Loading ...

Home National

മറ്റൊരു തെരഞ്ഞെടുപ്പ് ജുംലയുമായി ഭരണ- മുഖ്യ പ്രതിപക്ഷ നേതൃത്വങ്ങള്‍

തെരഞ്ഞെടുപ്പ് ദിനങ്ങള്‍ അടുക്കുന്നതോടെ അസംഭവ്യവും അസാധാരണവുമായ വാഗ്ദാനങ്ങള്‍ നിരത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപിയും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ‘സാര്‍വത്രിക അടിസ്ഥാന വരുമാനം’ കര്‍ഷക-ഗ്രാമീണ ജനതകള്‍ക്ക് വാഗ്ദാനം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോണ്‍ഗ്രസാകട്ടെ ‘ഓടുന്ന നായക്ക് ഒരു മുഴം മുമ്പ്’ എന്ന മട്ടില്‍ ‘മിനിമം വരുമാനം ഉറപ്പ്’ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. സാര്‍വത്രിക അടിസ്ഥാന വരുമാനം (യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം-യുബിഐ) എന്നത് പുതിയ കണ്ടെത്തലല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് പകരംവയ്ക്കാവുന്ന ഒന്നായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആശയമായിരുന്നു അത്. സ്വകാര്യ സ്വത്തിനും മൂലധന കേന്ദ്രീകരണത്തിനും എതിരെ വളര്‍ന്നുവന്ന വിപ്ലവ മുന്നേറ്റങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ പരിഷ്‌കരണവാദികളായ സാമ്പത്തിക ചിന്തകന്‍മാരാണ് യൂറോപ്പില്‍ അത്തരം ആശയങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചത്. എന്നാല്‍ ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും അത് പരിമിത ജനസംഖ്യ മാത്രമുള്ള അലാസ്‌കയില്‍ ഒഴികെ മറ്റൊരിടത്തും നടപ്പായതായി അറിവില്ല. ചില ഉത്തര യൂറോപ്യന്‍ രാഷ്ട്രങ്ങളിലും മറ്റു ചില വികസിത യൂറോപ്യന്‍ രാഷ്ട്രങ്ങളിലും അവയുടെ ചില വകഭേദങ്ങള്‍ കണ്ടേക്കാമെന്നു മാത്രം. അത്തരം ഒരു പദ്ധതിയാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യയുള്ള രണ്ടാമത്തെ രാഷട്രത്തില്‍ നടപ്പാക്കുന്നതിനെപ്പറ്റി ഭരണകക്ഷിയും മുഖ്യപ്രതിപക്ഷവും വാഗ്ദാനം ചെയ്യുന്നത്. രാജ്യവ്യാപകമായി കര്‍ഷക-ഗ്രാമീണ ജനതകള്‍ അഭിമുഖീകരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെയും പ്രക്ഷോഭ സമരങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇരുപാര്‍ട്ടികളും പുതിയ വാഗ്ദാനങ്ങളുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാരുകള്‍ക്ക് മാറിമാറി നേതൃത്വം വഹിച്ചിരുന്ന പാര്‍ട്ടികള്‍ക്ക് കാര്‍ഷിക തകര്‍ച്ച തടയുന്നതിനോ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായി പരിഹാരം കാണുന്നതിനോ കഴിഞ്ഞിട്ടില്ല. ലോകത്ത് ഏറ്റവും അധികം കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇരു പാര്‍ട്ടികള്‍ക്കും കൈകഴുകാനാവില്ല. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ‘തെരഞ്ഞെടുപ്പ് ജുംല’ എന്നതിലുപരി ഈ വാഗ്ദാനങ്ങള്‍ക്ക് എന്ത് അര്‍ഥമാണുള്ളതെന്ന് കാലം തെളിയിക്കും.

