Loading ...

Home National

അഭിഭാഷകരെ; ‘ഭരണഘടനയുടെ കാവലാളാവുക നാം’

അഡ്വ.സി ബി സ്വാമിനാഥന്‍

നമ്മുടെ രാഷ്ട്രത്തിന്റെ പരമാധികാരം ഇന്ത്യന്‍ ഭരണഘടനയിലാണ് നിക്ഷിപ്തമായിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന ഭാരതത്തിന്റേതാണ്. ജനങ്ങള്‍ രൂപംകൊടുത്ത ജനകീയ ഭരണഘടനയാണ് നമ്മുടേത്. 395 വകുപ്പുകള്‍ ഉള്ള നമ്മുടെ. ഭരണഘടന രാജ്യത്തിന്റെ പരമോന്നത നിയമമാണ്. രാജ്യത്തെ നയിക്കുന്നതിനുള്ള അടിസ്ഥാന നിയമങ്ങള്‍ അടങ്ങുന്ന രേഖയാണ് ഭരണഘടന. 1949 ജനുവരി 26 നാണ് ഭരണഘടനാനിര്‍മ്മാണ സമിതി നമ്മുടെ ഭരണഘടനക്ക് അംഗീകാരം നല്‍കിയത്. 1950 ജനുവരി മുതല്‍ നിലവില്‍ വന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റ് പാസാക്കിയ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് ആണ് ഭരണഘടനയെ സ്വാധീനിച്ച കാതലായ നിയമം.

പാര്‍ലമെന്ററി ഭരണസംവിധാനം ബ്രിട്ടണില്‍ നിന്നും മൗലികാവകാശങ്ങള്‍ അമേരിക്കയില്‍ നിന്നും നിര്‍ദ്ദേശകതത്വങ്ങള്‍ അയര്‍ലന്റില്‍ നിന്നും അധികാരവിഭജനം കാനഡയില്‍ നിന്നും സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ ആശയങ്ങള്‍ ഫ്രാന്‍സില്‍നിന്നും പഞ്ചവത്സര പദ്ധതികള്‍ സോവിയറ്റ് യൂണിയനില്‍നിന്നും സുപ്രീം കോടതി ആശയങ്ങള്‍ ജപ്പാനില്‍നിന്നും നാം സ്വീകരിച്ചതാണെങ്കിലും നമ്മുടെ ഭരണഘടന ഇന്ത്യന്‍ ജനതയുടെ ഹൃദയതുടിപ്പുകളില്‍നിന്ന് ഉയര്‍ന്ന് വന്നിട്ടുള്ളതാണ്. രണ്ട് വര്‍ഷവും 17 മാസവും 11 ദിവസവും എടുത്താണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി കരട് പ്രസിദ്ധീകരിച്ചത്. 15 വനിതകള്‍ ഉള്‍പ്പെടെ 284 അംഗങ്ങളാണ് നമ്മുടെ ഭരണഘടനയില്‍ ഒപ്പ് വച്ചിട്ടുള്ളത്. ഒരു പരമാധികാര റിപ്പബ്ലിക് ആണ് എന്നത്, 1976 ലെ 42-ാം ഭേദഗതിയിലൂടെ ഇന്ത്യയെ പരമാധികാര സ്ഥിതി സമത്വ മതേതര റിപ്പബ്ലിക്കായി മാറ്റി. മതേതരത്വം എന്ന വാക്കിന് ഇന്ത്യന്‍ ഭരണഘടനയില്‍ നിര്‍വ്വചനം ഇല്ല. കാരണം നമ്മുടെ രാജ്യത്തിന് ഒരു ഔദ്യോഗിക മതമില്ല. ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഏതൊരുപൗരനും മതനിഷ്ഠക്കും അനുഷ്ഠാനത്തിനും വിശ്വാസത്തിനും പൂര്‍ണ്ണമായ സ്വാതന്ത്യമുണ്ട്. മതനിരപേക്ഷതയാണ് നമ്മുടെ ലക്ഷ്യം.

ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനുമുള്ള അവകാശമാണ് മൗലിക അവകാശം. ഭരണഘടനയുടെ മൂന്നാം ഭാഗമാണ് മൗലിക അവകാശം. സമത്വത്തിനും തുല്യതക്കുള്ള അവകാശം ആര്‍ട്ടിക്കിള്‍ 14 മുതല്‍ 18 വരേയും സ്വാതന്ത്ര്യത്തിനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 19 ഉം ചൂഷണത്തിനെതിരെയുള്ള അവകാശം 22, 23 ആര്‍ട്ടിക്കിളുകളിലും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം 25 മുതല്‍ 28 വരേയും സാംസ്‌കാരിക- വിദ്യാഭ്യാസ അവകാശങ്ങള്‍ 29,30 കളിലും വ്യക്തമാക്കുന്നു. മൗലീകാവകാശ സംരക്ഷണത്തിന് ആര്‍ട്ടിക്കിള്‍ 32 പ്രകാരം സുപ്രീം കോടതിയിലും ആര്‍ട്ടിക്കിള്‍ 222 പ്രകാരം ഹൈക്കോടതികളിലും പരാതി നല്‍കി പരിഹാരം കണ്ടെത്താനാകും. മൗലീകാവകാശങ്ങള്‍ ഭരണഘടനയുടെ ജീവവായുവാണ്.
ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് നിര്‍ദ്ദേശക തത്വങ്ങള്‍. മൗലീകാവകാശം സംരക്ഷിക്കാന്‍ പൗരന് ജുഡീഷ്യറിയെ സമീപിക്കാം, എന്നാല്‍ നിര്‍ദ്ദേശക തത്വങ്ങള്‍ക്ക് ആയത് സാദ്ധ്യമല്ല. പൗരന്റെ കടമകളെക്കുറിച്ച് വ്യക്തമാക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 51. ഭരണഘടനയെ അനുസരിക്കുക എന്നത് ഓരോ പൗരന്റേയും പ്രധാന ഉത്തരവാദിത്തമാണ്. സംയുക്തവ്യവസ്ഥ ഭരണഘടനയുടെ പ്രത്യേകതയാണ്. ഭരണഘടനയുടെ 7-ാം പട്ടിക പ്രകാരം യൂണിയന്‍ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കണ്‍കറണ്ട് ലിസ്റ്റ് എന്നിങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു. വിദേശം, പ്രതിരോധം, റയില്‍വേ എന്നിങ്ങനെ 97 വിഷയങ്ങള്‍ യൂണിയന്‍ ലിസ്റ്റിലും ക്രമസമാധാനം തദ്ദേശസ്വയംഭരണം എന്നിങ്ങനെ 66 വിഷയങ്ങള്‍ സ്റ്റേറ്റ് ലിസ്റ്റിലും 47 വിഷയങ്ങള്‍ കണ്‍കറണ്ട് ലിസ്റ്റിലും ഉണ്ട്.

