Loading ...

Home Business

ഇന്ത്യയിലെ സാമ്പത്തിക അസമത്വവും സാമ്പത്തിക പുനര്‍വിതരണത്തിന്റെ അനിവാര്യതയും


ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഒരു പൊതുതെരഞ്ഞെടുപ്പിന് അരങ്ങുണരുന്ന സമയത്താണ് ലോക സാമ്പത്തിക ഫോറം ഈ വര്‍ഷത്തെ അസമത്വ സൂചിക റിപ്പോര്‍ട്ടായ സ്വകാര്യ സമ്പത്ത് അല്ലെങ്കില്‍ പൊതു ഉല്‍പ്പന്നങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. കേവലം ഈ റിപ്പോര്‍ട്ട് മാത്രമല്ല, ഇന്ത്യയെ സംബന്ധിച്ചുള്ള ഏതു വികസന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാലും സാമ്പത്തിക അസമത്വം അതിന്റെ ഉച്ചസ്ഥായിയിലെത്തിയെന്ന് ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യത്തില്‍ കുടുങ്ങിയവരെ നിലനിര്‍ത്തുന്നത് അസമത്വമാണ്. ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയും അത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെത്തന്നെ തകര്‍ക്കുകയും ചെയ്യുന്നു. അസമത്വം ഒരിക്കലും അനിവാര്യതയല്ല, മറിച്ച് അത് ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പ് കൂടിയാണ്.

ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആഗോളതലത്തില്‍തന്നെ അസമത്വത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തിലെ ശതകോടീശ്വരന്മാരുടെ ആസ്തി 12 ശതമാനം അല്ലെങ്കില്‍ ഒരു ദിവസം 2.5 ബില്യണ്‍ ഡോളറോ ആയി വര്‍ധിച്ചതായി ഈ പഠനം വെളിപ്പെടുത്തുന്നു. 2017 നും 2018നും ഇടയില്‍ ഓരോ രണ്ട് ദിവസത്തിലും ഒരു പുതിയ കോടീശ്വരനായി പിറക്കുന്നു. അതേസമയം ലോകത്തിലെ ഏറ്റവും പാവപ്പെട്ട 3.8 ബില്യണ്‍ ജനങ്ങള്‍ക്ക് അവരുടെ സമ്പത്ത് 11 ശതമാനമായി കുറയുകയും ചെയ്യുന്നു. അസമത്വത്തിലും ഒരു ലിംഗഭേദ വിഭജനം നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളുടെ ജോലി ഒരു സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയാണ്. അവര്‍ക്ക് സാമ്പത്തിക അവസരങ്ങള്‍ ലഭിക്കുന്നത് നന്നേ കുറവാണ്. ആഗോളതലത്തില്‍ പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ 23 ശതമാനം കൂടുതല്‍ സമ്പാദിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ സമ്പത്തിന്റെ ഉന്നത ശ്രേണിയിലുള്ള 10 ശതമാനം ജനസംഖ്യ മൊത്തം ദേശീയവരുമാനത്തിന്റെ 77.4 ശതമാനം കൈവശം വയ്ക്കുന്നു. ഇതില്‍ തന്നെ സമ്പത്തിന്റെ ഉന്നത ശ്രേണിയിലുള്ള ഒരു ശതമാനം ജനസംഖ്യ മൊത്തം ദേശീയ സമ്പത്തിന്റെ 51.53 ശതമാനമാണ് കൈയ്യടക്കിയത്. സാമ്പത്തിക ശ്രേണിയിലെ ഏറ്റവും താഴെക്കിടയിലെ 60 ശതമാനത്തോളമുള്ള സാധാരണ ജനങ്ങള്‍ക്ക് ദേശീയ സമ്പത്തിന്റെ വെറും 4.8 ശതമാനമാണ് കൈവശമുള്ളത്. ഇന്ത്യയിലെ 9 ശതകോടീശ്വരന്മാരുടെ സമ്പത്തിന് തുല്യമാണ് ഇന്ത്യയിലെ 50 ശതമാനത്തോളമുള്ള ജനതയുടെ സമ്പത്ത്. ഉയര്‍ന്ന സമ്പന്നരുടെ ഈ സാമ്പത്തിക കേന്ദ്രീകരണം ജനാധിപത്യത്തെ പോലും അപകടപ്പെടുത്തുമെന്ന് ഓക്‌സ്ഫാം റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. ഓക്‌സ്ഫാം റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 18 പുതിയ കോടീശ്വരന്മാരെ കൂടി ചേര്‍ത്ത് ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം 119 എത്തുകയും അവരുടെ സമ്പത്ത് 400 ബില്യണ്‍ ഡോളര്‍ (28 ലക്ഷം കോടി രൂപ) കടക്കുകയും ചെയ്തു. 2017ല്‍ 325.5 ബില്യണില്‍ നിന്ന് 2018 ല്‍ 440.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവാണിത്. ലോകമെമ്പാടുമുള്ള നൂറിലധികം ഗവേഷകരുടെ ഗവേഷണ ഫലങ്ങള്‍ സമാഹരിച്ച് ലോക പ്രശസ്തരായ അഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് തയ്യാറാക്കിയ പഠനമാണ് 2018ലെ ലോക അസമത്വ റിപ്പോര്‍ട്ട്. ഈ പഠനത്തിന്റെ പ്രധാന ശില്‍പി ‘മൂലധനം ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ തോമസ് പിക്കറ്റിയാണ്.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകള്‍ക്കിടയില്‍ അസമത്വത്തിന്റെ തോതുമൂലം പെട്ടെന്നുണ്ടായ വളര്‍ച്ച റഷ്യയില്‍ പ്രകടമായെങ്കിലും ഇന്ത്യയില്‍ അസമത്വം പടിപടിയായി കൂടിവരികയും ചൈനയില്‍ മിതമായ നിരക്കിലേക്ക് സമത്വത്തിലേക്ക് എത്തപ്പെടുകയും ചെയ്തുവെന്ന് ആഗോള അസമത്വ റിപ്പോര്‍ട്ട് വിശദമാക്കുന്നു. മുതലാളിത്ത വളര്‍ച്ചയുടെ ഫലമായി സമ്പത്ത് കൂടുതലായി കേന്ദ്രീകൃതമായി തീരുമെന്ന ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മാര്‍ക്‌സിന്റെ നിരീക്ഷണത്തെ പൂര്‍ണമായി സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണിത്. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള ഈ വര്‍ധിച്ചുവരുന്ന അന്തരം യാദൃച്ഛികമല്ല, മറിച്ച് ഗവണ്‍മെന്റുകളുടെ നയതീരുമാനങ്ങളുടെ ഫലമാണിത്. സര്‍ക്കാരുകള്‍ സാധാരണ ജനങ്ങളുടെ മേല്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുകയും കോര്‍പ്പറേറ്റ് മേഖലയ്ക്ക് നികുതി ഇളവുകള്‍ നല്‍കുന്നതിലൂടെ ഇന്ത്യയിലെ സാധാരണ ജനതയെ സാമ്പത്തിക അസമത്വത്തിലേക്ക് തള്ളിയിടുന്നു. സമ്പന്നരായ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന നികുതിനിരക്ക് വെട്ടിച്ചുരുക്കുന്ന നയങ്ങളാണ് മിക്ക സര്‍ക്കാരുകളും സ്വീകരിച്ചുപോരുന്നത്. ഗവണ്‍മെന്റുകള്‍ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനായി വിവിധങ്ങളായ ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിച്ചുവെങ്കിലും ഇത്തരത്തിലുള്ള സേവനങ്ങള്‍ നല്‍കാന്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുകയും ചെയ്യുന്നതിലൂടെ സമൂഹത്തിലെ ദരിദ്ര ജനവിഭാഗത്തെ ഈ സേവന ലഭ്യതയില്‍ നിന്നും പുറത്താക്കുന്നു. സേവന മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം വരുന്നതിലൂടെ സമ്പദ്‌കേന്ദ്രീകരണം നടക്കുകയും എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് ദാരിദ്ര്യത്തില്‍ നിന്ന് രക്ഷനേടാന്‍ ഈ സേവനങ്ങള്‍ ലഭിക്കാതെ പോവുകയും ചെയ്യുന്നു. ഇതിലൂടെ ഇന്ത്യയിലെ ജനതയ്ക്ക് ആരോഗ്യ പരിരക്ഷ ലഭിക്കാതെ ദുരിതം അനുഭവിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച ‘ആയുഷ്മാന്‍ ഭാരത്’ എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിപോലും സ്വകാര്യ ആരോഗ്യമേഖലയെയും കോര്‍പ്പറേറ്റ് മേഖലയെയും സഹായിക്കാനാണ് ആവിഷ്‌കരിച്ചത്. പണമടയ്ക്കുന്നവര്‍ക്ക് മാത്രമേ ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യപരിചരണം ഈ പദ്ധതിയിലൂടെ ലഭ്യമാകുകയുള്ളു. അതേസമയം പൊതുജനാരോഗ്യ ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളിലെ ശിശുമരണനിരക്കുപോലും സബ്-സഹാറന്‍ ആഫ്രിക്കയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ്.

