Loading ...

Home National

പൗരത്വ ഭേദഗതി ബില്‍ മതനിരപേക്ഷ അടിത്തറ തകര്‍ക്കും

നരേന്ദ്രമോഡി സര്‍ക്കാര്‍ പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്‍ 2016ന് എതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തെമ്പാടും വളര്‍ന്നുവരുന്നത്. ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനകം തന്നെ പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞു. അവയില്‍ ബിജെപിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എട്ട് സഖ്യകക്ഷികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികള്‍ക്കു പുറമെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയടക്കം മുഖ്യധാരാ പ്രതിപക്ഷ പാര്‍ട്ടികളും നിര്‍ദിഷ്ട ബില്ലിനെതിരെ ശക്തമായ നിലപാടാണ് അവലംബിച്ചിട്ടുള്ളത്. ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭയുടെ പരിഗണനയ്ക്ക് വന്ന അവസരത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയും ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉന്നയിക്കുകയും ഉണ്ടായി.

1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന നിര്‍ദിഷ്ട ബില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ നിരാകരിക്കുന്ന ഒന്നാണ്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മത വിശ്വാസികളായ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ലക്ഷ്യം വച്ചുള്ളതാണ് ഈ നിയമനിര്‍മാണം. പൗരത്വം ലഭിക്കാന്‍ പതിനൊന്ന് വര്‍ഷക്കാലം ഇന്ത്യയില്‍ താമസിക്കുന്ന ആളായിരിക്കണം എന്ന നിബന്ധന ആറ് വര്‍ഷമാക്കി ഇളവ് നല്‍കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. പ്രവാസി പൗരന്‍മാര്‍ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ-ഒസിഐ) അവര്‍ ഏതെങ്കിലും നിയമലംഘനം നടത്തിയാല്‍ പൗരത്വം റദ്ദാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. പൗരത്വത്തിനുള്ള അടിസ്ഥാന യോഗ്യത മതമായി നിഷ്‌കര്‍ഷിക്കുക വഴി പ്രസ്തുത ബില്‍ ഭരണഘടനയുടെ പതിനാലാം വകുപ്പ് ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണ്. പ്രവാസി പൗരത്വം നിസാര കുറ്റകൃത്യങ്ങളുടെ പേരില്‍ റദ്ദാക്കപ്പെടുമെന്ന ആശങ്കയും പ്രസക്തമാണ്. 1955 ലെ പൗരത്വ നിയമമനുസരിച്ച് ഇന്ത്യയില്‍ സ്ഥിരം താമസക്കാരനായ ആര്‍ക്കും അച്ഛനമ്മമാരില്‍ ആരെങ്കിലുമൊരാള്‍ക്ക് ഇന്ത്യന്‍ പൗരത്വമുണ്ടെങ്കിലും പതിനൊന്നു വര്‍ഷമായി ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ആള്‍ക്കും ഇന്ത്യന്‍ പൗരത്വത്തിന് അവകാശമുണ്ട്. ആവശ്യമായ യാത്രാരേഖകള്‍ കൂടാതെ രാജ്യത്ത് പ്രവേശിക്കുകയും അനുവദനീയമായതില്‍ കൂടുതല്‍കാലം താമസിക്കുകയും ചെയ്യുന്ന ആളുകളെയാണ് അനധികൃത കുടിയേറ്റക്കാര്‍ എന്ന് നിയമം നിര്‍വചിക്കുന്നത്.

