Loading ...

Home cinema

മുസ്‌ലിം നാമധാരിയായ നടന്റെ പ്രതിമയ്ക്ക് വിലക്ക്

പല്ലിശ്ശേരി
മലയാളസിനിമയിലെ നിത്യഹരിത നായകനും മതേതരവാദിയുമായിരുന്ന പ്രേംനസീര്‍ വിട്ടുപിരിഞ്ഞിട്ട് ജനുവരി 16ന് 30 വര്‍ഷം തികയുന്നു. മുസ്‌ലിം സമുദായത്തിലാണ് അദ്ദേഹം ജനിച്ചതെങ്കിലും സിനിമയില്‍ അറിയപ്പെട്ടത് ആ പേരിലല്ല. ജീവിതാവസാനം വരെ പ്രേംനസീര്‍ എന്ന പേരിലാണ് ജീവിച്ചതും അഭിനയിച്ചതും. ഏവര്‍ക്കും സ്‌നേഹം കൊടുത്തും സഹായം നല്‍കിയുമാണ് ജീവിച്ചത്. താന്‍ സഹായിച്ചവരുടെ ജാതിയോ മതമോ വലിപ്പച്ചെറുപ്പമോ ഒന്നും അദ്ദേഹം നോക്കിയിരുന്നില്ല. അതുപോലെ പ്രേംനസീര്‍ മലയാളസിനിമയില്‍ സജീവമായി നിന്നത് ഒരു മതത്തിന്റെയും പ്രതിനിധിയായിട്ടല്ല.

ഇത്രയും എഴുതാന്‍ കാരണം, അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ നടന്ന ബഹളങ്ങളെക്കുറിച്ച് സൂചിപ്പിക്കാനാണ്. ആലപ്പുഴയില്‍ പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കുന്നതിനു സംസ്ഥാന ഗവണ്‍മെന്റ് 10 ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍ ഏതാനും വര്‍ഗീയവാദികള്‍ ഇതിനെതിരെ രംഗത്തുവരികയും പ്രതിമ സ്ഥാപിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് വ്യംഗ്യംതരേണ സൂചിപ്പിക്കുകയും ചെയ്തു.

ഈ അടുത്തകാലത്ത് ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപം നിര്‍മിച്ച സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമക്ക് കോടാനുകോടികളാണ് ചെലവഴിച്ചത്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയുടെ ഉയരം 182 മീറ്റര്‍ ആണ്. ഇതിനെതിരെ ഒരൊറ്റ വര്‍ഗീയവാദിയും ശബ്ദമുയര്‍ത്തിയില്ല. കാരണം ഈ പ്രതിമ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ്.

ഓരോ ദിവസം കഴിയുന്തോറും മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ പീഡിപ്പിക്കാനും കൊന്നൊടുക്കാനും പാകിസ്ഥാനിലേക്ക് ടിക്കറ്റെടുത്തു കൊടുക്കാനും വ്യഗ്രത കാണിക്കുന്ന ക്രൂരന്‍മാര്‍ക്കിടയിലാണ് ഭയത്തോടെ ജനം ജീവിക്കുന്നത്. ഭരണത്തിന്റെ അന്ത്യം കുറിക്കാറായിട്ടും വേട്ടയാടല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
അതിന്റെ പ്രതിഫലനമാണ് പ്രേംനസീറിന്റെ പ്രതിമക്കെതിരെ വര്‍ഗീയവാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍. പ്രേംനസീറിന്റെ പ്രതിമ സ്ഥാപിച്ചാല്‍ ഏതെങ്കിലും സമുദായത്തെ പോറലേല്‍പ്പിക്കുന്ന കാര്യമാണെങ്കില്‍ മനസിലാക്കാമായിരുന്നു. എന്നാല്‍, പ്രേംനസീര്‍ ലോകപ്രശസ്തനായ നടനാണ്. അദ്ദേഹത്തെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ തളച്ചിടുന്നത് ശരിയല്ല.