മനുഷ്യത്വമില്ലാതെ ഒരു സമൂഹത്തിനും നിലനില്‍പ് സാധ്യമല്ല. ഈ പ്രതിസന്ധി പരിഹരിക്കാന്‍ സമ്പന്നരായ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും അവരുടെ സമ്പത്തില്‍ നിന്നും ന്യായമായ രീതിയിലുള്ള നികുതി വിഹിതം അടയ്ക്കുന്നതിലൂടെയും ഇന്ത്യന്‍ സമൂഹത്തില്‍ സൗജന്യവും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയിലൂടെയും വിദ്യാഭ്യാസത്തില്‍ പണം നിക്ഷേപിക്കുന്നതിലൂടെയും ഒരു പരിധിവരെ അസമത്വം പരിഹരിക്കാന്‍ സാധിക്കും. ഇന്ത്യയിലെ ഒരു ശതമാനത്തോളം വരുന്ന അതിസമ്പന്നരുടെ സമ്പാദ്യത്തില്‍ നിന്ന് അര ശതമാനം (0.5 ശതമാനം) അധിക നികുതി ഏര്‍പ്പെടുത്തിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യമേഖലയിലെ നിക്ഷേപം നിലവില്‍ 50 ശതമാനം വര്‍ധിപ്പിക്കാനുള്ള പണം കണ്ടെത്താന്‍ സാധിക്കുമെന്ന് ഓക്‌സ്ഫാം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മെഡിക്കല്‍, പൊതുജനാരോഗ്യം, ശുചീകരണം, ജലവിതരണം എന്നിവയ്ക്കുള്ള മൊത്തം വരുമാനവും മൂലധന ചെലവുകളും 2,08,166 കോടി രൂപയാണ്. എങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ ധനാഢ്യനായ മുകേഷ് അംബാനിയുടെ ആസ്തി 2.8 ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ ഒരു അതിസമ്പന്നന്റെ ആസ്തിപോലും മൊത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യരംഗത്തെ മൊത്തം വരുമാനത്തേക്കാളും മൂലധന ചെലവുകളെക്കാളും വലുതാണ്. ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ഇതിലൂടെ മനസിലാക്കാം.

ഈയൊരു പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ആഴത്തില്‍ വേരൂന്നിയ പ്രശ്‌നങ്ങളായ ദാരിദ്ര്യവും അസമത്വവും പരിഹരിക്കാന്‍ സാമ്പത്തിക പുനര്‍വിതരണത്തിന്റെ ആവശ്യകത കൂടിയേ തീരൂ. ഇന്ത്യയിലെ നികുതിഘടനയിലെ പരിഷ്‌കാരം അനിവാര്യമാണ്. നികുതിഘടന പരിഷ്‌കാരത്തിലൂടെ ലഭിക്കുന്ന വരുമാനം സാമൂഹ്യസേവന മേഖലകളായ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ ഉന്നമനത്തിനായി വിനിയോഗിക്കണം. വളര്‍ന്നുവരുന്ന സാമൂഹ്യ അസമത്വത്തിന്റെയും അനീതിയുടെയും പശ്ചാത്തലത്തില്‍ പാരമ്പര്യാവകാശ നികുതിയും സ്വത്ത് നികുതിയും ഉപയോഗിക്കുകയും വര്‍ധിക്കുകയും ചെയ്യുന്നതിലൂടെ അധികവിഭവ സമാഹരണം സാധ്യമാകും. 2016 ഫോബ്‌സ് പട്ടികയില്‍ ഉള്‍പ്പെട്ട 1810 കോടീശ്വരന്മാര്‍ 6.5 ലക്ഷം കോടി ഡോളറിന്റെ സ്വത്ത് കൈവശം വച്ചിട്ടുണ്ട്. മനുഷ്യരാശിയുടെ 70 ശതമാനത്തിന്റെ സമ്പത്താണ് ഇവര്‍ ആഗോളതലത്തില്‍ കൈയടക്കിയത്. ഓക്‌സ്ഫാം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് ചില ശതകോടീശ്വരന്മാര്‍ തങ്ങളുടെ പ്രയത്‌നത്തിന്റെയും കഠിനാധ്വാനത്തിന്റെയും വഴിയിലൂടെയാണ് സമ്പത്ത് ഉണ്ടാക്കിയത്. എങ്കിലും ലോകത്തിലെ കോടീശ്വരന്മാരില്‍ പകുതിയില്‍ അധികവും സമ്പത്ത് കേന്ദ്രീകരിച്ചത് പാരമ്പര്യമായോ അല്ലെങ്കില്‍ ഗവണ്‍മെന്റുമായുള്ള ചങ്ങാത്ത മുതലാളിത്ത ബന്ധങ്ങളുടെയോ ഫലമാണ്. ഗ്ലോബല്‍ സാമ്പത്തിക സേവന കമ്പനിയായ യുബിഎസിന്റെ നിരീക്ഷണത്തില്‍ അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ 500 പേര്‍ക്ക് 2.1 ട്രില്യണ്‍ ഡോളര്‍ അവരുടെ പാരമ്പര്യാവകാശികള്‍ക്ക് കൈമാറുമെന്ന് കണക്കാക്കുന്നു. ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയിലും പാരമ്പര്യസമ്പത്ത് കേന്ദ്രീകരിക്കുന്ന രീതി സര്‍വസാധാരണമാണ്. നിലവിലുള്ള കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ വര്‍ധിക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന നികുതി ഇളവുകള്‍ ഒഴിവാക്കുന്നതിലൂടെ ഒരു പരിധിവരെ രാജ്യത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കുവാന്‍ സാധിക്കും. 2014ല്‍ നോബല്‍ പുരസ്‌കാര ജേതാവായ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോസഫ് സ്റ്റിഗ്‌ലിസിന്റെ അഭിപ്രായത്തില്‍ കോര്‍പ്പറേറ്റ് നികുതിനിരക്ക് കുറയ്ക്കുന്നതിനുള്ള ആശയം അടിസ്ഥാനപരമായി തെറ്റാണ് എന്ന് സൂചിപ്പിക്കുകയും ഇത് കൂടുതല്‍ സാമ്പത്തിക കേന്ദ്രീകരണത്തിലേക്ക് വഴിമാറുമെന്നും അഭിപ്രായപ്പെട്ടു.

