Loading ...

Home special dish

കപ്പ - മലയാളിയുടെ നൊസ്റ്റാള്‍ജിയ, മറുനാടുകളുടെയും

സതീശന്‍ കൊല്ലം

മലയാളിയുടെ ഭക്ഷണസമ്ബ്രദായത്തിലെ അഭിഭാജ്യഘടകമാണല്ലോ കപ്പ(cassava) എന്ന മരച്ചീനി .അതിന്റെ ചരിത്രത്തിലേക്കൊന്ന് എത്തിനോക്കിയാലോ?

വളരെക്കാലം മുമ്ബ് തന്നെ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ ആദിമജനതയുടെ ഭക്ഷണശീലത്തിന്റെ ഭാഗമായിരുന്നു manihot esculenta എന്ന ശാസ്ത്രനാമമുള്ള കപ്പ .ആദ്യം കാട്ടുകിഴങ്ങെന്ന രീതിയിലും പിന്നീട് കാര്‍ഷികവിഭവം എന്ന രീതിയിലും മാനിയോക്ക എന്നവര്‍ വിളിച്ചിരുന്ന കപ്പ ഭക്ഷ്യവസ്തുവായും മദ്യനിര്‍മ്മാണത്തിനായും അവര്‍ ഉപയോഗിച്ചിരുന്നു .


 
ബ്രസീലിലെ ആദിമജനതയായ റ്റൂപികള്‍ (Tupi people )മാനിയോക്ക (manioca) എന്ന് കപ്പയെ വിളിച്ചിരുന്നതിനു പിന്നില്‍ ഒരു എെതീഹ്യം കൂടിയുണ്ട് .ആ കഥ ഇങ്ങനെയാണ് ഒരിക്കല്‍ ഒരു റ്റുപി വനിതയുടെ കുട്ടി കടുത്തപട്ടിണി മൂലം മരണമടഞ്ഞു .നിസ്സഹായയായ ആ അമ്മ കുഞ്ഞിനെ തന്റെ കുടിലിന് മുന്നില്‍ തന്നെ അടക്കം ചെയ്തു .അന്നുരാത്രി മാനി (mani)എന്ന് പേരായ വനദേവത ആ അമ്മയെ സന്ദര്‍ശിച്ച്‌ ആശ്വസിപ്പിച്ചു . ഇനിയുമൊരു പട്ടിണി മരണമുണ്ടാവാതിരിക്കാന്‍ ആ കുട്ടിയുടെ മൃതദ്ദേഹം ഒരു ചെടിയുടെ വേരാക്കി (കിഴങ്ങ്) മാറ്റി .റ്റുപികള്‍ ആ കിഴങ്ങിനെ മാനിയോക്ക എന്നു വിളിച്ചു മറ്റുചിലര്‍ യൂക്ക(yuca) എന്നും പേരിട്ട് വിളിച്ചു .നമ്മള്‍ അതിനെ കപ്പ എന്നു വിളിക്കുന്നു .

തെക്കേ അമേരിക്കയിലെത്തിയ പോര്‍ച്ചുഗീസുകാര്‍ക്ക് ആദ്യം കപ്പയെക്കുറിച്ച്‌ വലിയ മതിപ്പൊന്നുമില്ലായിരുന്നു എന്നാല്‍ പിന്നീടവര്‍ ആഫ്രിക്കയില്‍ നിന്നും പിടിച്ചുകൊണ്ടുവരുന്ന അടിമകള്‍ക്കു ഭക്ഷണമെന്ന രീതിയില്‍ കപ്പ ഉപയോഗപ്പെടുത്താന്‍ തുടങ്ങി .കൂടാതെ ആഫ്രിക്കയില്‍ ഇത് കൃഷിചെയ്യാന്‍ അവിടുത്തെ ജനങ്ങളെ നിര്‍ബന്ധിക്കുകയും ചെയ്തു .ഏഷ്യന്‍ ജനതയ്ക്ക് അരിയെന്നപോലെ യൂറോപ്യന്മാര്‍ക്ക് ചോളം പോലെ കപ്പ ഇന്ന് ആഫ്രിക്കന്‍ ജനതയുടെ പ്രിയഭക്ഷണമാണ് .ഒരുപക്ഷേ കപ്പ ഇല്ലായിരുന്നെങ്കില്‍ ആഫ്രിക്കയിലെ പട്ടിണി മരണങ്ങള്‍ പതിന്മടങ്ങാകുമായിരുന്നു .ഉഷ്ണമേഖല ,സമശീതോഷ്ണമേഖലാ പ്രദേശങ്ങളില്‍ ധാരാളമായി കൃഷി ചെയ്യപ്പെടുന്ന കപ്പ ഇന്ന് ഏറ്റവും കൂടുതല്‍ കയറ്റിയയ്ക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളാണ് പ്രത്യേകിച്ചും നൈജീരിയ .വരണ്ടകാലാവസ്ഥയില്‍ പോലും വളരുന്നതുകൊണ്ട് സബ്സഹാറന്‍ ആഫ്രിക്കയുടെ പ്രിയപ്പെട്ട വിളയായി ഇത് മാറിയിരിക്കുന്നു .