സംസ്ഥാന ഗവണ്‍മെന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത് ചിറയിന്‍കീഴുകാരനായ അബ്ദുള്‍ഖാദര്‍ എന്ന മുസ്‌ലിം നാമധാരിയുടെ പ്രതിമയല്ല. അങ്ങനെയായിരുന്നെങ്കില്‍ മതഭ്രാന്തന്‍മാര്‍ എതിര്‍ക്കുന്നതിന്റെ കാരണം മനസിലാക്കാമായിരുന്നു. അതൊന്നുമില്ലാതെ പ്രേംനസീറിന്റെ പേരില്‍ ആവശ്യമില്ലാത്ത ഒരു കോലാഹലം ഉണ്ടാക്കേണ്ടിയിരുന്നില്ല. കലാകാരന്റെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ ഏതെങ്കിലും ഒരു സമുദായ സംഘടനക്ക് അവകാശമുണ്ടോ?
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിറയിന്‍കീഴിലെ ശാര്‍ക്കര ക്ഷേത്രത്തില്‍ താന്‍ ജനിച്ച ജാതിക്കാരുടെയും മറ്റും എതിര്‍പ്പുകളെ അവഗണിച്ചാണ് പ്രേംനസീര്‍ ആനയെ നടയിരുത്തിയത്. അന്ന് എന്തുകൊണ്ട് ഒരു മുസ്‌ലിം സംഭാവന ചെയ്ത ആനയെ ക്ഷേത്രത്തില്‍ നടയിരുത്തരുതെന്ന് പറയാന്‍ തോന്നിയോ? അന്നുള്ളവര്‍ വിവരമുള്ളവരായിരുന്നു. കാലം മാറിത്തുടങ്ങിയപ്പോള്‍ മതഭ്രാന്തന്‍മാരുടെ എണ്ണം വര്‍ധിച്ചുവന്നു. സമൂഹത്തിന് ഒരു ഗുണവും ഉണ്ടാക്കാത്ത വിഷജന്തുക്കള്‍ നാടിനു ഭാരമായിക്കൊണ്ടിരിക്കുന്നതു എല്ലാവരും മനസിലാക്കേണ്ടതാണ്.
ആനയെ നടയിരുത്തിയതിനെച്ചൊല്ലി പ്രേംനസീറിന്റെ മതത്തില്‍പെട്ടവര്‍ വിമര്‍ശിച്ചു അപ്പോള്‍ പ്രേംനസീര്‍ പറഞ്ഞു. ”എനിക്ക് കുട്ടിക്കാലത്ത് ഒരു മഹാരോഗം പിടിപെട്ടു. പല ചികിത്സകളും ചെയ്തു. എല്ലാ വൈദ്യന്‍മാരും കൈയൊഴിഞ്ഞു. ഒടുവില്‍ ഒരു വൈദ്യന്‍ ഒരു മരുന്നുകുറിച്ചു. മരുന്നുണ്ടാക്കാന്‍ ധാരാളം മുലപ്പാല്‍ വേണമായിരുന്നു. ഒടുവില്‍ ജാതിയും മതവും നോക്കാതെ അമ്മമാര്‍ നല്‍കിയ മുലപ്പാലുകൊണ്ടാണ് ഞാന്‍ രക്ഷപ്പെട്ടത്. എന്റെ ജീവന്‍ രക്ഷിച്ചത് എല്ലാ മതങ്ങളിലും പെട്ട അമ്മമാരാണ്. പിന്നെ ആരും ഒന്നും പറഞ്ഞില്ല.
അതുപോലെ പ്രേംനസീറിനെയും അദ്ദേഹത്തിന്റെ സിനിമകളേയും സ്‌നേഹിച്ചത് ജാതിയും മതവും നോക്കിയായിരുന്നില്ല. കൊച്ചിന്‍ ഹനീഫ, ബഹദൂര്‍, കെ പി ഉമ്മര്‍, സുധീര്‍, എ ടി അബു, ടി എ റസാഖ്, ടി എ റഷീദ് തുടങ്ങിയവരുടെ സിനിമകള്‍ കണ്ട് സന്തോഷിച്ചതും ജാതിയും മതവും നോക്കിയായിരുന്നില്ല.

മലയാളസിനിമയിലെ സൂപ്പര്‍സ്റ്റാറായ മമ്മൂട്ടി, ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, റഹ്മാന്‍, സിദ്ദിഖ്, അലിയാര്‍, ആസിഫ് അലി, ഫാസില്‍, നദിയമൊയ്തു, നസ്രിയ, ഉഷ, ഷംനാകാസിം, നിലമ്പൂര്‍ ആയിഷ, സീനത്ത്, ആഷിക് അബു, പി ടി കുഞ്ഞുമുഹമ്മദ്, കമല്‍, അന്‍വര്‍ റഷീദ്, സിദ്ധിഖ് തുടങ്ങി നിരവധി മുസ്‌ലിം നാമധാരികളായവര്‍ സിനിമാരംഗത്തുള്ള പ്രശസ്തരാണ്. ഇവരുടെ സിനിമകള്‍ വിജയിപ്പിച്ചത് ജാതിയും മതവും നോക്കിയല്ല. ജാതിയും മതവും നോക്കിയാണ് സിനിമ കാണുന്നതെങ്കില്‍ ഇവരുടെയൊക്കെ സിനിമ സാമ്പത്തികമായി പരാജയപ്പെടുമായിരുന്നില്ലെ.
കലാകാരന്‍മാര്‍ക്ക് ജാതിയും മതവും ഇല്ല. ഉണ്ടാകാനും പാടില്ല. അവരുടെ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഇതൊക്കെ ആവശ്യമാണെന്നു തോന്നുന്നെങ്കില്‍ കൊണ്ടുനടക്കട്ടെ.
പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കാന്‍ ഒരു ചെറിയ സംഖ്യ കൊടുത്തതിന്റെ പേരില്‍ ജാതിക്കാര്‍ഡ് ഇറക്കി ശാന്തിയും സമാധാനവും നഷ്ടപ്പെടുത്താന്‍ ആരും ശ്രമിക്കരുത്. കലാകാരന്‍മാര്‍ സ്വതന്ത്രരാണ്. അവരെ വെറുതെ വിടുക.

Related News