ദേശീയ ആരോഗ്യലക്ഷ്യങ്ങളും സുസ്ഥിര വികസന ലക്ഷ്യങ്ങളും നേടിയെടുക്കണമെങ്കില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക, ആരോഗ്യ മനുഷ്യവിഭവങ്ങള്‍ വര്‍ധിപ്പിക്കുക, പ്രാഥമിക ആരോഗ്യ പരിരക്ഷയ്ക്ക് മുന്‍ഗണന നല്‍കുക എന്നിവയിലൂന്നിയ ശ്രമങ്ങള്‍ക്ക് ഗവണ്‍മെന്റ് ശ്രദ്ധപതിപ്പിക്കണം. 1964 – 66ലെ കോത്താരി കമ്മിഷന്‍ ജിഡിപിയുടെ 6 ശതമാനം വിഹിതം വിദ്യാഭ്യാസ മേഖലയ്ക്ക് മാറ്റിവയ്ക്കണമെന്ന് നിര്‍ദേശിച്ചു. എങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍പോലും 3.5 ശതമാനത്തില്‍ കൂടുതല്‍ വിഹിതം മാറ്റിവയ്ക്കാന്‍ ഗവണ്‍മെന്റ് ശ്രദ്ധപതിപ്പിച്ചില്ല.

സാമൂഹിക ഉത്തരവാദിത്വമുള്ള പ്രതികരണശേഷിയുള്ള സര്‍ക്കാരിന് മാത്രമേ അസമത്വം കുറയ്ക്കാന്‍ ഫലപ്രദമായി ഇടപെടാനുള്ള നയപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുകയുള്ളു. അസമത്വം കുറയ്ക്കുന്നതിന് മൂര്‍ത്തമായ നടപടികളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നയിക്കുന്ന ഗവണ്‍മെന്റുകള്‍ കൈക്കൊള്ളേണ്ടത്. മറ്റൊരു പൊതു തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുമ്പോഴും കപട വികസന അജന്‍ഡയും വര്‍ഗീയവാദവും പ്രാദേശിക വാദവും ഉയര്‍ത്തി യഥാര്‍ത്ഥ വികസനമായ മാനവ വിഭവശേഷി വികസനത്തിന് പ്രാമുഖ്യം നല്‍കുന്ന നയങ്ങള്‍ ആവിഷ്‌കരിച്ച് രാജ്യത്തെ മാനവ വിഭവശേഷി പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ജനപക്ഷ വികസന അജന്‍ഡ രൂപീകരിച്ചാണ് പൊതുതെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. സമ്പന്നരായവര്‍ക്ക് നികുതി കൂടുതല്‍ ന്യായമായ രീതിയില്‍ ചുമത്തുകയും ഓരോ കുട്ടിയും സ്‌കൂളിലേക്ക് പോകുന്നുവെന്നും അവരുടെ കുടുംബങ്ങള്‍ക്ക് വൈദ്യചികിത്സാ ചെലവുകള്‍ നല്‍കുന്നതില്‍ നിന്നും ആരും പാപ്പരല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിന് ശ്രദ്ധാപൂര്‍വം സമയബന്ധിതമായി സാമ്പത്തിക പുനര്‍വിതരണം നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിന് പരിഹാരം കണ്ടെത്തുവാന്‍ സാധിക്കും.

Related News