Loading ...

Home International

മൂല്യങ്ങള്‍ കൈവിടാതെ ബംഗ്ലാദേശ് മുന്നോട്ട്

lokajalakam

പുതുവര്‍ഷപ്പുലരിയുടെ തൊട്ടുതലേന്നത്തെ ലോക സംഭവങ്ങളില്‍ എന്തുകൊണ്ടും ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു ബംഗ്ലാദേശില്‍ നടന്ന പൊതുതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പു ഫലം എന്തായിരിക്കുമെന്ന ആകാംക്ഷയായിരുന്നില്ല അതിനു കാരണം. അതില്‍ ആര്‍ക്കും വലിയ സംശയമുണ്ടായിരുന്നില്ല. 2014-ലും 2008-ലും നടന്ന രണ്ട് തെരഞ്ഞടുപ്പുകളിലും അവാമി ലീഗിന്റെ ഷെയ്ക്ക് ഹസീനയ്ക്ക് തന്നെയായിരുന്നു വിജയം. ആ ദശവര്‍ഷക്കാലത്തെ ഭരണനേട്ടങ്ങള്‍ അഭിമാനിക്കത്തക്കതുതന്നെയുമായിരുന്നു. വോട്ടെണ്ണലിന് മുമ്പുതന്നെ ഫലം പ്രവചിക്കുന്ന മാധ്യമങ്ങളും എക്‌സിറ്റ്‌പോളും മറിച്ചൊരു പ്രവചനം നടത്തിയിരുന്നുമില്ല.

പ്രതീക്ഷിച്ചതുപോലെ തന്നെ തുടര്‍ച്ചയായ മൂന്നാം പ്രാവശ്യവും ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗ് തന്നെ വിജയിച്ചു. പക്ഷെ, വോട്ടെടുപ്പ് നടന്ന 299 സീറ്റുകളില്‍ 288ലും അവാമി ലീഗ് സ്ഥാനാര്‍ഥികള്‍ തന്നെ വിജയിച്ചുവെന്ന വാര്‍ത്ത വന്നപ്പോള്‍ ആ പാര്‍ട്ടിക്കാരില്‍തന്നെ പലരും ആശ്ചര്യപ്പെട്ടു. 96 ശതമാനം സീറ്റുകളും ഭരണകക്ഷിതന്നെ നേടിയെന്നത് പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ റിക്കാര്‍ഡാണ്.

അതുകൊണ്ടുതന്നെയാവണം തെരഞ്ഞെടുപ്പില്‍ അഴിമതി നടന്നുവെന്ന മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ (ബിഎന്‍പി) ആരോപണത്തില്‍ കഴമ്പുേണ്ടായെന്ന് രാജ്യത്തിന് പുറത്ത് പലര്‍ക്കും സംശയം തോന്നിയത്. പക്ഷേ, അവാമി ലീഗ് നേതാവ് ഷെയ്ക്ക് ഹസീനയ്ക്ക് പ്രസ്തുത ചിന്താഗതിയോട് യോജിപ്പുണ്ടെന്ന് തോന്നുന്നില്ല. ഇതിന് ഉത്തരവാദി ബിഎന്‍പി നേതൃത്വം തന്നെയാണെന്നാണ് അവര്‍ കരുതുന്നത്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നു. ”’ശരിക്കൊരു പോരാട്ടം നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് മാത്രമേയുള്ളു. അവരുടെ അക്രമരാഷ്ട്രീയത്തോട് ജനങ്ങള്‍ക്ക് യോജിപ്പ് ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.”
എന്നാല്‍ പ്രതിപക്ഷത്തിന് 20 – 30 സീറ്റെങ്കിലും കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നുവെന്നാണ് ഡല്‍ഹിയിലുള്ള ഗവേഷണ വിദഗ്ധയായ സ്മൃതി പട്‌നായിക്കിന്റെ അഭിപ്രായം. ”ഈ മത്സരം തികച്ചും ഏകപക്ഷീയമായിപ്പോയി. ഒരു പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ഭാവിക്ക് ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.” അവര്‍ ചൂണ്ടിക്കാട്ടി: ”പാകിസ്ഥാനിലെ തെരഞ്ഞെടുപ്പ് പട്ടാളത്തിന്റെ മേല്‍നോട്ടത്തിലായിരുന്നെങ്കിലും അവിടെ ഒരു പ്രതിപക്ഷമുണ്ടല്ലൊ.” ബംഗ്ലാദേശ് ഒരു ഏകകക്ഷി ഭരണത്തിലേക്കാണോ നീങ്ങുന്നതെന്ന് തോന്നിയേക്കുമെന്ന് അവാമി ലീഗിനെ പിന്തുണയ്ക്കുന്ന ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനും അഭിപ്രായപ്പെട്ടിട്ടുണ്ട്.