നമ്മുടെ ഭരണഘടനയുടെ സവിശേഷതകളും പ്രാധാന്യവും അടങ്ങിയ ആമുഖ വിവരണം, വര്‍ത്തമാനകാലത്തില്‍ ഓരോ പൗരനും തികഞ്ഞ ജാഗ്രതയോടെ നമ്മുടെ ഭരണഘടനയുടെ സംരക്ഷണം ഏറ്റെടുക്കേണ്ട പ്രാധാന്യം വിശദീകരിക്കുന്നു. ജനാധിപത്യവും മതേതരത്വവും സത്യം നീതി സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ജനതയുടെ പുതിയ സമരമുഖങ്ങള്‍ തുറക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ സുതാര്യതക്കും വിശ്വാസ്യതക്കും അടുത്തകാലത്തായി കനത്ത മങ്ങലേറ്റിരിക്കുന്നു. ഒരു ജനതയുടെ നൈതികബോധം യശസ്സുയര്‍ത്തുന്നത് നീതിന്യായ സംവിധാനത്തിന്റെ വിജയത്തിലാണ്. തുല്യതയാണ് നമ്മുടെ ജീവിത മുഖമുദ്ര. മനുഷ്യാവകാശങ്ങള്‍ക്ക് പ്രാണവായുവിന്റെ പരിഗണനയാകണം നമ്മുടെ ന്യായാധിപന്‍മാര്‍ നല്‍കേണ്ടത്. സ്വതന്ത്രവും ശക്തവും നിഷ്പക്ഷവും കുറ്റമറ്റതുമായ ജുഡീഷ്യല്‍ സംവിധാനം നിലനിര്‍ത്തുവാന്‍ ഓരോ പൗരനും പ്രതിബദ്ധരായിരിക്കണം.
ഒരുപാട് കറുത്ത അദ്ധ്യായങ്ങളുടെ കലവറയായി ജുഡീഷ്യറി മാറുന്നു എന്നത് തികച്ചും വേദനാകരമാണ്. ജസ്റ്റിസ് ലോയ കേസിന്റെ വിചാരണ നടപടികളും വിധിയുമെല്ലാം സാധാരണ ജനങ്ങളില്‍ ജുഡീഷ്യറിയെക്കുറിച്ച് നിഷ്പക്ഷത സങ്കല്‍പത്തിന് ആഘാതം ഏല്‍പ്പിച്ചിട്ടുണ്ട്. ഫാസിസ്റ്റ് അധിനിവേശം ജുഡീഷ്യറിയിലും കടന്നുവരുന്നു. ജുഡീഷ്യറിയിലും സിബിഐയിലും റിസര്‍വ്വ്ബാങ്കിലുമെല്ലാം മോഡിഭരണകൂടത്തിന്റെ അധിനിവേശം ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ സംഘപരിവാരങ്ങളുടെ പൂജനീയന്‍മാര്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ അമരത്ത് നടത്തിയ അധിനിവേശത്തിന്റെ ആഴവും പരപ്പും മനസിലാക്കിയിട്ടാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ക്ക് ജനങ്ങളോട് കാര്യങ്ങള്‍ തുറന്ന് പറയേണ്ടിവന്നത്. ആദരണീയനായ ജസ്റ്റിസ് കുര്യന്‍ ജോസഫ് റിട്ടയര്‍ചെയ്തതിന്‌ശേഷം നടത്തിയ വെളിപ്പെടുത്തലുകളില്‍ ചീഫ്ജസ്റ്റിസായിരുന്ന ദീപക്മിശ്രയുടെ ചെയ്തികളിലെ നെറികേടുകള്‍ കേട്ട് നാടിനുണ്ടായ നാണക്കേടുകള്‍ ഇനിയും മാറിയിട്ടില്ല. ഇന്ത്യയില്‍ ചീഫ്ജസ്റ്റിസിന്റെ പദവിക്ക് വലിയ വിലയും ബഹുമാനവും കല്പിക്കുന്നതാണ്. ഭരണകൂടത്തിന്റെ കൈവഴിയിലെ കാവല്‍ക്കാരനല്ല ന്യായാധിപന്‍ എന്നു മനസിലാക്കുവാന്‍ ജസ്റ്റിസ് ദീപക് മിശ്രക്ക് കഴിഞ്ഞില്ല സുപ്രീം കോടതിയുടെ ഭരണസംവിധാനം കുത്തഴിഞ്ഞുവെന്ന് തുറന്ന് പറയുന്നത് എത്രത്തോളം ഉത്കണ്ഠ ജനങ്ങളില്‍ സൃഷ്ടിക്കുന്നുവെന്ന് മനസിലാക്കേണ്ടതുണ്ട്.
സ്വതന്ത്രവും നിഷ്പക്ഷവും നിര്‍ഭയവുമായ നീതിന്യായ സംവിധാനമാണ് നമ്മുടേത്. നീതി നടപ്പാക്കുന്നുവെന്ന് ജനത്തിനെ ബോദ്ധ്യപ്പെടുത്തേണ്ടത് ന്യായാധിപന്‍മാരുടെ പരമപവിത്രമായ കടമയാണ്. ഭരണാധികാരികളുടെ താളമേളങ്ങള്‍ക്കനുസരിച്ച് നൃത്തംചവിട്ടുന്നത് ജുഡീഷ്യറിയുടെ അന്തസിനും അഭിമാനത്തിനും ഭൂഷണമല്ല. ഭരണഘടനയുടെ ഏറ്റവും വലിയ സംരക്ഷകന്‍ സുപ്രീം കോടതിയാണ് എന്നത് ഓരോ പൗരനും രാഷ്ട്രം നല്‍കുന്ന സംരക്ഷിത കവചമാണ്. ജഡ്ജിമാര്‍ സാമൂഹ്യപ്രതിബദ്ധത കാണിക്കണമെന്നുള്ളത് ഭരണഘടനയുടെ ധാര്‍മികതയിലൂന്നിയ വിഷയമാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നുള്ളത് ഭരണാധികാരികളില്‍നിന്നുള്ള സ്വാതന്ത്ര്യമാണ് എന്ന പരമപ്രധാനമായ കാര്യം നമ്മുടെ ന്യായാധിപന്‍മാര്‍ മറന്നുപോകുന്നു എന്നുള്ളത് അടുത്തകാലത്തെ എണ്ണമറ്റ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്.  ഒരുന്യായാധിപന്‍ ഭരണഘടന തന്നിലര്‍പ്പിച്ചിട്ടുള്ള ചുമതലയാണ് നിറവേറ്റേണ്ടത്. വ്യക്തിപരമോ രാഷ്ട്രീയമോ അധാര്‍മികമോ കക്ഷിബന്ധങ്ങളോ യാതൊന്നും ന്യായാധിപനെ സ്വാധീനിക്കരുത്. ജുഡീഷ്യറിയുടെ ശക്തി എന്നുള്ളത് നിഷ്പക്ഷവും നിര്‍ഭയവും സ്വതന്ത്രവുമായ നീതിന്യായത്തിന്റെ നടത്തിപ്പിനെയാണ് വിവക്ഷിക്കുന്നത്. നിലവിലെ നിയമങ്ങളും മുന്‍കാല വിധികളും ഭരണഘടനാ മൂല്യങ്ങളുമാണ് നീതിപതികള്‍ ആധാരമാക്കേണ്ടത്. നിയമജ്ഞന്‍മാര്‍ അധികാരികളില്‍നിന്ന് അകന്ന് നില്‍ക്കണമെന്നുള്ളത് പ്രാഥമിക കര്‍ത്തവ്യമായി കാണണം. ന്യായാധിപന്‍മാര്‍ ജനങ്ങളോടാണ് കടപ്പെട്ടിരിക്കുന്നത്. ഏതൊരുപൗരനേയും പോലെ ന്യായാധിപന്‍മാര്‍ക്കും രാഷ്ട്രീയ താല്‍പ്പര്യങ്ങളും മതവിശ്വാസങ്ങളും ധാര്‍മ്മിക വീക്ഷണങ്ങളും കാണാം. എന്നാല്‍ ആത്യന്തികമായി ന്യായാധിപന്റെ കൂറും സമര്‍പ്പണവും ഇന്ത്യന്‍ നിയമത്തിനോടും ഭരണഘടനയോടും ആയിരിക്കണം. നിയമവും നീതിനിര്‍വ്വഹണവും എല്ലാ അര്‍ത്ഥത്തിലും സ്വതന്ത്രമാകണം. ഒരുപരിധിവരെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ജനങ്ങളോട് കണക്ക്പറയേണ്ടവരാണ്. എന്നാല്‍ ന്യായാധിപന്‍മാര്‍ ജനങ്ങളോട് കടപ്പെട്ടവരാകണം, മറിച്ച് കണക്കുപറയേണ്ടവരല്ല എന്നുള്ളതാണ് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ മുഖമുദ്ര. ജഡ്ജിമാര്‍ ന്യായസംഗതികളില്‍ ശരിയേത് തെറ്റേത് എന്ന് വിലയിരുത്തുമ്പോള്‍ തെളിവുകളും നിയമവുമാകണം അടിസ്ഥാനതത്വം. അതിനുമുകളിലായി സ്വന്തം ശരികള്‍ പ്രതിഷ്ഠിക്കുവാന്‍ ഒരു ന്യായാധിപന്‍ ശ്രമിച്ചാല്‍ ആയത് അധികാരദുര്‍വിനിയോഗം മാത്രമാണ്.

