്രണയത്തിന്റെ മധുരതരമായ ഈ കാല്‍ച്ചിലമ്പൊലികള്‍. കുങ്കുമം വാരിവിതറിയിട്ടുപോകുന്ന ത്രിസന്ധ്യയുടെ കൂടെ പ്രണയിനിയുടെ കാല്‍ച്ചിലങ്കകളുടെ നാദവുമിങ്ങടുത്തുവരികയാണ്. ഈ കാലൊച്ചയില്‍ എത്രയെത്ര അര്‍ഥങ്ങളും അര്‍ഥാന്തരങ്ങളുമാണ് ഓരോ കാമുകനും കണ്ടെടുക്കുന്നത്. തരളവിലോലമായ ഈ കാലൊച്ചകള്‍ കാമുകനുള്ളില്‍ നിര്‍മിക്കുന്ന വൈകാരികതയും സാന്ത്വനവുമൊന്നു വേറെതന്നെയാണ്. കാല്‍ച്ചിലങ്കകളുടെ നാദത്തെ ‘കാലൊച്ച’ എന്നാണ് കവി വിളിക്കുന്നത്. കാല്‍ച്ചിലമ്പിനേക്കാള്‍ കേള്‍ക്കാനിമ്പമുള്ള ഒന്നായി മാറുകയാണ് ഈ കാലൊച്ചകള്‍.

ഒരു ഗായകന്റെ നൊമ്പരവും പ്രണയവുമാണീ സിനിമയിലെ പ്രമേയം. അനാഥത്വം നിറഞ്ഞ ഒരാളുടെ സ്വകാര്യ പ്രണയത്തിന്റെ അതിവിശുദ്ധ നൊമ്പരങ്ങള്‍ മുഴുവനുമുണ്ട് ഈ പാട്ടില്‍. ഭദ്രന്‍ എന്ന സംവിധായകന്റെ ദൃശ്യസാക്ഷാത്കാരം ഒട്ടൊന്നുമല്ല ഈ പാട്ടിനെ ഉയര്‍ത്തുന്നത്. പ്രകൃതിയിലെ പലതിനെയും പ്രണയത്തോട് സാമ്യപ്പെടുത്തുവാന്‍ ‘പോലെ’ എന്നൊരു വാക്കാണ് കവിക്ക് തുണ. അത് ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊട്ട മൃദുലനിസ്വനം പോലെയാണെന്ന് നാം ഒരു വേള തിരിച്ചറിയുന്നു. പാട്ടിലുടനീളം മൃദുലമായ ജീവിതനിറവേറ്റലുകളുടെ സാകല്യമാണുള്ളത്. അത് ഇലകളില്‍ ജലകണം ഇറ്റിറ്റുവീഴുമ്പോലെയാണ്.