അവാമി ലീഗ് ഭരണത്തിന്റെ ജനോപകാര നടപടികള്‍ സാധാരണക്കാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് ബിഎന്‍പിക്കാരനായ സെയ്ദുള്‍ ഇസ്‌ലാം പ്രസ്താവിച്ചിട്ടുള്ളതും ശ്രദ്ധിക്കേണ്ടതാണ്. അരയ്ക്കുതാഴെ തളര്‍വാദം പിടിപെട്ട് കിടപ്പിലായ തന്റെ അമ്മയും അങ്ങനെ പറഞ്ഞെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഡാക്കാ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഇംതിയാസ് അഹമ്മദിന്റെ അഭിപ്രായവും ഇതുതന്നെയായിരുന്നു. ആദ്യ മണിക്കൂറുകളിലെ ഭാരിച്ച പോളിങ് അവാമി ലീഗ്കാരെ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്നും പ്രൊഫ. അഹമ്മദ് പറഞ്ഞിരുന്നു. തങ്ങളുടെ പാര്‍ട്ടിക്കാരുടെ അവസാനത്തെ വോട്ടും പോള്‍ ചെയ്യിച്ചതുകൊണ്ടാണ് പോളിങ് ശതമാനം വളരെ കൂടിയതെന്നും അദ്ദേഹത്തിന് വാദമുണ്ട്. അതില്ലാതെതന്നെ അവാമി ലീഗിന്റെ വിജയം സുനിശ്ചിതമായിരുന്നുവെന്നും കൂടി പ്രൊഫ. അഹമ്മദ് അഭിപ്രായപ്പെടുകയുണ്ടായി.
പതിനൊന്ന് വിദേശ പത്രപ്രവര്‍ത്തകരുടെയും മറ്റനവധി വിദേശ നിരീക്ഷകരുടെയും സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന നല്‍കിയ വിശദീകരണവും ഇതുതന്നെയാണ്. ബംഗ്ലാദേശിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ സംഖ്യ 40 ല്‍ നിന്ന് 21 ശതമാനമായി താഴ്ത്താന്‍ കഴിഞ്ഞിട്ടുള്ള കാര്യവും ഷെയ്ക്ക് ഹസീന ഈ സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ബംഗ്ലാദേശിലെ ജനങ്ങളുടെ ആളോഹരി വരുമാനത്തിലുണ്ടായ വര്‍ധനവിലേക്കും പ്രധാനമന്ത്രി എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണത്തെപ്പറ്റി ചോദിച്ചപ്പോള്‍ അത് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സര്‍വാധികാരങ്ങളുമുണ്ടെന്നായിരുന്നു അവരുടെ മറുപടി. കമ്മിഷന്‍ അത് പരിശോധിക്കാന്‍ തയ്യാറാവുകയും ചെയ്തിരുന്നു. 40,000 ബൂത്തുകളില്‍ 22 ഇടങ്ങളില്‍ മാത്രമാണ് പുതിയ വോട്ടെടുപ്പ് നടത്തേണ്ടിവന്നത്. ഔദ്യോഗികമായി ആരില്‍ നിന്നും കൂടുതല്‍ പരാതികളൊന്നും ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥനായ റഫി അല്‍ ഇസ്‌ലാം വ്യക്തമാക്കിയിട്ടുമുണ്ട്.

