Loading ...

Home celebrity

ഡോ.സെയ്ദ് ഇബ്രാഹിമിന് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മെറിറ്റ്

തിരുവനന്തപുരം ∙ ജർമൻ പ്രസിഡന്റിന്റെ ‘ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മെറിറ്റ് ’ ബഹുമതി തിരുവനന്തപുരത്തെ ജർമൻ ഭാഷാ,സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഡോ.സെയ്ദ് ഇബ്രാഹിമിന്. ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനിയുടെ ഈ ഉന്നത ബഹുമതി ആദ്യമായിട്ടാണ് കേരളത്തിൽ നിന്ന് ഒരാൾക്ക് ലഭിക്കുന്നത്. ജർമൻ പുനരേകീകരണത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബർ മൂന്നിന് വൈകിട്ട് ഏഴിന് തിരുവനന്തപുരം താജ് വിവാന്തയിൽ നടക്കുന്ന ചടങ്ങിൽ ജർമൻ പ്രസിഡന്റ് യോഹാകിൻ ഗൊക്കിനു വേണ്ടി ബാംഗ്ലൂരിലെ ജർമൻ കോൺസുൽ ജനറൽ ജോൺ റോഡ് ബഹുമതി കൈമാറും.ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനിക്ക് നൽകുന്ന സേവനങ്ങളെ മാനിച്ച് ജർമൻകാർക്കും വിദേശികൾക്കും നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ‘ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മെറിറ്റ് ഓഫ് ദ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനി’. 1951 ൽ ഫെഡറൽ പ്രസിഡന്റ് തിയഡോർ ഹ്യൂസ് ആണ് ഈ ബഹുമതി ഏർപ്പെടുത്തിയത്. ഇന്ത്യാ–ജർമൻ ബന്ധത്തിന് നൽകിയ പ്രവർത്തനങ്ങളെ മാനിച്ചാണ് സെയ്ദ് ഇബ്രാഹിമിന് പുരസ്കാരം നൽകുന്നതെന്ന് ബാംഗ്ലൂരിലെ ജർമൻ കോൺസുൽ ജനറൽ ജോൺ റോഡ് അറിയിച്ചു.

ഡോ.സെയ്ദ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ 2008 ൽ ആണ് തിരുവനന്തപുരത്ത് ജർമൻ ലാംങ്ഗ്വേജ് ആൻഡ് കൾച്ചറൽ സെന്റർ (ഗോയ്ത്തെ സെ‍ൻട്രം) ആരംഭിക്കുന്നത്. പ്രതിവർഷം ആയിരത്തിലധികം പേരാണ് ഇവിടെ ജർമൻ ഭാഷയിലെ വിവിധ കോഴ്സുകൾ പൂർത്തിയാക്കുന്നത്. കേരളത്തിലെ സ്കൂളുകൾ, സർവകലാശാലകൾ, നഗരങ്ങൾ എന്നിവയും ജർമനിയും തമ്മിലുള്ള വിവിധ പങ്കാളിത്ത പദ്ധതികളും സെയ്ദ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരവും കൈസർസ്ലോട്ടൺ നഗരവും തമ്മിലുള്ള പങ്കാളിത്ത വിനിമയും ഇതിൽ ഉൾപ്പെടും. ഈ വർഷം കൊച്ചിയിലും ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശാഖ ആരംഭിച്ചു.തിരുവനന്തപുരം ടെക്നോപാർക്കിലെ ആദ്യത്തെ വ്യവസായസംരഭകരിൽ ഒരാളായ സെയ്ദ് ഇബ്രാഹിം പാൽനാർ ട്രാൻസ്മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും ഇന്തോ ജർമൻ ചേംബർ ഓഫ് കൊമേഴ്സിന്റെ(ഐജിസിസി)കേരളത്തിലെ പ്രതിനിധിയുമാണ്.ഇന്തോ–ജർമൻ വ്യവസായ ബന്ധം വളർത്തുന്നതിന് സെയ്ദ് ഇബ്രാഹിമിന്റെ പങ്ക് പ്രധാനപ്പെട്ടതാണ്. ജർമൻ ഭാഷയിലാണ് ഡോ.സെയ്ദ് കേരള സർവകലാശാലയിൽ നിന്നും പിഎച്ച്ഡി എടുത്തത്.സാമൂഹികപ്രവർത്തനങ്ങളിൽ പങ്കാളിയായ സെയ്ദ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ സൂനാമി ദുരിതാശ്വാസപ്രവർത്തനങ്ങളും നടത്തിയിരുന്നു. ലെബെൻ സ്‌ലിറ്റ് (ലൈറ്റ് ഓഫ് ലൈഫ്) എന്നു പേരിട്ട ഫൗണ്ടേഷനിലൂടെ തമിഴ്നാടിലെ കുളച്ചലിൽ സെയ്ദിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തി. അഞ്ചു വീടുകൾ നിർമിച്ചു നൽകിയ ഫൗണ്ടേഷൻ ഇപ്പോൾ അവിടെ കാരുണ്യ കിന്റർഗാർട്ടൺ എന്ന പേരിൽ പാവപ്പെട്ട മൽസ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി മികച്ച കിന്റർഗാർട്ടൺ നടത്തുന്നു. സൗജന്യവിദ്യാഭ്യാസത്തിനൊപ്പം സൗജന്യഉച്ചഭക്ഷണവും നൽകുന്നു.ഡോ.സെയ്ദ് ഇബ്രാഹിന്റെ സേവനങ്ങളെ മാനിച്ച് അദ്ദേഹത്തെ ജർമനിയുടെ കേരളത്തിലെ ഹോണറ്റി കോൺസുൽ ആയി ജർമൻ സർക്കാർ ശുപാർശ ചെയ്തിട്ടുണ്ടെന്ന് കോൺസുൽ ജനറൽ ജോൺ റോഡ് അറിയിച്ചു.

Related News