Loading ...

Home peace

പ്രാചീനമായൊരു സിനഗോഗിനു ചാരേ സാറാ കോഹന് തുണയായി താഹ ഇബ്രാഹിം.

ആലിയ

അങ്ങകലെ 'വാഗ്‌ദത്ത ഭൂമി'യില്‍ ഇസ്രയേലികളും മുസ്ലീങ്ങളും അന്യോന്യം പോരാടുമ്ബോള്‍ പ്രാചീനമായൊരു സിനഗോഗിനു ചാരേ സാറാ കോഹനു തുണയാകുന്നു താഹ ഇബ്രാഹിം.

കൊച്ചി ജൂതത്തെരുവില്‍ അവശേഷിക്കുന്ന അവസാനത്തെ ജൂതരില്‍ ഒരാളാണ്‌ സാറാ കോഹന്‍. കേരളത്തില്‍ ജീവിച്ചിരിക്കുന്ന യഹൂദരില്‍ ഏറ്റവും പ്രായമുള്ള വ്യക്‌തി. ഇന്ത്യയിലെ ഏറ്റവും പുരാതന ജൂത വിഭാഗമായ, മലബാര്‍ ജൂതന്മാര്‍ എന്നറിയപ്പെടുന്നവരിലെ അംഗം. 1948 ല്‍ ഇസ്രയേല്‍രാഷ്‌ട്രം രൂപീകരിക്കപ്പെട്ട സമയത്ത്‌ 2500ലധികം ജൂതന്മാര്‍ കൊച്ചിവിട്ട്‌ അവിടേക്ക്‌ കുടിയേറിയപ്പോള്‍ പോകാതിരുന്ന സാറ കോഹന്‍ 95-ാം വയസിലും ചുറുചുറുക്കോടെ മട്ടാഞ്ചേരിയിലെ ജൂതത്തെരുവില്‍ കൊച്ചുവീട്ടിലെ ഒറ്റമുറിയില്‍ അതിഥികളെ നിറപുഞ്ചിരിയോടെ ഇന്നും വരവേല്‍ക്കുന്നു.

 

ഒരു കാലഘട്ടത്തിന്റെ ചരിത്രവും സംസ്‌കാരവും ഇന്നും നിറഞ്ഞു നില്‍ക്കുന്നുണ്ട്‌ മട്ടാഞ്ചേരി ജൂതത്തെരുവില്‍. പുരാതനമായ ഒരു സമൂഹത്തിന്റെ പാരമ്ബര്യം നിറഞ്ഞു നില്‍ക്കുന്ന ഇവിടെ ഇപ്പോഴുള്ളത്‌ അഞ്ച്‌ യഹൂദര്‍ മാത്രം.

എറണാകുളം, പറവൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങി പല ഇടങ്ങളിലും യഹൂദ സമൂഹത്തിലെ അംഗങ്ങളുണ്ടെങ്കിലും നൂറ്റാണ്ടുകള്‍ക്കു മുമ്ബ്‌ മട്ടാഞ്ചേരിയുടെ മണ്ണില്‍ ഇടം കണ്ടെത്തിയവരുടെ തലമുറയില്‍ ഇനി ഈ അഞ്ചു പേര്‍ മാത്രം.

എ.ഡി. 68ല്‍ ജെറുസലേമിലെ ജൂതപ്പള്ളി റോമാക്കാര്‍ നശിപ്പിച്ചതോടെയാണു യഹൂദന്‍മാര്‍ കേരളത്തിലെത്തിയത്‌. എന്നാല്‍, അതിനു മുമ്ബും കേരളത്തിലേക്ക്‌ ഇവര്‍ എത്തിയതായി പറയപ്പെടുന്നു. കൊടുങ്ങല്ലൂരില്‍ മുന്‍പു വന്നിറങ്ങിയ യഹൂദന്‍മാര്‍ മലയാള മണ്ണില്‍ പല സ്‌ഥലങ്ങളിലായി ഇടം പിടിച്ചു. അന്നത്തെ മുസിരിസില്‍ വന്നിറങ്ങിയ ഒരു കൂട്ടം യഹൂദര്‍ കൊച്ചിയില്‍ കുടിയേറി കച്ചവടവും മറ്റുമായി ജീവിതം തുടര്‍ന്നു. സാറയ്‌ക്ക് ഇപ്പോള്‍ കൂട്ട്‌ താഹ ഇബ്രാഹിം എന്ന മധ്യ വയസ്‌കനായ മലയാളിയാണ്‌. ഇവരുടെ അപൂര്‍വ്വ ബന്ധത്തിന്റെ കഥകളും ഏറെയാണ്‌.


