Loading ...

Home International

ബ്രെക്‌സിറ്റ് കരാര്‍: അനിശ്ചിതത്വം തുടരുന്നു

ലണ്ടന്‍:
ബ്രെക്‌സിറ്റ് പുനഃ പരിശോധന ഇല്ലെന്ന് യൂറോപ്യൻ യൂണിയൻ.  ബ്രസല്‍സ്  കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ എതിര്‍ത്ത് ബ്രിട്ടിഷ് പാര്‍ലമെന്റ് വോട്ട് ചെയ്‌തെങ്കിലും ബ്രെക്‌സിറ്റ് കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വേണമെന്ന ആവശ്യം എത്രത്തോളം നടപ്പാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. വ്യവസ്ഥകളില്‍ പുനഃപരിശോധന ഇല്ലെന്നു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും പ്രതികരിച്ചു. ഐറിഷ് റിപ്പബ്ലിക്കും ഇതേ നിലപാട് ആവര്‍ത്തിച്ചു.

അതേസമയം, ഐറിഷ് ബാക്ക് സ്‌റ്റോപ് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളില്‍ ബദല്‍ സാധ്യത തേടി യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തുമെന്നാണു കഴിഞ്ഞ ദിവസം ഭേദഗതി നിര്‍ദേശങ്ങളില്‍ പാര്‍ലമെന്റിലെ വോട്ടെടുപ്പിനു ശേഷം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചത്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യമായ ഐറിഷ് റിപ്പബ്ലിക്കിനും ബ്രിട്ടന്റെ ഭാഗമായ വടക്കന്‍ അയര്‍ലന്‍ഡിനുമിടയില്‍ അതിര്‍ത്തി തിരിക്കാന്‍ പാടില്ലെന്നു കരാറുള്ളതാണു പ്രധാന കീറാമുട്ടി. തല്‍ക്കാലം ഈ സ്ഥിതി തുടരുകയും പകരം വടക്കന്‍ അയര്‍ലന്‍ഡിനും ബ്രിട്ടന്റെ മറ്റു ഭാഗങ്ങള്‍ക്കുമിടയില്‍ വെവ്വേറെ കസ്റ്റംസ് ചട്ടങ്ങള്‍ അനുവദിക്കുകയുമെന്ന ‘ഐറിഷ് ബാക്ക് സ്‌റ്റോപ്’ വ്യവസ്ഥയാകട്ടെ പാര്‍ലമെന്റിനു സ്വീകാര്യമല്ല. ഇക്കാര്യത്തില്‍ വ്യക്തമായ പോം വഴി കണ്ടെത്താന്‍ മേയ്ക്കു കഴിഞ്ഞിട്ടില്ല.

മാര്‍ച്ച് 29നു തുടക്കമിടേണ്ട ബ്രെക്‌സിറ്റ് നടപടികള്‍ 9 മാസത്തേക്കു നീട്ടാനുള്ള ഭേദഗതി പാര്‍ലമെന്റ് തള്ളുകയും ചെയ്തു. കരാറിലേക്കു നിര്‍ദേശിക്കപ്പെട്ട 7 ഭേദഗതികളില്‍ രണ്ടെണ്ണമാണു പാര്‍ലമെന്റില്‍ വിജയിച്ചത്. കരാറുറപ്പിക്കാത യൂറോപ്യന്‍ യൂണിയന്‍ വിടുന്നതു വിലക്കുന്ന കാരലിന്‍ സ്‌പെല്‍മാന്‍ ഭദഗതി, ഐറിഷ് ബാക്ക് സ്‌റ്റോപ് വ്യവസ്ഥയ്ക്കു ബദല്‍ സാധ്യത തേടാനുള്ള ഗ്രഹാം ബാഡി ഭേദഗതി എന്നിവയാണു വിജയിച്ചത്. ബ്രെക്‌സിറ്റ് പദ്ധതിയില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയുടെ ഭേദഗതിയും പാര്‍ലമെന്റ് തള്ളി.

Related News