1991 ല്‍ പ്രധാനമന്ത്രിയായിരുന്ന ബീഗം ഖലീദാ സിയയുടെ ബിഎന്‍പി ഇത്തവണ തെരഞ്ഞെടുപ്പിനെ ഗൗരവമായി എടുത്തിരുന്നില്ലെന്നതാണ് വാസ്തവം. നിലവില്‍ പ്രധാനമന്ത്രിയായിരുന്ന ഷെയ്ക്ക് ഹസീനക്കെതിരായി മത്സരിച്ച ബിഎന്‍പി സ്ഥാനാര്‍ഥിക്ക് കിട്ടിയത് വെറും 123 വോട്ടു മാത്രമാണെന്ന് പറയുമ്പോള്‍തന്നെ ഇക്കാര്യം സ്പഷ്ടമാകും. ഹസീനയ്ക്ക് കിട്ടിയത് 2,29,534 വോട്ടും മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ ജമാത്ത് എ – ഇസ്‌ലാമിയാകട്ടെ മത്സരിച്ച 23 സീറ്റുകളില്‍ നിന്നും അവരുടെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കുകയാണ് ചെയ്തത്. ബിഎന്‍പിക്ക് മിക്ക പോളിങ് ബൂത്തുകളിലും ഏജന്റുമാര്‍ ഉണ്ടായിരുന്നുമില്ല. ബിഎന്‍പി നേതാവ് ഖലീദാ സിയയും മറ്റു ചില പ്രമുഖരും അഴിമതിക്കേസുകളിലും മറ്റുംപെട്ട് ജയിലിലായിരുന്നുവെന്നത് വാശിയേറിയ മത്സരത്തിനൊരുങ്ങാന്‍ അവര്‍ക്ക് തടസമായിരുന്നുവെന്ന് വേണമെങ്കില്‍ വിശദീകരിക്കാം.
പക്ഷെ, യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. അക്രമ രാഷ്ട്രീയത്തിലൂടെ സ്വതന്ത്ര ബംഗ്ലാദേശിനെ അമേരിക്കന്‍ പാളയത്തിലെത്തിക്കാന്‍ പട്ടാള അട്ടിമറികള്‍ പലതും നടത്തിയവരുടെ ശ്രമം വിഫലമാക്കിക്കൊണ്ട് ബംഗ്ലാദേശിന്റെ രാഷ്ട്ര ശില്‍പിയായ ഷെയ്ക്ക് മുജിബുര്‍ റഹ്മാന്റെ അനുയായികള്‍ നാടിനെ വീണ്ടും പുരോഗമനത്തിന്റെ പാതയിലെത്തിക്കുന്നതില്‍ വിജയിച്ചു. അതോടെ പതിനായിരങ്ങളുടെ ജീവന്‍ ബലികഴിച്ചും നാടിന്റെ സ്വാതന്ത്ര്യം നേടിയെടുത്ത ജനസമൂഹം അവാമി ലീഗിന്റെ പിന്നില്‍ അണിനിരന്നതോടെയാണ് മറ്റു വര്‍ഗീയ കക്ഷികളെല്ലാം നാമാവശേഷമായത്. ഇത് മനസിലാക്കാന്‍ ബംഗ്ലാദേശിന്റെ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കേണ്ടിവരും.