 
ഓര്‍ത്തെടുത്ത്‌ സാറ

2000 വര്‍ഷം മുമ്ബാണ്‌ ജൂതര്‍ കൊച്ചിയിലെത്തിയത്‌. ഇപ്പോള്‍ കൊച്ചിയില്‍ ജൂതരുടേതായി ബാക്കിയുള്ളത്‌ ഒരു സിനഗോഗും ജൂതരുടെ പരമ്ബരാഗതമായ കരകൗശലവസ്‌തുക്കള്‍ വില്‍ക്കുന്ന കടകളും മാത്രം. പിന്നെ, ജൂതരുടെ രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളും ജൂതരുടെ സെമിത്തേരികളും. ജൂതരുടെ ഉടമസ്‌ഥതയിലുള്ള അപൂര്‍വ്വം ചില ബിസിനസ്‌ സ്‌ഥാപനങ്ങളില്‍ ഒന്ന്‌ 'സാറാ ആന്റി'യുടെ എംബ്രോയ്‌ഡറി ഷോപ്പാണ്‌.

പ്രാര്‍ത്ഥനാപുസ്‌തകമായ തെയ്‌ലിം കൈയിലെടുക്കാന്‍ വയ്യാത്തത്രം തളര്‍ന്നിരിക്കുന്നു സാറാ കോഹന്‍. മറ്റൊരാളുടെ സഹായമുണ്ടെങ്കില്‍ മാത്രമേ പുസ്‌തകം തുറന്ന്‌ പ്രാര്‍ത്ഥിക്കാന്‍ സാധിക്കു. ഓര്‍മകള്‍ പലതും മങ്ങിത്തുടങ്ങിയിരിക്കുന്നു

കോഹന്‍ എന്നത്‌ കുലനാമമാണ്‌. ഇന്‍കം ടാക്‌സ് ഓഫീസറായിരുന്ന ജേക്കബ്‌ കോഹനാണ്‌ സാറയുടെ ഭര്‍ത്താവ്‌. ജേക്കബിന്റെ റിട്ടയര്‍മെന്റോടെ കിപ്പ (പ്രത്യേക തൊപ്പി)കളും എംബ്രോയ്‌ഡറിയുമുള്ള സാറാ എംബ്രോയ്‌ഡറി എന്ന കടയിട്ടു. സാറയെ പോലെ തന്നെ സാറ എംബ്രോയ്‌ഡറി ഷോപ്പും ഏറെ പ്രസിദ്ധമാണ്‌. 1999ല്‍ ജേക്കബ്‌ കോഹന്‍ സാറയെ വിട്ടുപിരിഞ്ഞു.

വ്യത്യസ്‌തമായ ആചാരങ്ങള്‍

മട്ടാഞ്ചേരിയിലെ സിനഗോഗില്‍ എല്ലാ വെള്ളിയാഴ്‌ചയും വൈകിട്ടു പ്രാര്‍ഥന പതിവായിരുന്നു. ഇപ്പോള്‍ ആ പതിവില്ല. ജൂതരുടെ പ്രാര്‍ഥനകള്‍ക്ക്‌ പത്ത്‌ പേരെങ്കിലും വേണമെന്നാണ്‌ ചട്ടം. മട്ടാഞ്ചേരിയില്‍ അത്രയും ജൂതന്‍മാര്‍ ഇല്ലാത്തതിനാല്‍ വെള്ളിയാഴ്‌ച വൈകിട്ടത്തെ ശബാദ്‌ പ്രാര്‍ഥന നടക്കാറില്ല.

പ്രധാന ആഘോഷ സമയങ്ങളില്‍ എറണാകുളത്തു നിന്നും മറ്റും യഹൂദരെത്തിയാണു പ്രാര്‍ഥനകള്‍ നടത്തുന്നത്‌.
റോശശാനയാണ്‌ ഇവരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്ന്‌. റോശശാന ആഘോഷം കഴിഞ്ഞ്‌ ഒന്‍പതാം ദിവസം വൈകിട്ട്‌ മുതല്‍ കിപ്പൂര്‍ എന്ന നോമ്ബ്‌ ആരംഭിക്കും. ഒന്‍പതാം ദിവസം വൈകിട്ട്‌ അഞ്ചിനു മുമ്ബു വീടുകളില്‍ നിന്നു ഭക്ഷണം കഴിച്ച്‌ എല്ലാവരും പള്ളിയിലെത്തും. വെള്ള വസ്‌ത്രങ്ങള്‍ അണിഞ്ഞാണു പള്ളിയിലെത്തുക. അന്നു രാത്രി മുഴുവന്‍ പ്രാര്‍ഥന. പത്താം ദിവസം വൈകിട്ട്‌ ആറരയ്‌ക്കു ശേഷമാണ്‌ ഈ നോമ്ബ്‌ അവസാനിക്കുക.


