Loading ...

Home Music

പാട്ടിന്റെ പാടം പൂത്തകാലം- കണ്ണൂര്‍ രാജന്റെ സംഗീതം

ഡോ. എം ഡി മനോജ്

മലയാളത്തിന്റെ തലക്കുറി മാറ്റിവരച്ച സിനിമകളിലൊന്നായിരുന്നു 1988ല്‍ പുറത്തിറങ്ങിയ ‘ചിത്രം.’ കഥയും സംവിധാനവും മാത്രമല്ലായിരുന്നു ആ ചിത്രത്തിന്റെ വിജയത്തെ നിര്‍ണയിച്ചത്. അതുവരെ അധികമാരും ആഘോഷിക്കപ്പെടാതെപോയ കണ്ണൂര്‍ രാജന്‍ എന്ന സംഗീത സംവിധായകന്റെ സാന്നിധ്യം കൂടി ആ സിനിമയില്‍ അടയാളപ്പെടുകയായിരുന്നു. മലയാള സിനിമയിലെ ഏറ്റവും ലളിതമെന്ന് പറയാവുന്ന നിരവധി പാട്ടുകള്‍ ചിത്രമെന്ന സിനിമ കൊണ്ടുവന്നു. ‘പാടം പൂത്തകാലം’ എന്ന പാട്ടിന്റെ ഈണലാളിത്യത്തിന് പകരംവയ്ക്കാന്‍ മറ്റേത് പാട്ടുണ്ട് മലയാളത്തില്‍?



നാടകത്തില്‍ നിന്നായിരുന്നു കണ്ണൂര്‍ രാജന്റെ സിനിമയിലേക്കുള്ള വരവ്. കൊച്ചി സംഗമിത്രയുടെ ‘ദണ്ഡകാരണ്യം’ എന്ന നാടകത്തിനുവേണ്ടി ബിച്ചു തിരുമല എഴുതി രാജന്‍ ഈണമിട്ട ‘തുഷാരബിന്ദുക്കളേ’ എന്ന ഗാനമാലപിച്ചത് ലതികയായിരുന്നു. എന്നാല്‍ ആ ഗാനം ഐ വി ശശിയുടെ സിനിമയില്‍ പിന്നീട് എസ് ജാനകിയുടെ വേര്‍ഷനായി ഉപയോഗിച്ച എ ടി ഉമ്മറിനായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതെന്ന വിധിവൈപരീത്യം ഏറെക്കാലം കണ്ണൂര്‍ രാജനെ വേദനിപ്പിച്ചിരുന്നു.


നാടകഗാനത്തിനും ലളിത സംഗീതത്തിനുമിടയില്‍ നില്‍ക്കുന്ന ഒരു സംഗീതവഴിയുടെ വക്താവായിരുന്നു കണ്ണൂര്‍ രാജന്‍. പാട്ടില്‍ ഭാവത്തനിമകള്‍ നിറച്ചുവച്ചു എന്നുള്ളതാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്ന ഘടകം. പുഷ്പതല്‍പത്തില്‍, ദേവീക്ഷേത്രനടയില്‍ അസ്തമയ സൂര്യന് ദുഃഖമുണ്ടോ? എന്തിനെന്നെ വിളിച്ചു നീ,



കിനാവിന്റെ കടവില്‍ എന്നീ പാട്ടുകളിലെല്ലാം ഒരു സ്വപ്നത്തിന്റെ സര്‍വാശ്ശേഷിയായ മേഖലകള്‍ പടര്‍ന്നുകിടക്കുന്നു. അഥവാ നമ്മുടെ സ്വപ്നങ്ങളിലേക്ക് പാട്ടിനെ പരാവര്‍ത്തനം ചെയ്യുകയായിരുന്നു കണ്ണൂര്‍ രാജന്‍. ‘എനിക്കെന്റെ സ്വപ്നം തിരിച്ചുതരൂ’ എന്നൊരു വരിയുണ്ട് അദ്ദേഹത്തിന്റെ പാട്ടില്‍. മെലഡിയും ഗസലുമൊക്കെയായിരുന്നു ഈ സംഗീതധാരയിലെ സജീവ ഘടകങ്ങള്‍.