ജുഡീഷ്യറി എക്‌സിക്യൂട്ടിവിനോടൊപ്പം യാത്രചെയ്യേണ്ട സഹയാത്രികയല്ല. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ട് പരിഹാരം കാണേണ്ടതുമല്ല. അങ്ങനെ വിലയിരുത്തുന്നത് നീതിനിര്‍വ്വഹണത്തിന്റെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തും. ജുഡീഷ്യറിയെ ജനം അമിതമായി ആശ്രയിക്കുന്ന പക്ഷം ന്യായാധിപന്‍മാരില്‍ ഭരണകര്‍ത്താക്കളുടെ സ്വഭാവം ഉടലെടുക്കും. കൊതുകുകളെ കൊന്ന് നിയമം നടപ്പിലാക്കണമെന്നും എല്ലാ സിനിമാതിയേറ്ററുകളിലും ദേശീയഗാനം പാടുമ്പോള്‍ രാജ്യസ്‌നേഹത്തിന്റെ കയ്യൊപ്പ് പതിയണമെങ്കില്‍ ജനങ്ങള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള വിധികളെല്ലാം ഭരണാധികാരികള്‍ ആകാനുള്ള വ്യഗ്രതയാണ് വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടിലെ വിദ്യാര്‍ഥികളെല്ലാം തിരുക്കുറള്‍ പഠിച്ചിരിക്കണമെന്ന കാര്യവും മറ്റൊന്നുമല്ല നമ്മെ പഠിപ്പിക്കുന്നത്. ഇപ്രകാരം ന്യായാധിപന്‍മാര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ നീതിന്യായകോടതികള്‍ക്ക് പകരം ഭരണനിര്‍വ്വഹണകോടതികള്‍ രൂപപ്പെടും. ആയത് ഭരണഘടന അനുശാസിക്കുന്നതല്ല. മറിച്ച് ഭരണഘടനാവിരുദ്ധവുമാണ്.