 
പുതുവര്‍ഷ ആഘോഷങ്ങളുടെ സമാപനമാണു സിംഹാതോറ. ആഘോഷ സമയത്തു സിനഗോഗിലെത്തിയാല്‍ 82 തിരിയിട്ട വലിയ വിളക്ക്‌ കത്തി നില്‍ക്കുന്നതു കാണാം. മൂന്നു ദിവസത്തേക്ക്‌ ഈ വിളക്ക്‌ ഇവിടെയുണ്ടാകും.

ചരിത്രമുറങ്ങുന്ന ജൂതപ്പള്ളി

മട്ടാഞ്ചേരിയിലെ സിനഗോഗിന്‌ 448 വര്‍ഷത്തെ ചരിത്രമുണ്ട്‌. കേരളത്തില്‍ എട്ടു ജൂതപ്പള്ളികള്‍ ഉണ്ടായിരുെന്നന്നാണ് ചില രേഖകള്‍. മൂന്നെണ്ണം മട്ടാഞ്ചേരിയിലും രണ്ടെണ്ണം എറണാകുളത്തും ബാക്കിയുള്ളവ പറവൂരും ചേന്ദമംഗലത്തും മാളയിലുമായിരുന്നു. ഇന്ന്‌ ഇവയില്‍ പലതുമില്ല. കാലത്തിനൊപ്പം ഇവയും ഇല്ലാതായി. അതുകൊണ്ടു തന്നെ മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിക്ക്‌ ഏറെ ചരിത്രമുണ്ട്‌ പങ്കുവയ്‌ക്കാന്‍.

1568ലാണ്‌ ഈ സിനഗോഗ്‌ നിര്‍മിച്ചത്‌.
സാമുവല്‍ കാസ്‌റ്റിയല്‍, ഡേവിഡ്‌ ബലീലിയോ, എഫ്രാഹിം സാലാ, ജോസഫ്‌ ലവി എന്നിവരാണ്‌ ഈ ജൂതപ്പള്ളി നിര്‍മിച്ചത്‌. യഹൂദ സമൂഹത്തിന്റെ ആവശ്യം അനുസരിച്ചു കൊച്ചി രാജാവ്‌ രാജകൊട്ടാരത്തിനു തൊട്ടടുത്തു തന്നെ സ്‌ഥലം അനുവദിക്കുകയായിരുന്നു. കൊച്ചി രാജാവിന്റെ സഹായമുണ്ടെങ്കിലും പോര്‍ച്ചുഗീസുകാര്‍ തുടരെ ആക്രമിക്കുകയും ദേവാലയം കൊള്ളയടിക്കുകയും ചെയ്‌തു.

1664ല്‍ പോര്‍ച്ചുഗീസുകാര്‍ നശിപ്പിച്ച പള്ളി വീണ്ടും പുനര്‍ നിര്‍മിച്ചു. സിനഗോഗിന്റെ മണിമാളിക 1760ല്‍ പണിതതാണ്‌. അതില്‍ സൂക്ഷിച്ചിരുന്ന പഴയ നിയമ പുസ്‌തകത്തിന്റെ ആവരണം 1805ല്‍ തിരുവിതാംകൂര്‍ മഹാരാജാവ്‌ സമ്മാനിച്ചതാണ്‌. ദേവാലയത്തിലെ വെള്ളിവിളക്കുകള്‍ ആദ്യത്തെ ബ്രിട്ടീഷ്‌ റെസിഡന്റ്‌ 1808-ല്‍ സമ്മാനിച്ചത്‌. സിനഗോഗില്‍ പതിച്ചിരിക്കുന്ന ടൈലുകള്‍ 1763-ല്‍ ചൈനയില്‍ ഉണ്ടാക്കി കൊണ്ടുവന്നവയും.


 
കൊച്ചിക്ക്‌ വെളിച്ചമേകിയവര്‍

ഫോര്‍ട്ട്‌ കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും വ്യവസായ വളര്‍ച്ചയില്‍ പങ്കുചേര്‍ന്നു നിന്നവരായിരുന്നു ഇവര്‍. കൊച്ചിയില്‍ വൈദ്യുതി എത്തിച്ചത്‌ ഇവരാണ്‌. കൂടാതെ, യന്ത്രബോട്ടിറക്കി മട്ടാഞ്ചേരി-എറണാകുളം ഫെറി ബോട്ട്‌ സര്‍വീസ്‌ ആരംഭിച്ചതും മറ്റാരുമല്ല. കോഡര്‍ കുടുംബത്തെ മറക്കാന്‍ സാധിക്കില്ല. എസ്‌. കോഡര്‍ എന്ന വ്യവസായ ശ്യംഖലയുടെ അധിപനായിരുന്ന സാട്ടു സാമുവല്‍ കോഡര്‍ എന്ന ഷബിലായ്‌ സാമുവല്‍ കോഡര്‍ കേരളത്തിലെ ഏറ്റവും ധനാഢ്യനായ യഹൂദനായിരുന്നു. ഇദ്ദേഹത്തിന്റെ മുത്തച്‌ഛന്റെ പിതാവ്‌ ബാഗ്‌ദാദില്‍ നിന്നാണു കൊച്ചിയിലെത്തിയത്‌.

