Loading ...

Home USA

ഫോമയുടെ ആരോഗ്യ ബോധവത്കരണ സെമിനാറിന് തുടക്കമായി.

തിരുവല്ല: ഫോമയും, ലെറ്റ് ദെം സ്‌മൈല്‍ എഗൈന്‍ (എല്‍ടിഎസ്‌എ) എന്ന ചാരിറ്റി സംഘടനയും കൂടി കൈകോര്‍ക്കുന്ന ഒരു വലിയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി തിരുവല്ല കടപ്രയിലെ ട്രാവന്‍കൂര്‍ ഷുഗര്‍ മില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാറോടെ തുടക്കം കുറിച്ചു. തിരുവല്ല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ. സന്തോഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച സെമിനാറില്‍ ഫാ.എബ്രഹാം മുളമൂട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി ആശിര്‍വദിച്ചു. ഫോമാ വില്ലേജ് പദ്ധതിയുടെ ഭാഗമായി ജനുവരി 12 മുതല്‍ 19 വരെ നടക്കുന്ന സൗജന്യ മെഡിക്കല്‍ ശസ്ത്രക്രിയ ക്യാമ്ബില്‍ അമേരിക്കയിലെ പരിചയസമ്ബന്നരായ ഡോക്ടര്‍മാര്‍ അടങ്ങുന്ന ടീം നേതൃത്വം കൊടുക്കും.

പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചാണ് മെഡിക്കല്‍ ക്യാമ്ബും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കുന്നത്. സൗജന്യ ശാസ്ത്രക്രിയ ക്യാമ്ബ് തിരുവല്ല കുമ്ബനാട് ഫെല്ലോഷിപ്പ് ആശുപത്രിയില്‍ ജനുവരി 14 മുതല്‍ തുടങ്ങും. പ്രളയബാധിത പ്രദേശമായ കടപ്രയില്‍ നടക്കുന്ന ഈ സെമിനാറിന്റെ മെഡിക്കല്‍ വിഭാഗത്തിനു നേതൃത്വം കൊടുക്കുന്നത് ഡോക്ടര്‍മാരായ ഫ്രീഡ റായെന്‍, തുളസി രാജ് എന്നിവര്‍ ചേര്‍ന്നാണ്. ഫോമായും ലെറ്റ് ദേം സ്‌മൈല്‍ എഗൈനും കൂടി ഒത്തൊരുമിച്ചുള്ള ഈ സെമിനാറില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പങ്കെടുത്തത്. ഫോമാ വില്ലേജ് കേരള ഘടകം സംഘാടകനായ അനിയന്‍ ജോര്‍ജിന്റെ സ്വാഗത പ്രസംഗത്തോട് കൂടി ആരംഭിച്ച ചടങ്ങില്‍ ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയും ഫോമാ വില്ലേജ് പദ്ധതിയുടെ പൂര്‍ണരേഖ അവതരിപ്പിക്കുകയും ചെയ്തു. ഫോമയുടെ സേവന പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും ഏവര്‍ക്കും മാതൃകയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഫോമാ ചാരിറ്റി ചെയര്‍മാന്‍ ആയ ജിജു കുളങ്ങര ഫോമായുടെ ആരോഗ്യ സേവന പദ്ധതികളെപ്പറ്റി വിശദീകരിച്ചു.

തിരുവല്ല ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പന്‍ കുര്യന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി തൈക്കടവില്‍, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ഫോമാ കേരള കടപ്ര വില്ലേജ് പ്രൊജക്റ്റ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍, ഫോമാ കേരള കടപ്ര വില്ലേജ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ടി. ഉണ്ണികൃഷ്ണന്‍, ഫോമാ നാഷണല്‍ കമ്മിറ്റി അംഗം സണ്ണി എബ്രഹാം, ഫോമായുടെ പ്രതിനിധികളായ ബാബു മുല്ലശ്ശേരി, മോന്‍സി വര്‍ഗീസ്, അഡ്വ. സക്കറിയ കരിവേലില്‍ തുടങ്ങിയവര്‍ സെമിനാറില്‍ സന്നിഹതരായിരുന്നു. സെമിനാറില്‍ പങ്കെടുത്തവര്‍ വാനോളം പുകഴ്ത്തിയ ചടങ്ങില്‍, ഫോമാ കേരള കടപ്ര വില്ലേജ് പ്രൊജക്റ്റ് കണ്‍വീനര്‍ അനില്‍ ഉഴത്തില്‍ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: രവിശങ്കര്‍

Related News