നിര്‍ദിഷ്ട പൗരത്വ ഭേദഗതി ബില്ലിനെതിരായ രൂക്ഷവിമര്‍ശനം അത് മതനിരപേക്ഷ രാഷ്ട്രമെന്ന ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തെ നിഷേധിക്കുന്നു എന്നതുതന്നെയാണ്. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരില്‍ ആറ് മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മാത്രമായി പൗരത്വ അവകാശം പരിമിതപ്പെടുത്തുന്നതാണ് നിര്‍ദിഷ്ട നിയമം. മുസ്‌ലിം, ജൂതര്‍, ബഹായികള്‍ തുടങ്ങി ഇതര മതവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് പൗരത്വ അവകാശത്തിനുള്ള അര്‍ഹത ഉണ്ടായിരിക്കില്ല. യാതൊരു മതത്തിലും ഉള്‍പ്പെടാന്‍ ആഗ്രഹിക്കാത്ത നാസ്തികര്‍ക്കും പൗരത്വ അവകാശം നിഷേധിക്കപ്പെടുന്നു. ഭരണഘടനാധിഷ്ഠിതമായി രൂപീകരിക്കപ്പെട്ട രാഷ്ട്രത്തിന്റെ സവിശേഷത ജാതി-മത-വിശ്വാസ പരിഗണനകള്‍ക്ക് അതീതമായി നിയമത്തിന്റെ മുമ്പിലുള്ള തുല്യതയാണ്. അത് നിഷേധിക്കുന്ന ഭേദഗതി ബില്‍ ഫലത്തില്‍ മതത്തിന്റെ പേരിലുള്ള വിവേചനമാണ്. അത് നഗ്നമായ മുസ്‌ലിം വിരോധത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അത്തരമൊരു നിയമം പാസാക്കുകയെന്നാല്‍ അത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിത്തറയായിരിക്കും തോണ്ടുക. അത് രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കുന്ന നടപടിയായിരിക്കും. അനധികൃത കുടിയേറ്റക്കാരെ അസമില്‍ കുടിയിരുത്തുമെന്ന വ്യവസ്ഥ ആ സംസ്ഥാനത്തെ ജനസംഖ്യാപരമായ സമതുലിതാവസ്ഥയെ തകര്‍ക്കുമെന്നും അത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ അസ്വസ്ഥതയ്ക്ക് കാരണമാകുമെന്നുമുള്ള ആശങ്ക വ്യാപകമാണ്. അതിലുപരി 1985ല്‍ നിലവില്‍ വന്ന അസം ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ ലംഘനമായി പുതിയ ഭേദഗതി നിയമം മാറും. സുദീര്‍ഘവും അക്രമാസക്തവുമായ അസം പ്രക്ഷോഭത്തിന് അറുതിവരുത്തിയ കരാര്‍ വ്യവസ്ഥകളുടെ അന്തഃസത്തയ്ക്ക് നിരക്കുന്നല്ല പൗരത്വ ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍.

പൗരത്വ ഭേദഗതി ബില്‍ കേന്ദ്രഭരണം കയ്യാളുന്ന തീവ്രഹിന്ദുത്വ ആശയങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. നിര്‍ദിഷ്ട ബില്‍ രാജ്യത്തെ പൗരന്‍മാരെയും അല്ലാത്തവരെയും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചിച്ചു കാണാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമായി നിലനില്‍ക്കണമെങ്കില്‍ ബില്‍ ഇന്നത്തെ രൂപത്തില്‍ യാതൊരു കാരണവശാലും പാസാക്കിക്കൂട. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ക്രമസമാധാന തകര്‍ച്ചക്കും വര്‍ഗീയ കലാപങ്ങള്‍ക്കും വഴിതുറക്കും. പരിമിതമായ വിഭവശേഷി പങ്കിടുന്നതില്‍ ഗുരുതരമായ അസന്തുലിത നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. വര്‍ഗീയ ലക്ഷ്യത്തോടെ പാസാക്കാന്‍ ശ്രമിക്കുന്ന ബില്‍ ലഭ്യമായ വിഭവശേഷി പങ്കിടുന്നതു സംബന്ധിച്ച തര്‍ക്കങ്ങളിലേക്കും കലാപങ്ങളിലേക്കും പല സമൂഹങ്ങളെയും തള്ളിവിടും. അനധികൃത കുടിയേറ്റക്കാരെ സംബന്ധിച്ച മാനുഷിക പരിഗണനയാണ് ലക്ഷ്യമെങ്കില്‍ മതത്തിന്റെ പേരിലുള്ള വിവേചനത്തില്‍ നിന്ന് മുക്തമായ നിയമനിര്‍മാണത്തിനായിരിക്കണം സര്‍ക്കാര്‍ മുതിരേണ്ടത്.

Related News