കൊച്ചി നിയമസഭയിലെ മുന്‍ അംഗം, ചരിത്രകാരന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം കൊച്ചിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി. 1994 ലാണ്‌ അന്തരിച്ചത്‌.
ബ്രിട്ടീഷ്‌ ഭരണകാലത്തു ഫോര്‍ട്ട്‌ കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു സാമുവല്‍ കോഡര്‍. പശ്‌ചിമ കൊച്ചിയുടെ വികസനത്തിന്‌ അസ്‌തിവാരമിട്ടതു കോഡര്‍ കുടുംബമായിരുന്നു.

കൊച്ചി രാജാവിന്റെ പിന്തുണയോടെ കോഡറുടെ കൊച്ചിന്‍ ഇലക്‌ട്രിക്കല്‍ കമ്ബനി കൊച്ചിയില്‍ വൈദ്യുതി വിതരണ ചുമതല ഏറ്റെടുത്തു.
അമ്ബതു വര്‍ഷത്തെ ഗാരന്റിയോടെയായിരുന്നു ഈ ജോലി ഏറ്റെടുത്തത്‌. പള്ളിവാസലില്‍ നിന്നായിരുന്നു വൈദ്യുതി കൊണ്ടുവന്നത്‌. വൈദ്യുതി ഉപയോക്‌താവിന്‌ പരാതിയുണ്ടെങ്കില്‍ അഞ്ചു മിനിറ്റിനകം കമ്ബനി ടെക്‌നീഷ്യന്‍മാരെത്തി പ്രശ്‌നം പരിഹരിക്കുമായിരുന്നു. 1979 നവംബര്‍ 12നാണു കൊച്ചിന്‍ ഇലക്‌ട്രിക്കല്‍ കമ്ബനി സര്‍ക്കാര്‍ ഏറ്റെടുത്തത്‌. നഷ്‌ടപരിഹാരം സംബന്ധിച്ച തര്‍ക്കങ്ങളും മറ്റും മറ്റൊരു കഥ.

കോഡര്‍ ലാഭകരമായി നടത്തിയിരുന്ന ഫെറി സര്‍വീസ്‌ സഹോദരന്‍ അയ്യപ്പന്‍ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന കാലത്ത്‌ സര്‍ക്കാര്‍ ഏറ്റെടുത്തു. കൊച്ചിന്‍ കോളജ്‌ സ്‌ഥാപിച്ച കൊച്ചിന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ പ്രസിഡന്റ്‌, ചേംബര്‍ ഓഫ്‌ കൊമേഴ്‌സ് പ്രസിഡന്റ്‌ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്‌ എസ്‌.എസ്‌. കോഡര്‍.

സാറയ്‌ക്ക് കൂട്ടായി താഹ


 
സാറയ്‌ക്ക് കൂട്ടായിയുള്ളത്‌ താഹ ഇബ്രാഹീം എന്ന മലയാളിയാണ്‌. വര്‍ഷങ്ങള്‍ക്കു മുമ്ബാണ്‌ സാറയെയും കോഹനെയും താഹ പരിചയപ്പെടുന്നത്‌. മക്കളില്ലാത്ത സാറയെ ഒറ്റയ്‌ക്കാക്കരുത്‌ എന്ന്‌ മരണത്തിനു മുമ്ബ്‌ താഹയോട്‌ കോഹന്‍ പറഞ്ഞു. കുട്ടികളില്ലാത്ത അവര്‍ക്ക്‌ താഹ മകനായി മാറി. വീട്ടുകാര്യങ്ങള്‍ക്കും കച്ചവട കാര്യങ്ങള്‍ക്കും താഹയും കുടുംബവും സാറയുടെ കൂടെ തന്നെയുണ്ട്‌.
ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ സാറായുടെ കടയിലെത്തുന്നുണ്ട്‌. എല്ലാ ആഘോഷങ്ങളും നില നിന്നിരുന്ന പഴയ ആ ജൂത ടൗണ്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ കിപ്പയും തലയില്‍ വച്ച്‌ പ്രാര്‍ത്ഥനായോടെ കഴിയുകയാണ്‌ സാറ.

Courtesy: 24 K

Related News