ഹിമബിന്ദു പുതച്ചുനില്‍ക്കുന്ന പൂവിനെ ഒരു വണ്ട് നുകരാതെ ഉഴറുമ്പോലെയാണ് കാമുകന്‍ അവളുടെ കാലൊച്ചയുടെ പൊരുളറിയാതെ നില്‍ക്കുന്നത്. ‘അതിലോലം’, ‘മൃദുലം’, ‘തരളവിലോലം’, ‘മധുരം’, ‘അരിയ’ എന്നിങ്ങനെ എത്ര മനോജ്ഞവും നനുത്തതുമായ വാക്കുകള്‍കൊണ്ടാണ് ഒഎന്‍വി ഈ പാട്ടില്‍ പ്രണയത്തിന്റെ ഒരു പൂക്കാലമുണ്ടാക്കുന്നത്. നോവുകള്‍ നിറഞ്ഞ പ്രണയസംഗീതത്തിന്റെ സാന്ദ്രനിമിഷങ്ങളാണ് ഈ പാട്ടിന്റെ ആത്മാവിനെ പിന്തുടരുന്നതെങ്കിലും അതിന്റെ ആലാപനസ്വരൂപത്തെ മറ്റൊരു വിതാനത്തിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു സ്വാമി. അതില്‍ ചിലങ്കകളുടെ സ്വാഭാവികനാദം അതുപോലെ ഉപയോഗിച്ചിട്ടുണ്ട് ദക്ഷിണാമൂര്‍ത്തി. പ്രണയത്തിന്റെ അതിവിശുദ്ധമായ ഒരു ഭാവഭൂപടം തീര്‍ക്കുകയായിരുന്നു ഈ ഗാനം. ഓരോ മലയാളിക്കും പ്രണയത്തിന്റെ ഗൃഹാതുര ഭൂമികയിലേക്ക് പറക്കാന്‍ ചിറകുതരുന്ന ഗാനമാണിത്.
ഹംസനാദം എന്ന രാഗത്തിന്റെ അതിലോലമായ പരിചരണത്തിലാണ് ദക്ഷിണാമൂര്‍ത്തി ഈ ഗാനത്തിന്റെ അകം വിടര്‍ത്തുന്നത്. ചിരപരിചിതമായ ഒരു രാഗമല്ലാതിരുന്നിട്ടുകൂടി അതിനെ ആ രാഗത്തിനപ്പുറം നിത്യപരിചിതമായ ഒരു അനുഭൂതിയാക്കി മാറ്റുകയായിരുന്നു അദ്ദേഹം. ഗന്ധര്‍വശബ്ദത്തിന്റെ മായികവലയത്തില്‍പെട്ട് പുറത്തുകടക്കാനാവാത്ത നേരത്തെക്കുറിച്ച് മാത്രമാണ് ഈ ഗാനത്തിന് പറയാനുണ്ടാവുക. ഇരുപത്തിയഞ്ച് വയലിനുകളുടെ നാദവയലുകള്‍ കതിരിട്ടുനില്‍ക്കുകയാണ് ഈ പാട്ടില്‍. വയലിന്‍തന്ത്രികളില്‍ തട്ടി പ്രതിധ്വനിച്ചുവരുന്ന ഓടക്കുഴല്‍ നാദങ്ങളുടെ കൗണ്ടറുകളാണ് ഈ പാട്ടില്‍ പ്രണയത്തിന്റെ പൂ വിടര്‍ത്തുന്നത്. വയലിനിന്റെ ആരോഹണാവരോഹണങ്ങള്‍ നിര്‍മിച്ചെടുക്കുന്ന ഒരു നാദവിസ്മയമുണ്ട് ഈ പാട്ടിന്റെ ഓര്‍ക്കസ്‌ട്രേഷനില്‍. പ്രണയത്തിന്റെ സൗമ്യവിതാനങ്ങളെ മുഴുവന്‍ ഇത്രയും ഉയര്‍ന്ന സ്ഥായിയിലേക്ക് മധുരമായ സെമിക്ലാസിക്കല്‍ രീതിയിലേക്കും വിന്യസിക്കുന്നതില്‍ സ്വാമിയുടെ മിടുക്ക് അന്യാദൃശ്യമാണെന്ന് പറയാം. സംഗീതോപകരണങ്ങളുടെ സമൃദ്ധിയില്‍ നഷ്ടപ്പെടാത്ത ലയപൂര്‍ണിമകള്‍ ഈ പാട്ടിനെ മൂന്ന് ദശകത്തിനപ്പുറവും വേറിട്ടുനിര്‍ത്തുന്നു.
ചലച്ചിത്രത്തില്‍ ചടുലമായൊരു നൃത്തവിന്യാസത്തിന് സമാന്തരമായാണ് ഈ പാട്ടിലെ ഈണത്തിന്റെ ‘ഉയര്‍ച്ചകള്‍’. ഇവിടെ നൃത്തവും സംഗീതവും പരസ്പരം മത്സരിക്കുകയായിരുന്നു. കേള്‍ക്കുന്ന ആരും അറിയാതെ കോരിത്തരിക്കുന്ന ഗാനമാണിത്. പ്രണയനിയുടെ കാലൊച്ചയുടെ മന്ത്രപ്പൊരുളുകളില്‍ അത്രയ്ക്കും നിഗൂഢവും നീലിവുമായ നാനാര്‍ഥങ്ങളുണ്ടെന്ന് ഈ പാട്ട് പറഞ്ഞുതരുന്നു. ആ നിഗൂഢതകള്‍ക്ക് ചന്തം പകരാനുള്ള കൗണ്ടര്‍ ട്യൂണുകള്‍ മുഴുവന്‍ പാട്ടില്‍ ചേര്‍ത്തുവച്ചിട്ടുണ്ട് സ്വാമി. കര്‍ണാടക സംഗീതത്തിന്റെ സ്വരസഞ്ചാരത്തിനപ്പുറം വെസ്റ്റേണ്‍ സംഗീതോപകരണങ്ങളുടെ സമൃദ്ധമായ വിന്യസനവും ഈ പാട്ടിന്റെ ഓര്‍ക്കസ്‌ട്രേഷനെ ശ്രദ്ധേയമാക്കുന്നു. ഒരുപക്ഷെ, സ്വാമിയുടെ സംഹിതസംഭാവനകളുടെ രണ്ട് ഘട്ടങ്ങള്‍ക്കിടയ്ക്ക് നിര്‍ത്താന്‍ കഴിയുന്ന നാഴികക്കല്ലായി മാറാന്‍ ഈ ഗാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ ഗാനം ഇപ്പോഴും കേള്‍ക്കുന്നവര്‍ പറയുന്നതിത്രമാത്രം, ”ഉയിരില്‍ അമൃതം തളിച്ച പോലെ”….

Related News