നീ ഒരു വസന്തം, ചന്ദ്രനും താരകളും, ഒരു സ്വപ്നത്തില്‍ പവിഴദ്വീപില്‍, കണ്‍മണി പെണ്‍മണിയേ, മണ്ണില്‍ കൊഴിഞ്ഞ മലരുകളേ, ഒരുമഞ്ഞിന്‍തുള്ളി, ആദ്യചുംബനത്തില്‍, നിമിഷം സുവര്‍ണ നിമിഷം, വീണേ നിന്നെ മീട്ടാന്‍, ഇളംമഞ്ഞില്‍, നാദങ്ങളായ് നീ വരൂ, പീലിയേഴും വീശിവാ….


ഇങ്ങനെ എത്രയെത്ര മനോഹരഗാനങ്ങള്‍.
മലയാള ചലച്ചിത്ര ഗാനകാല മെലഡിയിലും ലയാത്മകതയിലുമൊക്കെ കൈവരിച്ച ഉയരങ്ങളുടെ ഏറ്റവും മികച്ച മാതൃകകളാണ് കണ്ണൂര്‍ രാജന്റെ പാട്ടുകള്‍. വരിയുടെയും സംഗീതത്തിന്റെയും സംയുക്ത നിര്‍മ്മിതി എന്ന നിലയില്‍ ചലച്ചിത്രഗാനം പിന്നിട്ട വികാസ പരിണാമ ദശകളില്‍ അദ്ദേഹത്തിന് തന്റേതായ ഇടമുണ്ടായിരുന്നു. ഭാവസാകല്യമായിരുന്നു കണ്ണൂര്‍ രാജന്റെ പാട്ടിന്റെ ലാവണ്യഘടനയെ സ്വാധീനിച്ചിരുന്നത്. പാട്ടില്‍ സാധാരണത്വം കൊണ്ട് നിര്‍മ്മിക്കുന്ന ഒരസാധാരണത്വം രൂപപ്പെടുത്തുകയായിരുന്നു അദ്ദേഹം. (ചിത്രത്തിലെ ഗാനങ്ങളുടെ ബഹുസ്വരത അതിശയപ്പെടുത്തുന്നതാണ്). വരിയെയും മെലഡിയെയും കൂട്ടിയിണക്കി വ്യാഖ്യാനിക്കുന്ന സിനിമാത്മക രീതികള്‍ മുഴുവന്‍ കണ്ണൂര്‍ രാജന്റെ പാട്ടുകളില്‍ സുഭദ്രമായിരുന്നു.

വരികളിലെ ആശയങ്ങളെ സംഗീതാത്മകമായി പ്രതിഫലിപ്പിക്കുന്ന ഒരു ഉള്ളടക്കം പാട്ടില്‍ എക്കാലവും അദ്ദേഹം കാത്തുസൂക്ഷിച്ചു. ഒരര്‍ഥത്തില്‍ പാട്ടില്‍ വാക്കിന്റെ ശരത് പൂര്‍ണിമകള്‍, അനുഭവം/അനുഭൂതി ദ്വന്ദ്വത്തിന് തുല്യപ്രാധാന്യം നല്‍കുന്ന ഗാനങ്ങള്‍ക്കായിരുന്നു അദ്ദേഹം കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ഈ സംഗീതം കൊണ്ടുവരുന്ന അനുപമമായ സാധ്യതകള്‍ അത് ക്ലാസിക്കല്‍ സംഗീതത്തിന്റെ ഗരിമയില്‍ നിന്നുകൊണ്ട് ലളിതസംഗീതം/ഹിന്ദുസ്ഥാനി പരിവേഷവും പ്രകാശവും പ്രദാനം ചെയ്യുന്നു എന്നുള്ളതാണ്. അത്രയ്ക്കും ലയനിബദ്ധമാക്കപ്പെട്ട ഒരു മെലഡിയുടെ സാമ്രാജ്യമായിരുന്നു അത്.
ഹിന്ദുസ്ഥാനി/ഗസല്‍ച്ഛായയുള്ള പാട്ടുകള്‍ ചെയ്യാനായിരുന്നു കണ്ണൂര്‍ രാജന് കൂടുതല്‍ താല്‍പര്യം. ‘അഭിനന്ദനം’ എന്ന ചിത്രത്തിലെ പുഷ്പതല്‍പത്തില്‍, ‘എന്തിനെന്നെ വിളിച്ചുനീ’ എന്നിവ മലയാള ചലച്ചിത്ര സംഗീതത്തിലെ എടുത്തുപറയാന്‍ കഴിയുന്ന ഗസലുകള്‍ കൂടിയാണ്. രാഗവീണ, ഹൃദയാഞ്ജലി, ശ്രുതിലയ തരംഗിണി എന്നീ ആല്‍ബങ്ങള്‍ ഗസലുകളും ലളിതസുന്ദരഗാനങ്ങളും കൊണ്ട് സമ്പന്നമാണ്. ശങ്കരധ്യാനപ്രകാരം, ശരത് പൂര്‍ണിമായാമിനിയില്‍, സ്വയംപ്രഭ, ദേവശാരികേ, അധരം മധുരം, നീലാംബരപ്പൂക്കള്‍… അങ്ങനെ മനോഹര ഗീതികളുടെ മായാലോകങ്ങള്‍.