1947 ഓഗസ്റ്റ് 14നും 15നുമായി ഇന്ത്യയും പാകിസ്ഥാനും രണ്ടു വിഭിന്ന രാഷ്ട്രങ്ങളായി മാറിയപ്പോള്‍ ബംഗ്ലാദേശ് എന്ന് വിവക്ഷിക്കുന്ന കിഴക്കന്‍ ബംഗാള്‍ ആയിരം മൈല്‍ അകലെയുള്ള പാകിസ്ഥാന്റെ ഭാഗമായിരുന്നു. കിഴക്കന്‍ ബംഗാള്‍ ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണെന്നല്ലാതെ പാകിസ്ഥാനുമായി ഭാഷാപരമായോ സാംസ്‌കാരികമായോ യാതൊരു പൊരുത്തവുമുണ്ടായിരുന്നില്ല. ബംഗാളി ഭാഷയില്‍ അഭിമാനം കൊണ്ടിരുന്ന കിഴക്കന്‍ ബംഗാളിലെ ജനങ്ങളുടെ മേല്‍ ഉര്‍ദു അടിച്ചേല്‍പ്പിക്കാനും ആ മേഖലയെ ഒരു കോളനിയെന്നപോലെ പട്ടാള ഭരണത്തിന്‍ കീഴിലാക്കാനുമുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്കും ആധിപത്യത്തിനുമെതിരെ ജനങ്ങള്‍ ഒന്നടങ്കം പല്ലും നഖവും ഉപയോഗിച്ചെന്നപോലെയാണ് പോരാട്ടം നടത്തിയത്.

മുജിബുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ അവാമി ലീഗ് നടത്തിയ ഈ വിമോചനസമരം അതിന്റെ പാരമ്യത്തിലെത്തിയത് 1971ലാണ്. അപ്പോഴേക്ക് അത് ഒളിപ്പോരിന്റെ നിലയില്‍ നിന്ന് ഒരു തുറന്ന യുദ്ധമായി മാറിയിരുന്നു. ഇതില്‍ അവര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടല്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായവും ലഭിച്ചിരുന്നു. അങ്ങനെയാണ് അക്കൊല്ലം ഡിസംബര്‍ 16നു ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാഷ്ട്രമായി മാറിയത്. മുജിബുര്‍ റഹ്മാന്‍ പ്രധാനമന്ത്രിയാവുകയും ചെയ്തു. വിമോചന സമരത്തിലെന്നപോലെ സാമ്പത്തിക പുനര്‍നിര്‍മാണത്തിലും ബംഗ്ലാദേശിന് ഇന്ത്യയുടെയും സോവിയറ്റ് യൂണിയന്റെയും എല്ലാവിധ ഒത്താശകളും ലഭിച്ചു.

പക്ഷെ, പാകിസ്ഥാനും അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യശക്തികളും ഈ ഭരണത്തെ അട്ടിമറിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. 1975 ഓഗസ്റ്റ് 15ന് ബംഗ്ലാദേശ് പട്ടാളത്തിലെ മേജര്‍ ജനറല്‍ സിയാവൂര്‍ റഹ്മാനും സംഘവും ചേര്‍ന്ന് അര്‍ദ്ധരാത്രിയുടെ മറവില്‍ മുജിബുര്‍ റഹ്മാന്‍ ഉള്‍പ്പെടെ കുടുംബത്തെ ഒന്നടങ്കം വെടിവച്ച് കൊലപ്പെടുത്തിയതോടെ ആ ദൗത്യം വിജയകരമായി നടപ്പിലാക്കപ്പെട്ടു. വിദേശത്തായിരുന്നതുകൊണ്ടാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി ഹസീനയും ഒരു ഇളയ സഹോദരനും രക്ഷപ്പെട്ടത്. ഷെയ്ക്ക് കുടുംബത്തിന്റെ കൂട്ടക്കൊല സംഘടിപ്പിച്ച പട്ടാള മേധാവിതന്നെ മാസങ്ങള്‍ക്കുശേഷം പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തു. അദ്ദേഹവും 1981ല്‍ കൊല്ലപ്പെട്ടതോടെ മറ്റൊരു പട്ടാളമേധാവിയായ എര്‍ഷാദിനാണ് ഭരണസാരഥ്യം കൈവന്നത്. 1990 ല്‍ ആ വീരന്‍ അറസ്റ്റിലായപ്പോഴാണ് ആദ്യം കൊല്ലപ്പെട്ട ജനറലിന്റെ ഭാര്യ ഖലീദാ സിയ 1991ല്‍ ഒരു തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രി പദത്തിലെത്തിയത്. അഞ്ചു കൊല്ലത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായി ജനങ്ങള്‍ ഏതാണ്ട് ഒന്നടങ്കം ബഹുമാനിച്ചിരുന്ന മുജിബുര്‍ റഹ്മാന്റെ പുത്രി ഹസീന ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അനന്തരാവകാശിയായി രാജ്യഭരണത്തിന്റെ തലപ്പത്തെത്തുന്നത്. അടുത്ത തവണ ഖലീദ സിയ വീണ്ടും വിജയിച്ചെങ്കിലും തുടര്‍ന്നുള്ള മൂന്നു തവണകളായി ഹസീന തന്നെയാണ് ജയിച്ചുകൊണ്ടിരിക്കുന്നത്. സര്‍വസമ്മതമായെന്നപോലെയുള്ള അവരുടെ വിജയത്തില്‍ ആശ്ചര്യപ്പെടേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടാനാണ് 47 സംവത്സരക്കാലത്തെ ബംഗ്ലാദേശിന്റെ ചരിത്രം സംക്ഷിപ്തമായെങ്കിലും വിവരിക്കേണ്ടിവന്നത്.

