Loading ...

Home National

സൗദി കിരീടാവകാശി ഇന്ത്യയിലെത്തി ; പാകിസ്താനോടുള്ള നിലപാട് ഇന്ത്യക്ക് ആശങ്ക

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. നയതന്ത്രചര്‍ച്ചക്കൊപ്പം വ്യവസായികളുമായി പ്രത്യേക കൂടിക്കാഴ്ചയുമുണ്ടാകും. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്ിസ്താനുമായി തുറന്ന ബന്ധം പുലര്‍ത്തുന്ന സൗദി കിരീടാവകാശിയുടെ സന്ദര്‍ശനം ഏറെ നിര്‍ണായകമാണ്. മേഖലയിലെ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ നയതന്ത്ര ചര്‍ച്ചകളുണ്ടാകുമെന്നാണ് സൂചന.

കശ്മീരിലെ ഭീകരാക്രമണത്തെ സൗദി അപലപിച്ച ശേഷമുള്ള പാക്കിസ്ഥാനിലെ സന്ദര്‍ശനത്തിനു പിന്നാലെയാണ് സൗദി കിരീടാവകാശി ഇന്ത്യയിലെത്തുന്നത്. പാക്കിസ്ഥാനില്‍ വന്‍ നിക്ഷേപപദ്ധതികള്‍ പ്രഖ്യാപിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍, ഡല്‍ഹിയില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. പുല്‍വാമ സംഭവത്തിനുപിന്നാലെ പാകിസ്താന്‍ സന്ദര്‍ശിച്ച് സഹായ പദ്ധതികളും വ്യാപാരക്കരാറുകളും പ്രഖ്യാപിച്ച സൗദി കിരീടാവകാശിയുടെ നടപടി പാകിസ്താന് ആശ്വാസവും ഇന്ത്യക്ക് അസ്വസ്ഥതയുമുണ്ടാക്കിയതാണ്.

ഊര്‍ജം, വിനോദ സഞ്ചാരം, വിവരസാങ്കേതിക വിദ്യ, മീഡിയ, അടിസ്ഥാന സൗകര്യ വികസനം, തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കും. കിരീടാവകാശിക്കൊപ്പം വിവിധ മന്ത്രിമാരും നാല്‍പ്പതംഗ വ്യവസായി സംഘവും കൂടെയുണ്ട്. ഇന്ത്യയിലെ വ്യവസായ പ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലെ സൗ ദി എംബസിയുടെ ഉദ്ഘാടനം മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍വഹിക്കും. അതേസമയം, ഇന്ത്യയ്ക്കു പിന്നാലെ ചൈനയും സൗദി കിരീടാവകാശി സന്ദര്‍ശിക്കും.

Related News