kannur rajan

1974 ല്‍ മിസ്റ്റര്‍ സുന്ദരിയിലെ വയലാര്‍ വരികള്‍ക്ക് സംഗീതം നല്‍കിയാണ് കണ്ണൂര്‍ രാജന്‍ വന്നതെങ്കിലും അഭിനന്ദനത്തിലെ ഗാനങ്ങള്‍ ആണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. പല്ലവി എന്ന സിനിമയിലെ ‘ദേവീക്ഷേത്ര നടയില്‍’ എന്ന ഗാനം മലയാളത്തിന് നല്‍കിയ അനുരാഗ നൈര്‍മല്യമൊന്നു വേറെതന്നെയാണ്. പല്ലവയിലെ ‘കിനാവിന്റെ കടവില്’ എന്ന പാട്ടില്‍ പുഷ്പിച്ചുനില്‍ക്കുന്ന സ്വപ്നഋതുവിനെ കാണാതെ പോകുവതെങ്ങനെ? ‘കാര്യം നിസാരം’ വന്നപ്പോള്‍ അതില്‍ നാം അതുവരെ കേള്‍ക്കാത്തൊരു താരാട്ടു പാട്ടിന്റെ ഈണം ‘കണ്‍മണി പെണ്‍മണിയേ’ എന്ന ഗാനമായി മാറി. താളം ശ്രുതിലയതാളം, കൊഞ്ചിനിന്ന പൗര്‍ണമിയോ (ജാനകിയുടെ ശ്രുതിക്കൊഞ്ചലുകള്‍) എന്നീ പാട്ടുകള്‍ പുതുമകൊണ്ട് ശ്രദ്ധേയമായി. ‘അപ്പുണ്ണി’യിലെ ‘തൂമഞ്ഞിന്‍തുള്ളി’ എന്ന പാട്ടായിരുന്നു അക്കാലത്തെ പ്രധാന മെലഡികളിലൊന്ന്. ‘സ്വന്തം ശാരിക’യിലെ ‘ആദ്യ ചുംബനത്തില്‍’ എന്ന ഭാസ്‌കരഗീതം മലയാളികളുടെ എക്കാലത്തെയും അമൃതഗീതമായി മാറി.