പാശ്ചാത്യ പിന്തുണയുള്ള ഒരു ഭരണാധികാരി അല്ലാത്തതുകൊണ്ടാണ് ഷെയ്ക്ക് ഹസീനയ്ക്ക് തെരഞ്ഞെടുപ്പ് തട്ടിപ്പെന്ന അപവാദത്തിന് ഇരയാകേണ്ടിവന്നത്. വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസിനും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന മഡ്യൂറൊയ്ക്കും ഇതേ പാശ്ചാത്യ പുലയാട്ട് കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. അരനൂറ്റാണ്ടുകാലം ക്യൂബന്‍ പ്രസിഡന്റായിരുന്ന കാസ്‌ട്രോയെപ്പറ്റിയും ഒരു നല്ല വാക്ക് പറയുകയെന്ന ‘അപരാധം’ അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ബൊളിവിയയില്‍ തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരിക്കുന്ന ഇവൊ മൊറാല്‍സ് എന്ന ആദ്യത്തെ ആദിവാസി പ്രസിഡന്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നിക്കരാഗ്വയില്‍ ഏതാണ്ട് അര നൂറ്റാണ്ടുകൊല്ലം ഏകാധിപത്യവാഴ്ച നടത്തിയ സമോസ കുടുംബക്കാര്‍ അമേരിക്കയുടെ കണ്ണിലുണ്ണികളായിരുന്നു. എന്നാല്‍ അവരെ അട്ടിമറിച്ച് സാന്‍ഡിനിസ്റ്റ വിപ്ലവകാരികളുടെ നേതാവ് ഒര്‍ട്ടേഗ മൂന്നു പ്രാവശ്യം തുടര്‍ച്ചയായി ജയിച്ചപ്പോള്‍ അവര്‍ക്കത് സഹിക്കാനായില്ല. ഒര്‍ട്ടേഗയെ താഴെയിറക്കുന്നതുവരെ അമേരിക്കയുടെയും മറ്റും അസഹിഷ്ണുത നിലനിന്നു. പക്ഷെ, 2006ല്‍ ഒര്‍ട്ടേഗ വീണ്ടും ഭരണത്തില്‍ വന്നപ്പോഴും പാശ്ചാത്യരുടെ എതിര്‍പ്പ് രൂക്ഷമായി.
പാശ്ചാത്യര്‍ക്ക് പ്രിയമുള്ളവര്‍ എത്രകാലം അധികാരത്തിലിരുന്നാലും കുഴപ്പമില്ലെന്ന് ചൂണ്ടിക്കാണിക്കാനാണ് ഈ ചരിത്രം ഇവിടെ എഴുതിച്ചേര്‍ത്തത്.

ബംഗ്ലാദേശിലെ അവാമി ഭരണത്തോടുള്ള വിപ്രതിപത്തിയാണ് അവര്‍ വീണ്ടും ജയിച്ചുവരുമ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് ഇപ്പറഞ്ഞതില്‍ നിന്ന് സ്പഷ്ടമാകുമെന്ന് കരുതുന്നു.

Related News