Loading ...

Home National

ആകാശവും അഡാനിക്ക്

കെ രംഗനാഥ്

അബുദാബി: എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന മോഡി സര്‍ക്കാര്‍ ആകാശവും മാനസപുത്രരായ കോര്‍പ്പറേറ്റ് ഭീമന്‍ അഡാനിക്കു സമ്മാനിക്കുന്നു.
സിവില്‍ വ്യോമയാനഗതാഗതം അഡാനി സാമ്രാജ്യത്തിന്റെ പിടിയിലാക്കുന്നതിന് മുന്നോടിയായി നഷ്ടത്തിലാണ്ടുകിടക്കുന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനക്കമ്പനി അഡാനിഗ്രൂപ്പ് വിലയ്‌ക്കെടുക്കുന്നതിനുള്ള ചരടുവലികള്‍ അണിയറയില്‍ കൊണ്ടുപിടിച്ചു നടക്കുന്നതായി സൂചന.

കേന്ദ്ര സിവില്‍ വ്യോമയാന സെക്രട്ടറി ആര്‍ എന്‍ ചൗബെ അഡാനി ഗ്രൂപ്പിന്റെ ഈ കച്ചവടത്തിനു ചുക്കാന്‍ പിടിക്കുന്നതെന്നും അറിവായി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ ജെറ്റ് എയര്‍വേയ്‌സിന്റെ സഞ്ചിതനഷ്ടം 750 കോടിയില്‍പരം രൂപയാണ്. ഇതിനു പുറമെ പൈലറ്റുമാര്‍ക്കും വിമാനജോലിക്കാര്‍ക്കും വിമാനക്കമ്പനി ജീവനക്കാര്‍ക്കുമുള്ള ശമ്പളക്കുടിശിക കോടികള്‍ വരും. ജെറ്റ് എയര്‍വേയ്‌സ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനുള്ളത് 400 കോടിയില്‍ പരം.

അബുദാബിയുടെ ഔദേ്യാഗിക വിമാനക്കമ്പനിയായ എത്തിഹാദിന് ജെറ്റ് എയര്‍വേയ്‌സില്‍ 24 ശതമാനം ഓഹരികളുണ്ട്. ഇതു 49 ശതമാനമായി വര്‍ധിപ്പിച്ച് ജെറ്റ് എയര്‍വേയ്‌സിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ എത്തിഹാദ് എയര്‍വേയ്‌സ് നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അഡാനിഗ്രൂപ്പിന്റെ രംഗപ്രവേശം. ജെറ്റ് എയര്‍വേയ്‌സ് ഏതെങ്കിലും ഇന്ത്യന്‍ കമ്പനികള്‍ക്കു മാത്രമേ ആകാവൂ എന്ന് സിവില്‍ വ്യോമയാന സെക്രട്ടറി ചൗബെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കച്ചവടം സംബന്ധിച്ച് അഡാനി ഗ്രൂപ്പിന്റെ മുന്ദ്ര എയര്‍പോര്‍ട്ട്‌സ് കമ്പനിയും ജെറ്റ് എയര്‍വേയ്‌സ് സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയലും തമ്മില്‍ നടന്നുവരുന്ന ചര്‍ച്ചകള്‍ക്ക് ചൗബെയാണ് കാര്‍മികത്വം വഹിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ജെറ്റ് എയര്‍വേയ്‌സിന്റെ 49 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനും പുനഃസംഘടനയ്ക്കുമുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്ന കത്ത് എത്തിഹാദ് എയര്‍വേയ്‌സ് മേധാവി ടോണി ഡഗ്ലസ് കഴിഞ്ഞ മാസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് അയച്ചിരുന്നു. ഭീമമായ വായ്പ ഈടാക്കാന്‍ ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു എത്തിഹാദ് മേധാവിയുടെ കത്ത്. കത്തിലെ നിര്‍ദേശങ്ങളനുസരിച്ച് ചെയര്‍മാന്‍ നരേഷ്‌ഗോയല്‍ തല്‍സ്ഥാനവും ഡയറക്ടര്‍ ബോര്‍ഡംഗത്വവും ഒഴിയണം. അദ്ദേഹത്തിന്റെ ഓഹരി 51 ശതമാനത്തില്‍ നിന്നും 22 ശതമാനമാക്കണം. ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ കൂടുതല്‍ ഉദാരമായ ഇളവുകള്‍ അനുവദിക്കണം. എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ ജെറ്റ് എയര്‍വേയ്‌സിന് അംഗീകരിക്കുകയല്ലാതെ ഗത്യന്തരമില്ല എന്ന നില വന്നു.

ഇതോടെയാണ് അഡാനിക്കുവേണ്ടി വ്യോമയാന സെക്രട്ടറി ചൗബെ ചരടുവലികള്‍ ആരംഭിച്ചതെന്ന് എത്തിഹാദുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിവായി. ഇന്ത്യന്‍ കമ്പനിക്ക് മാത്രമേ ജെറ്റ് എയര്‍വേയ്‌സ് വില്‍ക്കാവൂ എന്ന് ചൗബെ ഒരു മുഴം കൂട്ടിയെറിഞ്ഞത് ഈ പശ്ചാത്തലത്തിലാണെന്നും ഈ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ തിരുവനന്തപുരമടക്കമുള്ള ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അഡാനിയുടെ മുന്ദ്ര എയര്‍പോര്‍ട്ട്‌സിനു പാട്ടത്തിനു നല്‍കാനുള്ള കേന്ദ്രനീക്കം മിന്നല്‍വേഗത്തില്‍ സമാന്തരമായി നീങ്ങുന്നുവെന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടുകളുമുണ്ട്.

അഡാനിഗ്രൂപ്പ് മേധാവി ഗൗതം അഡാനി തന്നെ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ജെറ്റ് എയര്‍വേസ് കച്ചവടവും വിമാനത്താവളങ്ങളുടെ പാട്ടക്കരാറുകളും പൂര്‍ത്തിയാകുമെന്ന സൂചനയാണുള്ളത്.

Related News