നിമിഷം സുവര്‍ണനിമിഷം, മാനം പൂമാനം, അരുവികള്‍ ഓളം തുള്ളും (ഇളയരാജ ആലപിച്ചത്) എന്നിവയെല്ലാം കണ്ണൂര്‍ രാജന്റെ പാട്ടിലെ വൈവിധ്യ പ്രകൃതിയെ അടയാളപ്പെടുത്തുന്നു. ‘എന്നേ അറിയും പ്രകൃതി’ എന്ന പാട്ടില്‍ അനുപല്ലവിയിലുള്ള ഓര്‍ക്കസ്‌ട്രേഷന്റെ വേരിയേഷനുകള്‍ എന്തു ഗംഭീരമാണ്. ‘ആ ഭീകരരാത്രി’ എന്ന റിലീസാകാത്ത സിനിമയിലും അദ്ദേഹം മനോഹര ഗാനങ്ങളുണ്ടാക്കി. ‘ആദിയില്‍ നാദങ്ങള്‍ ശ്രുതിയായി’ എന്ന സെമി ക്ലാസിക്കല്‍ ഗാനത്തിലെ വ്യത്യസ്തസ്ഥായികളും ശ്രുതിയുടെ കയറ്റിയിറക്കങ്ങളും അത്രയ്ക്കും സൂക്ഷ്മതയോടെയാണ് അദ്ദേഹം ഇഴപാകിയത്. ‘സുരഭീയാമങ്ങള്‍’ എന്ന ആരും കാണാത്ത സിനിമയിലും കണ്ണൂര്‍ രാജന്റെ ഗാനങ്ങള്‍ മികച്ചുനിന്നു. ‘പാര്‍വണചന്ദ്രികേ’ എന്ന പ്രണയശോക ഗാനത്തിന്റെ മാറ്റ് എടുത്തു പറയേണ്ടതാണ്. ‘ഭാര്യ ഒരു മന്ത്രി’യിലെ വീണേ നിന്നെ മീട്ടാന്‍’ എന്ന ഗാനത്തില്‍ അദ്ദേഹം വെസ്റ്റേണ്‍ സംഗീതമായികതകള്‍ മുഴുവനും പ്രയോഗവല്‍ക്കരിക്കുന്നുണ്ട്. ‘തന്നിഷ്ടം എന്നിഷ്ടം’ എന്ന സിനിമയിലെ ഗാനങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ ജനപ്രിയനാക്കി. നാദങ്ങളായ് നീ വരൂ, തൂമ്പപ്പൂക്കാറ്റില്‍, ഇളം മഞ്ഞില്‍ എന്നിങ്ങനെ…. ‘പൂവിന് പുതിയ പൂന്തെന്നല്‍’ എന്ന സിനിമയിലെ മൗനങ്ങളില്‍ നിന്റെ ജന്മം എന്ന പാട്ടായിരുന്നു താരാട്ടിന് പുതിയ അര്‍ഥതലങ്ങള്‍ നല്‍കിയത്. ‘പീലിയേഴും വീശിവാ’ എന്ന പാട്ടില്‍ മുഴുവന്‍ വെസ്റ്റേണ്‍ ഓര്‍ക്കസ്‌ട്രേഷന്റെ നിറം കലര്‍ന്നിട്ടുണ്ടായിരുന്നു. നെഞ്ചിനുള്ളിലെ നെടുംപാതയോരം എന്ന ഗാനം വെസ്റ്റേണ്‍ സംഗീത പരിചരണത്തിലും ആലാപനത്തിലെ ഗസല്‍ച്ഛായയിലും വേറിട്ടുനിന്നു.



‘മാനസലോല’, ‘മൗനംപോലും മധുരം’, ‘ദേവീ നിന്‍രൂപം’, ‘സുരലോക സംഗീതമുണര്‍ന്നു’, ‘കന്നിക്കിനാവിന്റെ’…. ഇങ്ങനെ മെലഡിയും ക്ലാസിക്കലും സെമിക്ലാസിക്കലുമെല്ലാം സമന്വയിച്ച പാട്ടുകളുടെ ഒരു നീണ്ട നിരതന്നെയുണ്ട് കണ്ണൂര്‍ രാജന്റെ പാട്ടുപ്രപഞ്ചത്തില്‍. അദ്ദേഹത്തിന്റെ പാട്ടുകള്‍ ജീവിതബോധത്തിന്റെ സത്തയും സാക്ഷാത്കാരവുമായിത്തീരുന്നു. അവ വരുംകാല തലമുറയ്ക്ക് സ്വന്തമായി സംഗീതവഴികള്‍ തീര്‍ക്കാന്‍ സഹായിക്കുമെന്നത് തീര്‍ച്ചയാണ്.

Related News