 
ആഫ്രിക്കയിലെന്ന പോലെ ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും കപ്പയെ പരിചയപ്പെടുത്തിയത് പറങ്കികള്‍ തന്നെയായിരുന്നു. സ്വാഭാവികമായും മലയാളികളെ ആദ്യമായി കപ്പ തീറ്റിച്ചതും പോര്‍ച്ചുഗീസുകാരാണ് .പക്ഷെ കപ്പ മലയാളിയുടെ പ്രിയ ഭക്ഷണമാകാന്‍ കാരണക്കാരന്‍ തിരുവിതാംകൂറിലെ രാജാവായിരുന്ന വിശാഖംതിരുന്നാളായിരുന്നു .1880 ല്‍ തിരുവിതാംകൂറിലുണ്ടായ ക്ഷാമം തെക്കേഅമേരിക്കക്കാരുടേയും ആഫ്രിക്കക്കാരുടേയും പ്രിയഭക്ഷണമായ കപ്പയെ ഇവിടെ പ്രചാരത്തിലാക്കേണ്ട ആവശ്യകത അദ്ദേഹത്തിന് ബോദ്ധ്യപ്പെടുത്തി .പ്രജാമനസ്സറിയുന്ന രാജാവായിരുന്ന അദ്ദേഹം മലയായില്‍ നിന്നും മേല്‍ത്തരം കപ്പത്തൈകള്‍ വരുത്തി കൊട്ടാരംവക നാലഞ്ചേക്കറില്‍ കൃഷി ചെയ്തിട്ട് താന്‍ പരീക്ഷണര്‍ത്ഥം കൃഷി ചെയ്തിരിക്കുന്ന വിളയുടെ ഗുണഗണങ്ങള്‍ കൊട്ടിഘോഷിച്ചുകൊണ്ടും ഇൗ വിള ആരെങ്കിലും മോഷ്ടിച്ചാല്‍ അവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടും വിളംബരം നടത്തി .തിരുവിതാംകൂറുകാരോടാണോ കളി? അവര്‍ രാജാവിന്റെ ഭീഷണി കാര്യമായെടുത്തു താമസിയാതെ കൊട്ടാരംവക സ്ഥലത്തെ കപ്പച്ചെടികള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. അധികം വൈകാതെ രാജാവിന്റെ കൃഷിയിടത്തിലെ അവസാനത്തെ തൈയ്യും പ്രജകള്‍ മോഷ്ടിച്ചുകൊണ്ട് പോയി .കാര്യങ്ങള്‍ താന്‍ വിചാരിച്ചതുപോലെ നടന്നു എന്നു മനസ്സിലാക്കിയ രാജാവ് തന്റെ ഭീഷണി പിന്‍വലിച്ചുകൊണ്ട് മറ്റൊരു വിളംബരം ഇറക്കി മോഷ്ടിച്ചുകൊണ്ടുപോയി കപ്പ കൃഷി ചെയ്യുന്നവര്‍ ശിക്ഷ ഭയപ്പെടേണ്ടതില്ല എന്ന് ജനങ്ങളെ അറിയിച്ചു ഒപ്പം കപ്പ തൊലികളഞ്ഞ് രണ്ടുപ്രാവശ്യം തിളപ്പിച്ച്‌ ഉൗറ്റിയതിനുശേഷമേ ഭക്ഷിക്കാവൂ എന്നും അല്ലെങ്കില്‍ പച്ചക്കപ്പയിലും കപ്പച്ചെടിയുടെ ഇലകളിലും ഉള്ള സയനോജനിക് ഗ്ളൈക്കോസൈഡസ് (cyanogenic glucosides) ഉള്‍ക്കൊള്ളുന്ന ലിനാമാരിന്‍ എന്ന വിഷപദാര്‍ത്ഥം ജീവഹാനിവരെ ഉണ്ടാക്കുമെന്നും ജനങ്ങളെ ഉപദേശിച്ചു .