ഇന്ത്യന്‍ ജുഡീഷ്യറിയുടെ മഹത്തായ പാരമ്പര്യത്തിലേക്ക് തിരികെ പോകേണ്ടത് അടിയന്തരകാര്യമാണ്. കൃത്യമായ ലക്ഷ്യബോധമില്ലാതെ പുറപ്പെടുവിക്കുന്ന വിധികളും വിധിന്യായങ്ങളും മാറ്റി നിര്‍ത്തപ്പെടണമെങ്കില്‍ ജുഡീഷ്യല്‍ കള്‍ച്ചര്‍ വീണ്ടും ഉയര്‍ത്തികൊണ്ട് വരേണ്ടതുണ്ട്. നിയമത്തിന്റെയും തെളിവുകളുടേയും ഭരണഘടനാപരമായ ചുമതലകളുടേയും അടിസ്ഥാനത്തില്‍ വിധിന്യായം എഴുതുന്നുവെങ്കില്‍ മാത്രമേ അവരും നീതിന്യായ സംരക്ഷണത്തിന്റെ പാതയിലാണെന്ന് ജനങ്ങള്‍ക്ക് ഉത്തമമായി ബോദ്ധ്യപ്പെടുകയുള്ളൂ.
ദേശീയ സ്വാതന്ത്ര്യസമരത്തില്‍ അഭിഭാഷകര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ഗാന്ധിജി, നെഹ്രു, രാജഗോപാലാചാരി, രാജേന്ദ്രപ്രസാദ്, ഗോവിന്ദ വല്ലഭപാന്ത് തുടങ്ങിയ മഹാരഥന്‍മാരുയര്‍ത്തിയ അഭിഭാഷകരുടെ ധീരമായ പാരമ്പര്യവും മഹത്വവും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ എന്നുമെന്നും നിറഞ്ഞുനില്‍ക്കുന്നതാണ്. എന്നാല്‍ ഭൂതകാല പെരുമകളെയോര്‍ത്ത് പുളകം കൊള്ളുവാന്‍ ആധുനിക ഇന്ത്യയിലെ അഭിഭാഷകര്‍ക്ക് കഴിയുമോ എന്ന ആശങ്ക വളരെ വലുതാണ്. ഭരണഘടനയുടെ കാവലാളായി ഓരോ അഭിഭാഷകനും മാറേണ്ടതുണ്ട്.
ഭരണഘടന സംരക്ഷിക്കാനുള്ള ദേശവ്യാപക പോരാട്ടങ്ങള്‍ക്ക് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് രൂപം നല്‍കിയിട്ടുണ്ട്. ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ ഇനിയും ഒട്ടേറെ സമരപഥങ്ങളിലൂടെ അഭിഭാഷകര്‍ക്ക് സഞ്ചരിക്കേണ്ടതുണ്ട്. ഭരണഘടനയുടെ കാവലാളാകുവാന്‍ ഓരോ അഭിഭാഷകനും അണിചേരേണ്ടത് ഈ കാലഘട്ടം നമ്മിലേല്‍പ്പിക്കുന്ന കര്‍ത്തവ്യം മാത്രമാണ്.

Related News