രാജ്യത്തിനു പുറത്തുള്ള കള്ളപ്പണം അധികാരത്തിലേറി നൂറുദിനം കൊണ്ട് തിരികെ കൊണ്ടുവന്ന് ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം വീതം; പ്രതിവര്‍ഷം രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍; കര്‍ഷകന്റെ ഉല്‍പന്നങ്ങള്‍ക്ക് രണ്ടിരട്ടി വില തുടങ്ങിയ മോഡി വാഗ്ദാനങ്ങള്‍ ജലരേഖകളായി മാറിയതിനാണ് രാജ്യം അഞ്ച് വര്‍ഷങ്ങളായി സാക്ഷ്യം വഹിക്കുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ശാഠ്യത്തിനു വഴങ്ങി നടപ്പാക്കിയ ‘മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി’ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നതിന് തുടക്കം കുറിച്ചിരുന്നു. ആ ദൗത്യം പൂര്‍ത്തിയാക്കാനാണ് എന്‍ഡിഎ ഭരണം നിരന്തരം ശ്രമിച്ചുവരുന്നത്. രാജ്യത്ത് നിലവിലുണ്ടായിരുന്ന സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം ‘ടാര്‍ഗറ്റ്ഡ് പബ്ലിക് ഡിസ്ട്രിബ്യൂഷനാ’ക്കി മാറ്റിയതിന്റെ കെടുതി നാം കണ്ടുകൊണ്ടിരിക്കുന്നു. ധാന്യങ്ങളുടെയും ഇതര ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത വര്‍ധിച്ചിട്ടും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പട്ടിണിമരണം നടമാടുന്നുവെന്നതാണ് അത്തരം പരിഷ്‌കാരങ്ങളുടെ ബാക്കിപത്രം. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാരുകള്‍ യാതൊരു നടപടിക്കും സന്നദ്ധമല്ലെന്നാണ് ഇതുവരെയുള്ള അനുഭവസാക്ഷ്യം. 2016-17 ലെ നബാര്‍ഡിന്റെ ‘സാമ്പത്തിക ഉള്‍ക്കൊള്ളല്‍ സര്‍വെ’ പ്രകാരം രാജ്യത്തെ ഓരോ ഗ്രാമീണ കുടുംബവും 91,407 രൂപയുടെ കടബാധ്യത പേറുന്നവരാണ്. കാര്‍ഷികവൃത്തിക്ക് ആവശ്യമായ നിക്ഷേപം നടത്താന്‍ കഴിയാത്തതാണ് കര്‍ഷകരെ കടക്കെണിയിലാക്കുന്നത്. ഉല്‍പന്നങ്ങള്‍ക്ക് ആദായ വില ലഭ്യമല്ലാതാകുന്നതോടെ കര്‍ഷകന്‍ കടബാധ്യതയുടെ അവസാനമില്ലാത്ത വിഷമവൃത്തത്തിലാകുന്നു. അതിന് സ്ഥായിയായ പരിഹാരം കാണാതെ നടക്കാത്ത ‘സാര്‍വത്രിക അടിസ്ഥാന വരുമാനം’, ‘മിനിമം വരുമാന ഉറപ്പ്’ എന്നൊക്കെയുള്ള പ്രസ്താവന നിസഹായരായ കര്‍ഷക ഗ്രാമീണ ജനതയോട് കാണിക്കുന്ന കൊടും വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.

ഇന്ത്യന്‍ കര്‍ഷക ജനതയുടെ സാമ്പത്തിക പ്രശ്‌നങ്ങളെപ്പറ്റി ആഴത്തില്‍ പഠിച്ച അവയ്ക്ക് പ്രായോഗികവും ശാസ്ത്രീയവും നിലനില്‍ക്കാവുന്നതുമായ പരിഹാര മാര്‍ഗങ്ങളാണ് സ്വാമിനാഥന്‍ കമ്മീഷന്‍ ഭരണകൂടത്തിന്റെയും രാജ്യത്തിന്റെയും മുന്നില്‍ വച്ചത്. അത് നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ഭരണകൂടങ്ങള്‍ യഥാര്‍ഥത്തില്‍ വിപണി നിയന്ത്രിക്കുന്ന കുത്തക വ്യാപാര താല്‍പര്യങ്ങള്‍ക്ക് വിടുപണിയാണ് ചെയ്യുന്നത്. ഭൂരഹിത ഗ്രാമീണ ജനതകള്‍ക്ക് ഏറെ ആശ്വാസകരമായി മാറാവുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതി കാലോചിതം പരിഷ്‌കരിച്ചു നടപ്പാക്കിയും സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രാവര്‍ത്തികമാക്കിയും പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ് കര്‍ഷക-ഗ്രാമീണ മേഖലയുടേത്. അതിനുപകരം ജനങ്ങളെ ഒരിക്കല്‍ക്കൂടി കബളിപ്പിക്കാനാണ് മോഡി ഭരണകൂടവും മുഖ്യപ്രതിപക്ഷവും ഒരുപോലെ മുതിരുന്നത്.

Related News