 
കപ്പയില്‍ കയ്പ്പിന്റെ അളവ് കൂടുംതോറും linamarinന്റെ അളവും കൂടും ,മധുരമുള്ള കപ്പയില്‍ ലിനാമാരിന്റെ അളവ് കുറവായിരിക്കും .ഒരു കിലോ മധുരക്കപ്പയില്‍(sweet cassava ) നിന്നും 20mg സയനൈഡ് ഉത്പ്പാദിപ്പിക്കാന്‍ സാധിക്കുമത്രേ .ഒരു കിലോ കയ്പ്പുള്ള കപ്പയില്‍ (bitter cassava ) നിന്നും ഒരു ഗ്രാം സയനൈഡ് നിര്‍മ്മിക്കാനും സാധിക്കും .ഒരു പശുവിനെ കൊല്ലാന്‍ ഒരു ഡോസ് സയനൈഡ് മതി .

വിശാഖംതിരുന്നാള്‍ പ്രചരിപ്പിച്ചെങ്കിലും കപ്പ തിരുവിതാംകൂറുകാരുടെ ആവേശമാകാന്‍ രണ്ടാം ലോകമഹായുദ്ധം വരെ കാത്തിരിക്കേണ്ടിവന്നു .തിരുവിതാംകൂറില്‍ ആവശ്യഘട്ടങ്ങളില്‍ അരി ഇറക്കുമതി ചെയ്തിരുന്നത് ബര്‍മ്മയില്‍ നിന്നായിരുന്നു .രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ ബര്‍മ്മ വരെ എത്തിയതോടെ തിരുവിതാംകൂറിലേക്കുള്ള അരി വരവ് നിലച്ചു. അത്യാവശ്യം വന്നപ്പോള്‍ ജനങ്ങള്‍ കപ്പയെ ഒാര്‍ക്കുകയും വ്യാപകമായ രീതിയില്‍ കപ്പ കൃഷി ചെയ്യുകയും ഭക്ഷിക്കുകയും ചെയ്തു .മലബാറുകാര്‍ക്ക് കപ്പയെ നേരത്തെ പരിചയമുണ്ടെങ്കിലും തിരുവിതാംകൂറില്‍ നിന്നും വടക്കോട്ടു പോയ കുടിയേറ്റകര്‍ഷകരാണ് കപ്പകൃഷി അവിടെ വ്യാപകമാക്കിയത് .

രണ്ടാം ലോകമഹായുദ്ധത്തെത്തുടര്‍ന്ന് അമേരിക്കയില്‍ നിന്നും ,സിംഗപ്പൂരില്‍ നിന്നും മറ്റും എത്തിക്കൊണ്ടിരുന്ന ചോളമാവിന്റെ വരവ് നിലച്ചപ്പോഴാണ് മലയാളികള്‍ തിന്നു തീര്‍ക്കുന്ന കപ്പയില്‍ നിന്നും സ്റ്റാര്‍ച്ചും (tapioca)ചൗവ്വരിയും (sago) ഉല്‍പ്പാദിപ്പിക്കുന്നതിനെക്കുറിച്ച്‌ ഉണക്ക മീന്‍ കച്ചവടക്കാരനായിരുന്ന മാണിക്കം ചെട്ടിയാര്‍ എന്ന തമിഴന്‍ ആലോചിച്ചത് .മലയായില്‍ നിന്നെത്തിയ പോപ്പത് ലാല്‍ .ജി.ഷാ എന്നയാള്‍ കപ്പയില്‍ നിന്നും മാവും ചൗവ്വരിയും ഉണ്ടാക്കുന്ന വിദ്യ ചെട്ടിയാരെ പഠിപ്പിച്ചു .പ്രാകൃതമായി ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ ദിനംപ്രതി 200കിലോയിലേറെ ഉത്പ്പാദിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല .ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ചെട്ടിയാര്‍ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാനായി വെങ്കിടാചലഗൗണ്ടര്‍ എന്ന മെക്കാനിക്കിന്റെ സഹായം തേടി .ഗൗണ്ടര്‍ നിര്‍മ്മിച്ച യന്ത്രം ഉപയോഗിച്ച്‌ ചെട്ടിയാര്‍ ദൈനദിന ഉത്പ്പാദനം 2500കിലോ ആയി വര്‍ദ്ധിപ്പിച്ചു .ഇന്ന് തമിഴ്നാട്ടില്‍ ഹൈവേ68ലൂടെ സഞ്ചരിക്കുകയാണെങ്കില്‍ തലൈവാസലിനും ആറ്റൂരിനും ഇടയില്‍ നിരവധി ചൗവ്വരി( sago) നിര്‍മ്മാണ ഫാക്ടറികള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം .

Tapioca എന്ന കപ്പപ്പൊടി അഥവാ കപ്പമാവ് പലതരം ബിസ്ക്കറ്റുകളും ബ്രഡ്ഡുകളും നിര്‍മ്മിക്കാനും ഡെസ്സേര്‍ട്ടുകളും മറ്റും കുറുക്കുവാനും ഉപയോഗിക്കുന്നതു കൂടാതെ മദ്ധ്യപ്രദേശ്,ബംഗാള്‍,ഗുജറാത്ത് തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ചൗവ്വരികൊണ്ടുണ്ടാക്കുന്ന പപ്പടം ,ചിവ്ടവട,ഉപ്പ്മാവ് തുടങ്ങിയവ ഉപയോഗിക്കാറുണ്ട്. . മദ്യനിര്‍മ്മാണത്തിനായും തുണി നിര്‍മ്മാണ രംഗത്തും ,ദ്രാവക ഗ്ളൂക്കോസ് നിര്‍മ്മിക്കാനും കപ്പ സ്റ്റാര്‍ച്ച്‌ ഉപയോഗപ്പെടുത്തുന്നുണ്ട് .

കപ്പ പുഴുങ്ങിയും ,ചുട്ടും ,എണ്ണയില്‍ വറുത്തും, കുഴമ്ബുരൂപത്തിലാക്കിയും ,പുളിപ്പിച്ചെടുത്തും, മാവാക്കിയും വിവിധ നാട്ടുകാര്‍ വൈവിദ്ധ്യമാര്‍ന്ന വിഭവങ്ങളുണ്ടാക്കി ഭക്ഷിക്കുന്നു .ഹെയ്തിക്കാര്‍ കപ്പമാവുകൊണ്ട് റൊട്ടിയുണ്ടാക്കി പാലോ, പീനട്ട് ബട്ടറോ പുരട്ടി കഴിക്കുന്നു.കപ്പ ചീകിയെടുത്ത് മുട്ടയും ബട്ടറും പഞ്ചസാരയും അടുക്കടുക്കായി ചുട്ടെടുത്ത് ഇടയില്‍ പന്നിയിറച്ചിയോ കോഴിയിറച്ചിയോ നിറച്ച്‌ ഒാവനില്‍ കയറ്റി ബേക്കുചെയ്തെടുക്കുന്ന കപ്പപ്പൈ (cassava pie) .ബര്‍മുഡക്കാര്‍ ക്രിസ്മസിനുണ്ടാക്കുന്ന വിശേഷ ഭക്ഷണമാണത്രേ . കപ്പയും ഉപ്പിലിട്ട മീനും സുരിനാംകാര്‍ക്ക് വലിയ ഇഷ്ടമാണ് . ചിരകിയ തേങ്ങയും പുഴുങ്ങിയ കപ്പയും ചേര്‍ത്ത് കഴിക്കാനിഷ്ടപ്പെടുന്നത് ഫിലിപ്പൈന്‍കാരും ശ്രീലങ്കക്കാരുമാണ് . ചൈനയിലെ ഗ്വാന്‍ചി (Guanxi) പ്രവിശ്യക്കാര്‍ വലിയ കപ്പ പ്രിയരാണ് .വിയറ്റ്നാംകാര്‍ ഉത്പ്പാദിപ്പിക്കുന്ന കപ്പ തിന്നു തീര്‍ക്കുന്നത് ഇവരാണ് കൂടാതെ ചൈനാക്കാര്‍ മദ്യം നിര്‍മ്മിക്കാനും എത്തനോള്‍ ഉണ്ടാക്കാനും കപ്പ ഉപയോഗപ്പെടുത്തുന്നുണ്ട് .ഗാപ്ലെക്ക് (gaplek)എന്ന ജാവക്കാര്‍ വിളിക്കുന്ന ഉണക്ക കപ്പ ഭക്ഷിക്കുന്നതാണ് അവിടുത്തെ ജനങ്ങളുടെ ആരോഗ്യരഹസ്യം.കപ്പച്ചെടി ഉണക്കി കാലിതീറ്റ നിര്‍മ്മാണം നടത്തുന്നുണ്ട് .ഇങ്ങനെ കപ്പയുടെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല .


 
കായല്‍വാരം ഷാപ്പിലെ ഗോവിന്ദേട്ടന്‍ അന്തിക്കള്ള് കൊണ്ടുവെച്ചിട്ട് കപ്പയും മത്തിക്കറിയും എടുക്കട്ടെ എന്നു ചോദിക്കുന്നു .എന്താ പറയ്ക ഇതൊക്കെ ചോദിക്കേണ്ട ആവശ്യമുണ്ടോ ഗോവിന്ദേട്ടാ ,നമ്മളൊക്കെ മലയാളികളല്ലേ ?പോരട്ടെന്നേ ഒരു പ്ളേറ്റ് കപ്പയും മീനും.

Related News