Loading ...

Home cinema

ജീവിതത്തെ ആഘോഷമാക്കി കാണുന്ന മോഹന്‍ലാലിനെ കരിയറില്‍ വേദനിപ്പിച്ചത് ആ ഒരു കാര്യം മാത്രം

പല്ലിശ്ശേരി

സിനിമാരംഗത്തെ പ്രശസ്തരെ കൊല്ലുന്നത് ചില വികൃതമനസുകളുടെ സ്വഭാവമാണ്. യേശുദാസിനെ പല പ്രാവശ്യം മരണത്തിലേക്കു നയിച്ചവരുടെ പിന്‍മുറക്കാര്‍ മോഹന്‍ലാലിനേയും വെറുതെവിട്ടില്ല. പല പ്രാവശ്യമാണ് മോഹന്‍ലാലിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഏറ്റവും ഒടുവില്‍ മോഹന്‍ലാലിന്റെ മരണവാര്‍ത്ത അറിയിച്ചത് കഴിഞ്ഞ വര്‍ഷമാണ്.ഏവരും വിശ്വസിക്കാവുന്ന രീതിയിലായിരുന്നു വാര്‍ത്ത. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഞാന്‍ പലരേയും വിളിച്ചു. ഒടുവില്‍ നടി ലിസിയാണ് സത്യാവസ്ഥ അനേ്വഷിച്ച് അറിയിച്ചത്. മോഹന്‍ലാലും കുടുംബവും ഒരു യാത്രയിലായിരുന്നു. ഇങ്ങനെ ഒരു അവസരം തെരഞ്ഞെടുത്താണ് മാനസികരോഗം ബാധിച്ചവര്‍ മോഹന്‍ലാല്‍ മരിച്ചു എന്ന് പ്രചരണം നടത്തിയത്.ഇതെല്ലാം കണ്ടും കേട്ടും മോഹന്‍ലാല്‍ ചിരിക്കുകയായിരുന്നു. മരണത്തെ ഒരു രീതിയിലും ഭയപ്പെടുന്ന കലാകാരനല്ല മോഹന്‍ലാല്‍. മരണത്തെ പേടിച്ചിരുന്നാല്‍ ജീവിതം തന്നെ മറന്നുപോകും എന്നാണ് ലാലിന്റെ അഭിപ്രായം. ഓരോരുത്തരുടെയും മുന്നിലേക്ക് യാതൊരു മുന്നറിയിപ്പും ഇല്ലാതെ കടന്നുവരുന്ന ഒന്നിനെക്കുറിച്ച് ആശങ്കപ്പെട്ട് ജീവിക്കരുതെന്നാണ് ലാല്‍ അഭിപ്രായപ്പെട്ടത്. ജീവിതം ഒരു ആഘോഷമായി കാണാന്‍ ഇഷ്ടപ്പെടുന്ന ലാല്‍ ഒരിക്കല്‍ മാത്രമാണ് വേദനിച്ചത്.അതും തന്റെ കൈകളില്‍ കിടന്നു മരിക്കുന്ന ഒരു നടന്റെ വേര്‍പാടില്‍. കോഴിക്കോട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘അദൈ്വതം’ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. സന്യാസിയായി അഭിനയിക്കുന്ന മോഹന്‍ലാലും മോഹന്‍ലാലിന്റെ കാല്‍ക്കല്‍ വീണ് ‘സ്വാമീ എന്നെ രക്ഷിക്കണം’ എന്നുപറയുന്ന നടന്‍ ആലുംമൂടനുമാണ് ക്യാമറക്കു മുന്നില്‍.അത്തരം ഒരു രംഗം ചിത്രീകരിക്കുന്നതിനുമമ്പ് ആലുംമൂടന്‍ അസ്വസ്ഥനായിരുന്നു. ‘ടേക്ക്’ സമയത്ത് ആലുംമൂടന്‍ വിയര്‍ത്തിരുന്നു. അപ്പോള്‍ മോഹന്‍ലാല്‍ ധൈര്യം കൊടുത്തു. ആത്മവിശ്വാസത്തോടെ ആലുംമൂടന്‍ ‘സ്വാമീ എന്നെ രക്ഷിക്കണം’ എന്നുപറഞ്ഞ് പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ‘അമ്മേ’ എന്നുവിളിച്ച് ലാലിന്റെ കാല്‍ക്കീഴില്‍ വീണുമരിച്ചു. ആ നിമിഷം ലാല്‍ നിയന്ത്രണം വിട്ടു കരഞ്ഞുപോയി.ഒരു നടനു കിട്ടാവുന്ന അപൂര്‍വ ഭാഗ്യമാണ് അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ സംഭവിക്കുന്ന മരണം. അത്തരമൊരു മരണമാണ് താനും ആഗ്രഹിക്കുന്നതെന്ന് തുറന്നുപറയാന്‍ ലാല്‍ മടികാണിച്ചില്ല.

Related News